Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപാ നിശാന്ത് കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കോളജ് തലത്തിൽ അന്വേഷണം നടത്താഞ്ഞത് പരാതി ലഭിക്കാത്തതിനാലെന്ന് പ്രിൻസിപ്പാൾ; മാനേജ്‌മെന്റിന് എകെപിസിടിഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചും യുജിസിക്കു നൽകിയ റിപ്പോർട്ടിൽ വിശദീകരണം; പ്രിൻസിപ്പാൾ എൽ ഈശ്വരി നൽകിയ റിപ്പോർട്ട് സ്റ്റാഫ് കൗൺസിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി

ദീപാ നിശാന്ത് കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കോളജ് തലത്തിൽ അന്വേഷണം നടത്താഞ്ഞത് പരാതി ലഭിക്കാത്തതിനാലെന്ന് പ്രിൻസിപ്പാൾ; മാനേജ്‌മെന്റിന് എകെപിസിടിഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചും യുജിസിക്കു നൽകിയ റിപ്പോർട്ടിൽ വിശദീകരണം; പ്രിൻസിപ്പാൾ എൽ ഈശ്വരി നൽകിയ റിപ്പോർട്ട് സ്റ്റാഫ് കൗൺസിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ദീപ നിശാന്ത് കവിത മോഷ്ടിച്ചു പ്രസിദ്ധീകരിച്ചെന്ന വിവാദത്തിൽ കോളജ് തലത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് പ്രിൻസിപ്പാൾ യുജിസിക്ക് റിപ്പോർട്ടു നൽകിയത് സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് യുജിസി ആവശ്യപ്പെട്ടതിനെ തുടർന്ന്. ദീപ നിശാന്ത് കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കോളജിനു പരാതി ലഭിച്ചിട്ടില്ലെന്നും അതിനാൽ കോളജ് തലത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് യുജിസിക്ക് തൃശ്ശൂർ കേരളവർമ്മ കോളജ് പ്രിൻസിപ്പാൾ റിപ്പോർട്ട് നൽകിയത്. എന്താണു സംഭവിച്ചതെന്ന് അന്വേഷിച്ച്, വിശദമായ റിപ്പോർട്ട് നൽകാൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ പ്രിൻസിപ്പലിനു നോട്ടിസ് നൽകിയിരുന്നു. കോളജ് തലത്തിൽ ഏതെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും യുജിസി തേടിയിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കോളജായതിനാൽ ബോർഡിന്റെ അഭിപ്രായവും, ബോർഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ബോർഡിന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എകെപിസിടിഎ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപാ നിശാന്തിനോടു ബോർഡ് വിശദീകരണം ചോദിക്കുകയും തുടർന്നു കോളജിന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനത്തു നിന്നു അദ്ധ്യാപികയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോളജ് പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ട് പരിശോധിച്ച് യുജിസി തുടർ നടപടികൾ തീരുമാനിക്കും. ദീപാ നിശാന്തിന്റെ വിശദീകരണം നേരിട്ടു ചോദിക്കുമെന്നും സൂചനയുണ്ട്. കോളജ് സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രിൻസിപ്പൽ എൽ. ഈശ്വരി റിപ്പോർട്ട് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിശദീകരണം ശേഖരിച്ചു ക്രോഡീകരിച്ചാണ് റിപ്പോർട്ട് നൽകിയതെന്നു പ്രിൻസിപ്പൽ പറഞ്ഞു.

2011ൽ കവി എസ്. കലേഷ് ബ്ലോഗിൽ കുറിച്ചതും പിന്നീട് ഒരു വാരികയിൽ പ്രസിദ്ധീകരിച്ചതുമായ 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന കവിത പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ മാഗസിനിൽ ദീപയുടെ പേരും ചിത്രവും സഹിതം 2018ൽ പ്രസിദ്ധീകരിച്ചതാണു വിവാദമായത്. കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതു അദ്ധ്യാപികയുടെ സത്യസന്ധതയ്ക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലായിരുന്നു യുജിസിയുടെ ഇടപെടൽ.

കലേഷിന്റെ കവിത മോഷ്ടിച്ച് എ.കെ.പി.സി.ടി.എയുടെ സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ആദ്യം തന്റെ പ്രവർത്തിയെ ന്യായീകരിക്കാനാണ് ദീപ നിശാന്ത് ശ്രമിച്ചത്. എന്നാൽ വിവാദം കനത്തതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. കോപ്പിയടി വിവാദത്തിന് ശേഷം ആലപ്പുഴയിൽ നടന്ന കലോത്സവത്തിലെ ഉപന്യാസ മത്സരത്തിൽ ദീപ നിശാന്തിനെ വിധികർത്താവാക്കിയ സർക്കാർ നടപടിയും വിവാദമായിരുന്നു. ഇടത് പക്ഷ സഹയാത്രികയായ ദീപ നിശാന്തിന്റെ പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ച് കൊണ്ടുള്ള ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP