Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ; പോൽ-ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

കേരളാ പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ; പോൽ-ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. 27 സേവനങ്ങൾ ലഭിക്കാനായി പൊതുജനങ്ങൾക്ക് ഇനിമുതൽ ഈ ആപ്പ് ഉപയോഗിക്കാം. പോൽ-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിർന്ന പൊലീസ് ഓഫീസർമാരും സംബന്ധിച്ചു.15 സേവനങ്ങൾ കൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും.

സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ ആപ്പിന് കഴിയും. കേരളാ പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ, ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്സ്‌പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പിൽ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത മൂന്നു മൊബൈൽ നമ്പറിലേയ്ക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയയ്ക്കാൻ കഴിയും. അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പറുകളിലേയ്ക്ക് എസ് ഒ എസ് കാൾ ചെയ്യാനും സാധിക്കും. വനിതകൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്‌ച്ചയ്ക്ക് സമയം നിശ്ചയിക്കാനും ഈ ആപ്പ് മുഖേന സാധിക്കും.

പൊലീസ് എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാൻ പ്രത്യേകം സംവിധാനം ഏർപ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

ജനങ്ങൾ അറിയേണ്ട പൊലീസിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും. പൊലീസിന്റെ എല്ലാ സോഷ്യൽ മീഡിയ പേജുകളും ഇതിൽ ലഭിക്കും. ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ് സൈറ്റുകളുടെ ലിങ്കുകൾ എന്നിവയും ആപ്പിൽ ലഭ്യമാണ്.

ചില വിഭാഗങ്ങളിൽപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പൊലീസിന് അയയ്ക്കാൻ ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ അവരുടെ ഫോട്ടോ ജിയോടാഗ് ചെയ്ത് പൊലീസിന് നൽകാം. പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളിൽ ഏതാനും ദിവസങ്ങൾക്കകം ആപ്പ് ലഭ്യമാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP