Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളാ സർക്കാർ വെബ്‌സൈറ്റുകൾ വീണ്ടെടുത്തു; ഫയലുകൾ നശിപ്പിച്ചില്ലെന്ന് ഹാക്കർമാർ; നൂറിലധികം പാക് സൈറ്റുകൾ ഹാക്ക് ചെയ്ത് മലയാളികളുടെ പ്രതികാരം

കേരളാ സർക്കാർ വെബ്‌സൈറ്റുകൾ വീണ്ടെടുത്തു; ഫയലുകൾ നശിപ്പിച്ചില്ലെന്ന് ഹാക്കർമാർ; നൂറിലധികം പാക് സൈറ്റുകൾ ഹാക്ക് ചെയ്ത് മലയാളികളുടെ പ്രതികാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നുഴഞ്ഞുകയറിയതു 'പാക്കിസ്ഥാൻ സൈബർ ഹാക്കേഴ്‌സ്' എന്ന യുവ ഹാക്കേഴ്‌സ് സംഘം. കേരള സർക്കാറിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് കണക്കിന് പണി കൊടുത്ത് മലയാളി ഹാക്കർമാരും തിരിച്ചടിച്ചു. പാക്കിസ്ഥാൻ സർക്കാർ, പ്രസിഡന്റ്, മന്ത്രിസഭ എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുൾപ്പെടെ 120 പാക്കിസ്ഥാൻ സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു. മലയാളിയുടെ ഈ പ്രതികാരത്തെ തുടർന്ന് പാക് ഹാക്കർമാർ ആശയ വിനിമയത്തിനും തയ്യാറായി. അതിനിടെ കേരളാ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് വീണ്ടും ലഭ്യമായി തുടങ്ങി.

കേരളത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തവരെ വ്യക്തമായി തിരിച്ചറിയാൻ അന്വേഷണത്തിലൂടെ കഴിഞ്ഞു. മധ്യസ്ഥരുടെ സഹായത്തോടെ സംഘത്തിലെ പതിനെട്ടുകാരനായ ഫൈസൽ അഫ്‌സൽ എന്ന ഹാക്കറുമായി ഞങ്ങൾ നടത്തിയ സംഭാഷണത്തിൽ, വെബ്‌സൈറ്റിൽ നുഴഞ്ഞുകയറിയതല്ലാതെ ഫയലുകൾ ഒന്നും നശിപ്പിച്ചിട്ടില്ലെന്നു ഫൈസൽ പറഞ്ഞു. എന്നാൽ ഏതു സുരക്ഷാപിഴവു മുതലെടുത്താണു വെബ്‌സൈറ്റിൽ നുഴഞ്ഞുകയറിയതെന്നു വെളിപ്പെടുത്തിയില്ല. വെബ്‌സൈറ്റിൽ നുഴഞ്ഞുകയറി മൂന്നു മണിക്കൂറിനുശേഷം കേരളത്തിലെ ഐടി വിദഗ്ദ്ധർ സുരക്ഷാ പരിശോധന ആരംഭിച്ചെന്നും ഫൈസൽ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഇന്ത്യൻ ഹാക്കർ സംഘമായ ഇന്ത്യൻ മാഡ് ഹണ്ടർ ടീമിനെതിരെ ശക്തമായ സൈബർ ആക്രമണം നടത്താൻ ഒരുങ്ങിയിരിക്കുകയാണെന്നു മുൻപ് ഇതേ സംഘം വെളിപ്പെടുത്തിയിരുന്നു. ഫൈസൽ അഫ്‌സൽ അടങ്ങുന്ന സംഘത്തിൽ പതിനഞ്ചിലധികം യുവാക്കളുണ്ട്. പുതിയ ഹാക്കർമാർ ആദ്യം നുഴഞ്ഞുകയറുന്നതു ഇന്ത്യൻ വെബ്‌സൈറ്റുകളിലാണെന്നും വെബ്‌സൈറ്റുകളുടെ ചുമതലയുള്ള അഡ്‌മിനിസ്‌ട്രേറ്റർ വരുത്തുന്ന പിഴവുകളാണു തുണയാകുന്നതെന്നും ഫൈസൽ പറഞ്ഞു. യുവ ഹാക്കർമാർ സുരക്ഷാവീഴ്ചകളുള്ള ഇന്ത്യൻ സൈറ്റുകൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോൾ മുതിർന്ന ഹാക്കർമാർ സൈറ്റുകളിലെ വിവരങ്ങൾ ചോർത്തുകയോ പേജ് നശിപ്പിക്കുകയോ ചെയ്യും. മാസങ്ങൾക്കു മുൻപ് ഛത്തീസ്‌ഗഡ് എൻഐടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതും ഇതേ സംഘമായിരുന്നു.

ആധാർ കാർഡ് അടക്കം പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയ യുഐഡിഎഐ പോലെയുള്ള വെബ്‌സൈറ്റുകൾ ആക്രമിക്കപ്പെട്ടാൽ വലിയ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കും. സർക്കാർ വെബ്‌സൈറ്റുകളിൽ ഭൂരിഭാഗത്തിലും വിവരങ്ങൾ ക്രോഡീകരിക്കാനായി ഓപ്പൺ സോഴ്‌സ് ടൂളുകളായി ഡ്രുപൽ, ജുംല, വേഡ്പ്രസ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ഇവ അപ്‌ഡേറ്റ് ചെയ്യാത്തതാണ് നുഴഞ്ഞുകയറ്റക്കാർക്ക് എളുപ്പവഴിയാകുന്നത്.

മല്ലു സൈബർ സോൾജ്യേഴ്‌സ്, ഹെൽ ഷീൽഡ് ഹാക്കേഴ്‌സ് എന്നീ പേരുകളിലെ അജ്ഞാത ഗ്രൂപ്പുകളാണ് പാക് സൈറ്റുകളിലെ ഹാക്കിംഗിന് പിന്നിൽ. ഓപ്പറേഷൻ പാക് സൈബർ സ്‌പേസ് എന്നാണ് ഓപ്പറേഷന് കൊടുത്ത പേരെന്ന് മല്ലു സൈബർ സോൾജ്യേഴ്‌സിന്റെ പേരിലെ ഫേസ്‌ബുക്ക് പേജിൽ പറയുന്നു. പാക്കിസ്ഥാൻ പതാക കത്തിക്കുന്നതിന്റെ ചിത്രവും ഇന്ത്യൻ സൈബർ സ്‌പേസിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പുമാണ് ഹാക്ക് ചെയ്ത സൈറ്റുകളിൽ കാണുന്നത്. നാലു ഔദ്യോഗിക സൈറ്റുകൾ കൂടി ഹാക്ക് ചെയ്തതായും ഇവർ അവകാശപ്പെടുന്നു.

ഞായറാഴ്ച രാവിലെയോടെയാണ് കേരളാ സർക്കാർ വെബ്‌സൈറ്റ് പാക് നുഴഞ്ഞുകയറ്റക്കാർ ഹാക്ക് ചെയ്‌തെന്ന വിവരം അറിയുന്നത്. മണിക്കൂറുകൾക്ക് മുന്നിൽ മലയാളി ഹാക്കർമാർ പണി കൊടുത്തു. www.kerala.gov.in എന്ന സൈറ്റാണ് പാക്കിസ്ഥാൻ ഹാക്കർമാർ കൈയേറിയത്. ഇന്ത്യൻ പതാക കത്തിക്കുന്നതിന്റെ ചിത്രവും പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യവും ഒപ്പമുണ്ടായിരുന്നു. ടീം പാക് സൈബർ അറ്റാക്കർ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. സുരക്ഷ ഒരു മിഥ്യയാണെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനാണ് ഇരുട്ടി വെളുക്കും മുമ്പ് കനത്ത മറുപടി കിട്ടിയിരിക്കുന്നത്. എന്തായാലും ഇരുകൂട്ടർക്കും സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ പിടിപ്പതു പണി ബാക്കിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP