Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കുന്നതിനുള്ള കരട് തയ്യാറായെങ്കിലും നടപ്പിലാക്കാനാകാതെ സംസ്ഥാന സർക്കാർ; വില്ലനായി നിൽക്കുന്നത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; 'ഓണക്കാല ഓഫറി'ന് ശേഷം കർശനമാക്കിയ വാഹന പരിശോധന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സിപിഎം

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുറയ്ക്കുന്നതിനുള്ള കരട് തയ്യാറായെങ്കിലും നടപ്പിലാക്കാനാകാതെ സംസ്ഥാന സർക്കാർ; വില്ലനായി നിൽക്കുന്നത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; 'ഓണക്കാല ഓഫറി'ന് ശേഷം കർശനമാക്കിയ വാഹന പരിശോധന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച കരട് ഗതാഗത വകുപ്പ് തയ്യാറാക്കി എങ്കിലും പുനർ വിജ്ഞാപനം ഇറക്കാൻ ഉടനായേക്കില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പതിനേഴോളം നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലെ ധാരണ പ്രകാരമാണ് പിഴ കുറയ്ക്കുന്നത് സംബന്ധിച്ച നടപടികൾ ഉണ്ടായത്. എന്നാൽ, 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നടപ്പാക്കുന്നതിന് സാങ്കേതിക തടസ്സമുണ്ട്.

32 ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയുമാണു കേന്ദ്ര സർക്കാർ നിയമം മൂലം ഭേദഗതി ചെയ്തത്. ഇതിൽ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തത് ഉൾപ്പെടെ പകുതിയിലേറെ നിയമലംഘനങ്ങൾക്കു പിഴ പകുതിയായി കുറയ്ക്കാമെന്ന കരടാണു ഗതാഗത വകുപ്പ് തയാറാക്കിയത്. ഇതു നിയമ സെക്രട്ടറി പരിശോധിച്ച് അംഗീകരിച്ചാൽ മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും അനുമതിയോടെ പുനർവിജ്ഞാപനം ഈയാഴ്ച തന്നെ ഇറക്കാനായിരുന്നു ആദ്യ ധാരണ. എന്നാൽ പെരുമാറ്റച്ചട്ടം ഉള്ളപ്പോൾ ഇത്തരം ഇളവുകൾ പ്രയാസമാകും.

കൃഷി വായ്പയ്ക്കുള്ള മൊറട്ടോറിയം നീട്ടണമെന്നു സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തു തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരുന്നില്ല. കമ്മിഷന്റെ അനുവാദത്തോടു കൂടി മാത്രമേ പുനർവിജ്ഞാപനം നടത്താൻ സാധിക്കൂ. ഒക്ടോബർ 27 വരെയാണു പെരുമാറ്റച്ചട്ടം. ഇന്നലെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർമാരുടെ പ്രതിമാസ യോഗം ഗതാഗത കമ്മിഷണർ ആർ.ശ്രീലേഖ വിളിച്ചുകൂട്ടിയെങ്കിലും വാഹനപരിശോധന സംബന്ധിച്ചു പ്രത്യേക നിർദേശങ്ങളൊന്നും നൽകിയതായി സൂചനയില്ല.

ഓണക്കാലത്ത് വാഹന പരിശോധനകൾക്ക് സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നു എങ്കിലും പിന്നീട് പരിശോധന കർശനമാക്കിയിരുന്നു.
പരിശോധന പുനരാരംഭിക്കുമെങ്കിലും ഗതാഗത നിയമ ലംഘനങ്ങൾക്ക് കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴത്തുക ഈടാക്കില്ല. കേസുകൾ കോടതിക്ക് കൈമാറും. ഇതോടൊപ്പം ബോധവൽക്കരണവും ശക്തമാക്കും. പിഴത്തുകയിൽ കേന്ദ്രം മാറ്റം വരുത്തിയശേഷം വാഹന പരിശോധന ആരംഭിക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാനം.

ഓണക്കാലത്ത് വാഹനപരിശോധന അവസാനിപ്പിച്ചതോടെ നിയമലംഘനങ്ങൾ കൂടി. ഇതാണ് വീണ്ടും പരിശോധനകൾ ആരംഭിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. എന്നാൽ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കർശന വാഹന പരിശോധനയും ഉയർന്ന പിഴ ഈടാക്കുന്നതും ഇടത് മുന്നണിക്ക് ദോഷം ചെയ്യും എന്നാണ് സിപിഎം പ്രാദേശിക നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

സെപ്റ്റംബർ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തി തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ സംസ്ഥാനങ്ങൾ എല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കാതെ എങ്ങനെ സംസ്ഥാനങ്ങൾ പിഴ കുറയ്ക്കുമെന്നാണ് നിയമ വിദഗ്ധരുടെ സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP