Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വിരട്ടലുകളൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല; എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക നിർണയത്തിന് പുതിയ മാർഗനിർദ്ദേശങ്ങളുമായി ധനവകുപ്പ്; അദ്ധ്യാപക തസ്തികകളിൽ നിയമനത്തിനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു

വിരട്ടലുകളൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല; എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക നിർണയത്തിന് പുതിയ മാർഗനിർദ്ദേശങ്ങളുമായി ധനവകുപ്പ്; അദ്ധ്യാപക തസ്തികകളിൽ നിയമനത്തിനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക തസ്തിക നിർണയം സംബന്ധിച്ച സ്‌കൂൾ മാനേജ്‌മെന്റുകളുടെ എതിർപ്പ് വകവെക്കാതെ സംസ്ഥാന സർക്കാർ. മാനേജ്‌മെന്റുകൾ പ്രതിഷേധവുമായി എത്തുകയും നിയമനടപടികളുമായി മുന്നോട്ട് പോകും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടും വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനൊപ്പമാണ് ധനകാര്യ മന്ത്രിയും. മാനേജ്‌മെന്റുകളുടെ പ്രതിഷേധങ്ങൾ തുടരുമ്പോഴും ബജറ്റ് പ്രഖ്യാപനവുമായി ധനമന്ത്രി മുന്നോട്ടു പോകുകയാണ്. സ്‌കൂളുകളിൽ തസ്തിക നിർണയത്തിന് പുതിയ നിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി.

നിലവിൽ 30 കുട്ടികൾക്ക് പുറമെ ഒരു കുട്ടി കൂടിയാൽ പുതിയ അദ്ധ്യാപക തസ്തിക എന്ന രീതി മാറ്റും. ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. അദ്ധ്യാപക തസ്തികകളിൽ നിയന്ത്രണമേർപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു കഴിഞ്ഞു.

Stories you may Like

ആറ് കുട്ടികൾ കൂടിയാൽ മാത്രം തസ്തിക എന്നതാണ് നിർദ്ദേശം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 1:30 ആണ് അദ്ധ്യാപക, വിദ്യാർത്ഥി അനുപാതം. ഇത് ദുർവ്യാഖ്യാനം ചെയ്താണ് എയ്ഡഡ് മാനേജ്‌മെന്റുകൾ ക്രമവിരുദ്ധമായി തസ്തികകൾ സൃഷ്ടിച്ചതെന്ന് സർക്കാർ വിശദീകരണം. എന്നാൽ നിയമത്തിന് പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് അസോസിയേഷൻ. പുതിയ നിർദ്ദേശമനുസരിച്ചുള്ള ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.

സർക്കാരിന്റെ അറിവോ സമ്മതമൊ ഇല്ലാതെ കുട്ടികൾ കൂടിയെന്ന് കാണിച്ച് എയ്ഡഡ് എയ്ഡഡ് സ്‌കൂളുകൾ നിയമിച്ചത് 18,119 അദ്ധ്യാപകരെയാണ്. അഞ്ച് ലക്ഷത്തിലധികം കുട്ടികൾ കൂടി എന്നായിരുന്നു മാനേജ്‌മെന്റ് നിരത്തിയ കണക്ക്. എന്നാൽ എയ്ഡഡ് മേഖലയിൽ കുട്ടികൾ കൂടിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,07,631 വിദ്യാർത്ഥികൾ കുറയുകയാണ് ഉണ്ടായത്. 2015ൽ ആകെ 22,66,083 വിദ്യാർത്ഥികളായിരുന്നു സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ചിരുന്നത്. 2020 ലെ കണക്ക് പ്രകാരം 21,58,452 ആയി എയ്ഡഡ് മേഖലയിലെ കുട്ടികൾ കുറഞ്ഞു. എന്നാൽ സർക്കാർ മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വ്യത്യാസവും ഉണ്ടായി. 2015 ൽ 11,58,703 വിദ്യാർത്ഥികളായിരുന്നു സർക്കാർ സ്‌കൂളുകളിൽ പഠിച്ചിരുന്നത്. എന്നാൽ 2020 ൽ 11,68,586 വിദ്യാർത്ഥികളായി വർധിച്ചു. അഞ്ച് വർഷത്തിൽ 9883 വിദ്യാർത്ഥികളുടെ വർധനവ്.

ഈ കാലയളവിൽ എയ്ഡഡ് മേഖലയിൽ കുട്ടികൾ കുറഞ്ഞിട്ടും അദ്ധ്യാപകർ വർദ്ധിച്ചതായി സർക്കാർ കണക്കുകളിൽ വ്യക്തമാണ്. സംരക്ഷിത അദ്ധ്യാപകരെ ഉപയോഗിക്കാതെ വ്യാജ കണക്കുകൾ നിരത്തിയാണ് എയ്ഡഡ് സ്‌കൂളുകൾ അനധികൃത അദ്ധ്യാപക ഒഴിവുകൾ സൃഷ്ടിച്ചതെന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് ഈ കണക്കുകൾ. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലായി 138007 വിദ്യാർത്ഥികളുടെ പ്രവേശനം വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ വ്യാജ പ്രവേശനം നടന്നത് എയ്ഡഡ് സ്‌കൂളുകളിലായിരുന്നു. 71,079 പേർ. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് പുറത്ത് വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP