Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവൻ രക്ഷാ ഔഷധങ്ങൾ വിൽക്കില്ലെന്ന് ഔഷധ വ്യാപാരികളുടെ ഭീഷണി; ചെറുത്തു തോൽപ്പിക്കുമെന്ന് ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ; യോഗ്യതയുള്ള ഫാർമസിസ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഔഷധ വില്പനശാലകളെക്കുറിച്ച് അധികൃതർക്കു വിവരം നൽകാനും ആഹ്വാനം

ജീവൻ രക്ഷാ ഔഷധങ്ങൾ വിൽക്കില്ലെന്ന് ഔഷധ വ്യാപാരികളുടെ ഭീഷണി; ചെറുത്തു തോൽപ്പിക്കുമെന്ന് ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ; യോഗ്യതയുള്ള ഫാർമസിസ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഔഷധ വില്പനശാലകളെക്കുറിച്ച് അധികൃതർക്കു വിവരം നൽകാനും ആഹ്വാനം

തിരുവനന്തപുരം: ജീവൻ രക്ഷ ഔഷധങ്ങൾ വിൽക്കില്ലെന്ന് ഔഷധ വ്യാപാരികളുടെ ഭീഷണി. ഭീഷണി ചെറുത്തു തോൽപ്പിക്കുമെന്ന് കേരള ഫാർമസിസ്റ്റ്‌സ് ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള ഫാർമസിസ്‌ററ് ഇല്ലാതെ പ്രവർത്തിക്കുന്ന ഔഷധ വില്പനശാലകളെക്കുറിച്ച് അധികൃതർക്കു വിവരം നൽകാനും സംഘടന ആവശ്യപ്പെട്ടു.

കൗമാരക്കാരുടെയും യുവാക്കളുടെയും ഇടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നു എന്നു മനസ്സിലാക്കി എക്സൈസ് വകുപ്പ് നടത്തുന്ന പരിശോധനകൾ പ്രതിരോധിക്കാൻ എന്ന വ്യാജേനയാണ് ഔഷധവ്യാപാരികളും ഒരുകൂട്ടം ഫാർമസിസ്റ്റുകളും വിൽപ്പന ഒഴിവാക്കുമെന്നു പറയുന്നത്. നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇതിനെ ചെറുത്തു തോൽപ്പിക്കും. ഔഷധവ്യാപാരികളുടെ ഗുണ്ടായിസ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കേരള ഫാർമസിസ്‌റ്‌സ് ഓർഗനൈസേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡോക്ടറുടെ പേരും രോഗിയുടെ പേരും ബില്ലിൽ എഴുതിച്ചേർത്താൽ എന്തും വിൽക്കാവുന്ന ഒരു സംവിധാനമാണ് ഇന്ന് നമ്മുടെ നാട്ടിൽ നിലനില്കുന്നത്. ഈ മരുന്ന് കുറിപ്പടിയുമായി മയക്കുമരുന്നിന് അടിമയായ വ്യക്തിക്ക് എത്ര കടയിൽ വേണമെങ്കിലും പോയി മരുന്ന് വാങ്ങാവുന്ന സംവി ധാനമാണ് ഇന്ന് നിലനില്കുന്നത്. അടിയന്തിരമായി ഇതിനു മാറ്റം ഉണ്ടാക്കണം.ഒരിക്കൽ കൊടുത്ത മരുന്ന് അതെ കുറിപ്പടി ഉപയോഗിച്ച് വീണ്ടും വീണ്ടും വാങ്ങാവുന്ന അവസ്ഥക്ക് കടിഞ്ഞാണിടണം. മരുന്ന് കുറിപ്പടിയിൽ ഇവ എഴുതിയ അളവിൽ നൽകി ഇനി നല്കാൻ പാടില്ല എന്ന രീതിയിൽ സീൽ പതിക്കുകയും മരുന്ന് വിതരണം ചെയ്ത സ്ഥാപനത്തിന്റെ പേരും തിയതിയും മരുന്ന് കുറിപ്പടിയിൽ രേഖപ്പെടുത്തുകയും ചെയ്യണം. ഇത്തരമൊരു കർശന നിയമം നടപ്പിലാക്കിയാൽ വലിയൊരളവിൽ മരുന്ന് ദുരുപയോഗം ഇല്ലാതാക്കാൻ കഴിയും. ഇതെല്ലാം കൃത്യമായി പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ട ഔഷധ നിയന്ത്രണ വിഭാഗം ഇവിടുത്തെ ഔഷധവ്യാപാരികളും മരുന്നുകമ്പനികളും ഉൾപ്പെടെയുള്ള ഔഷധ മാഫിയയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നു.

2012 നു ശേഷം യാതൊരുവിധ പരിശോധനകളും നടത്താതെ അയ്യായിരത്തിലധികം ഔഷധ വിൽപ്പനശാലകൾ കേരളത്തിൽ ഉണ്ടെന്നുള്ള സത്യം ഇവരുടെ അനാസ്ഥയുടെയും അഴിമതിയുടെയും വ്യക്തമായ ചിത്രം വരച്ചു കാട്ടുന്നു. മാസം തോറും കാണേണ്ട പോലെ കണ്ടാൽ പരിശോധനയില്ല. പകൽ സമയത്തുപോലും യോഗ്യതയുള്ള ഫാർമസിസ്‌ററ് ഇല്ലാതെ കച്ചവടം ചെയ്യുന്നു. ഔഷധനിയന്ത്രണ വിഭാഗം മേധാവിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലാണ് ഒരു ലൈസൻസിന്റെ മറവിൽ 5 ഔഷധ വിൽപ്പന ശാലകൾ പ്രവർത്തിച്ചത്. അതും സ്‌കൂൾ കോളേജ് പരിസരത്തു. ഇവിടെ പ്രധാനമായും വിൽപ്പന നടത്തിയത് ലഹരിയുണ്ടാക്കുന്ന മരുന്നുകൾ. ഇത്തരം മരുന്നു കളുടെ അനധികൃത വിൽപ്പന കണ്ടെത്താനും തടയാനും എക്സൈസ് കമ്മീഷണർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കേരളത്തിലെ മുഴുവൻ സ്ഥാപനങ്ങളും ഇത്തരത്തിൽ പരിശോധന വിധേയമാക്കണം. യോഗ്യതയുള്ള ഫാർമസിസ്‌ററ് ഇല്ലാതെ, പ്രത്യേകിച്ച് വൈകുന്നേരം നാലുമണിക്കുശേഷം തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെ പേരിലും നിയമനടപടികൾ സ്വീകരിക്കണമെന്നും ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

കേരളത്തിൽ ഏത് മരുന്ന് വിൽക്കണം, അല്ലെങ്കിൽ വിൽക്കേണ്ട എന്ന് തീരുമാനിക്കാൻ അധികാരമുള്ള ഡ്രഗ് കൺട്രോളറുടെ അല്ലെങ്കിൽ ഡ്രഗ് ഇൻസ്പെക്ടറുടെ അധികാരമാണ് ഇവിടുത്തെ നാലാം ക്ളാസ് മാത്രം വിദ്യാഭ്യാസമുള്ള ഔഷധ വ്യാപാരികൾ ഇപ്പോൾ സ്വീകരിക്കുന്നത്. ഈ ഗുണ്ടായിസം അനുവദിച്ചു കൊടുത്താൽ ഔഷധ വിൽപ്പനശാലകൾവഴി നിർബാധം മയക്കുമരുന്നുകളും ലൈംഗിക ഉത്തേജകമരുന്നുകളും ചെറുപ്പക്കാർക്ക് ലഭിക്കാൻ ഇടവരും. ഇതിനെതിരെ മനുഷ്യ സ്‌നേഹികൾ മുന്നോട്ടു വരണം. യോഗ്യതയുള്ള ഫാർമസിസ്‌ററ് ഇല്ലാതെ പ്രവർത്തിക്കുന്ന ഔഷധ വില്പനശാലകളെക്കുറിച്ചു അധികാരികളെ അറിയിക്കാൻ പൊതുജനം തയ്യാറാകണമെന്നും ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP