Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്യുൽപ്പാദന ശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുത്ത് മുട്ട ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത നേടും; കേരള ഫീഡ്‌സിന്റെ 'അതുല്യം ഗ്രോവർ കോഴിത്തീറ്റ' വിപണിയിലേക്ക്

അത്യുൽപ്പാദന ശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുത്ത് മുട്ട ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത നേടും; കേരള ഫീഡ്‌സിന്റെ 'അതുല്യം ഗ്രോവർ കോഴിത്തീറ്റ' വിപണിയിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ 'അതുല്യം ഗ്രോവർ കോഴിത്തീറ്റ' വിപണിയിൽ എത്തുന്നു. എട്ട് മുതൽ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴികൾക്കുള്ള തീറ്റയായ 'അതുല്യം ഗ്രോവർ കോഴിത്തീറ്റ' മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി പുറത്തിറക്കി. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള ഫീഡ്‌സ് ബ്രാൻഡ് അംബാസഡർ ചലച്ചിത്ര താരം ജയറാം ഓൺലൈനായി പങ്കെടുത്തു.

കേരളത്തിൽ അത്യുൽപ്പാദന ശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുത്ത് മുട്ട ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായി കോഴികർഷകർക്ക് ഗുണമേന്മയുള്ള കോഴിത്തീറ്റ ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്.

കോഴിത്തീറ്റ ഉത്പ്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവാണ് സോയാബീൻ. കേരളത്തിൽ സോയാബീൻ കൃഷി ചെയ്യുന്നില്ല. ഇന്ത്യ ഉത്പ്പാദിപ്പിക്കുന്ന സോയാബീൻ പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത് തീറ്റയുടെ വിലവർദ്ധനവിനു കാരണമായി മാറുന്നു. കൃഷി വകുപ്പുമായി സഹകരിച്ച് സോയാബീൻ കേരളത്തിൽ കൃഷിചെയ്യും. കോഴിത്തീറ്റയുടെ വിലവർദ്ധനവിനാൽ പരിഭ്രാന്തരായ കോഴികർഷകരെ സഹായിക്കാനാണ് കിലോയ്ക്ക് നാൽപതുരൂപ ഉത്പ്പാദന ചെലവ് വരുന്ന അതുല്യം ഗ്രോവർ കോഴിത്തീറ്റ വിലകുറച്ച് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പശുക്കളുടെ പ്രത്യുൽപ്പാദന ശേഷി സംബന്ധമായ പ്രശ്‌നമായിരുന്നു ക്ഷീര കർഷകനായ താൻ നേരിട്ട വെല്ലുവിളിയെന്നും കഴിഞ്ഞ രണ്ടര വർഷമായി കേരള ഫീഡ്‌സ് കാലിത്തീറ്റകൾ ഉപയോഗിച്ചതോടെ ഇക്കാര്യത്തിൽ നൂറു ശതമാനം വിജയം നേടാനായതായും ജയറാം പറഞ്ഞു. ചെന്നൈയിൽ നിന്നു ചിലയിനം കോഴികളെ തന്റെ ആനന്ദ് ഫാമിൽ കൊണ്ടുവന്നു വളർത്താൻ തുടങ്ങിയപ്പോഴും കോഴികളുടെ മുട്ടയുടെ വലുപ്പം കുറയുക, മുട്ടത്തോടിന് കട്ടികുറയുക, കോഴിയുടെ തൂവൽ കൊഴിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. കേരള ഫീഡ്‌സ് മുൻപേ പുറത്തിറക്കിയ അതുല്യം ലെയർ കോഴിത്തീറ്റ കൊടുത്തതോടെ പൂർണ പരിഹാരം ലഭിച്ചതായും ജയറാം സാക്ഷ്യപ്പെടുത്തി. കേരളത്തിലെ കോഴികർഷകർക്ക് നേട്ടമുണ്ടാക്കാനാകുന്ന അഭിമാനകരമായ കോഴിത്തീറ്റയാണ് കേരള ഫീഡ്‌സിന്റേതെന്നും ജയറാം കൂട്ടിച്ചേർത്തു.

ഈ പ്രായത്തിലെ കോഴികൾക്കുള്ള തീറ്റ വിപണിയിൽ ലഭ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്തും ചെറുകിട കർഷകരെയും വീടുകളിൽ നാടൻ കോഴികളടക്കം വളർത്തുന്നവരെയും ലക്ഷ്യമിട്ടാണ് തീറ്റ വിപണിയിലിറക്കുന്നതെന്ന് കേരള ഫീഡ്‌സ് എംഡി ഡോ.ബി ശ്രീകുമാർ പറഞ്ഞു. കേരള ഫീഡ്‌സ് ഉത്പ്പന്നങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നിലനിർത്തി ഏറ്റവും ഗുണമേന്മയുള്ള കോഴിത്തീറ്റ കുറഞ്ഞ ചെലവിൽ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഫീഡ്‌സിന്റെ പ്രീമിയം മുട്ടക്കോഴി തീറ്റ ബ്രാൻഡായ അതുല്യത്തിനു കീഴിൽ ലെയർ കോഴിത്തീറ്റ നേരത്തേ പുറത്തിറക്കിയിരുന്നു. 20 ആഴ്ചക്ക് മുകളിൽ പ്രായമായ മുട്ടക്കോഴികൾക്കുള്ള തീറ്റയാണിത്. രണ്ടു തീറ്റകളും പൊടി രൂപത്തിലുള്ളതാണ്. വിവിധ പ്രായത്തിൽ മുട്ടക്കോഴികൾക്ക് ആവശ്യമായ പോഷകങ്ങൾ സമന്വയിപ്പിച്ച് നിർമ്മിച്ചിട്ടുള്ളതാണ് അതുല്യം കോഴിത്തീറ്റകൾ. മുട്ടക്കോഴികൾക്ക് ആവശ്യമായ മാംസ്യം, ഊർജം, കൊഴുപ്പ്, അമിനോ ആസിഡുകൾ, ജീവകങ്ങൾ, ധാതുക്കൾ എന്നിവ സമീകൃതമായ അളവിൽ ചേർത്തിട്ടുള്ളതിനാൽ ശരിയായ മുട്ട ഉത്പ്പാദനവും മുട്ടയുടെ ഗുണമേന്മയും മുട്ടക്കോഴികളുടെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും തീറ്റ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ കേരള ഫീഡ്‌സ് ഉറപ്പാക്കിയിട്ടുണ്ട്. വിപണിയിൽ 20 കിലോഗ്രാം വീതമുള്ള അതുല്യം ഗ്രോവർ തീറ്റയുടെ വില 650 രൂപയും അതുല്യം ലെയർ തീറ്റയുടെ വില 700 രൂപയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP