Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

കഴക്കൂട്ടം ഫ്ളൈഓവർ നിർമ്മാണം: സർവീസ് റോഡ് രണ്ട് മാസത്തിനുള്ളിൽ; ഹെവി വാഹനങ്ങൾ വഴി തിരിച്ചു വിടും

കഴക്കൂട്ടം ഫ്ളൈഓവർ നിർമ്മാണം: സർവീസ് റോഡ് രണ്ട് മാസത്തിനുള്ളിൽ; ഹെവി വാഹനങ്ങൾ വഴി തിരിച്ചു വിടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴക്കൂട്ടം ഫ്‌ളൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്ത് ഉണ്ടായ പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം കാണുവാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ NHAI ഉദ്യോഗസ്ഥരുമായും കരാറുകരുമായും പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുമായും ചർച്ച നടത്തി.

കഴക്കൂട്ടം ഫ്ളൈഓവർ നിർമ്മാണം കോവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം പുരോഗമിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. പില്ലർ വർക്കുകളിൽ ഇനി രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. റോഡ് നിർമ്മാണത്തോടൊപ്പം അപ്രതീക്ഷിതമായി എത്തിയ മഴ കഴക്കൂട്ടം വഴിയുള്ള യാത്ര ദുസഹമാക്കിയിട്ടുണ്ട്.

കഴക്കൂട്ടം ഫ്‌ളൈഓവർ നിർമ്മാണം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത് കഴക്കൂട്ടം റോഡ് പൂർണമായും അടച്ചിട്ടു കൊണ്ടാണ്. ഇതിനാവശ്യമായ ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ ഇത് തങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കഴക്കൂട്ടത്തെ വ്യാപാരികളും പ്രദേശവാസികളും പരാതി പറഞ്ഞതിനെ തുടർന്നാണ് വാഹനങ്ങൾ കടത്തി വിടുവാൻ തീരുമാനിക്കുന്നത്. ഫ്‌ളൈഓവർ നിർമ്മാണത്തോടൊപ്പം തന്നെ സർവീസ് റോഡ് നിർമ്മാണവും വേഗത്തിൽ പൂർത്തിയാക്കുവാൻ ആയിരുന്നു പദ്ധതിയിട്ടത്.

പക്ഷെ കെട്ടിടങ്ങൾ ഒഴിഞ്ഞു തരാൻ പലരും വിമുഖത കാട്ടുന്നതിനെ തുടർന്ന് സർവ്വീസ് റോഡ് നിർമ്മാണം നീളുകയാണ്. ഇനിയും 22 കെട്ടിടങ്ങൾ ഡീമോളിഷ് ചെയ്യേണ്ടതുണ്ട്. ഇതിൽ തന്നെ ചിലർ നഷ്ടപരിഹാര തുക പോലും കൈപ്പറ്റുവാൻ തയ്യാറായിട്ടില്ല. എന്തായാലും ഇവർക്ക് വേണ്ടി ഇനി സമയം പാഴാക്കേണ്ടതില്ല എന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. ദേശീയപാത അഥോറിറ്റി കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ഇതിനാവശ്യമായ സംരക്ഷണം പൊലീസ് നൽകും.

നിലവിൽ എല്ലാ ദിവസവും രാത്രി കരാറുകാർ റോഡിൽ ഉണ്ടാകുന്ന കുഴികൾ മെറ്റൽ ഇട്ട് നികത്തുന്നുണ്ട് എങ്കിലും മഴയോടൊപ്പം വിഴിഞ്ഞം തുറമുഖത്തിലേക്ക് വലിയ പാറകളുമായി പോകുന്ന ടിപ്പറുകൾ കൂടുതൽ മോശം അവസ്ഥ ഉണ്ടാക്കുകയാണ്. ഈ സാഹചര്യം ഒഴിവാക്കാൻ ട്രാൻസ്പോർട്ട് ബസ് ഒഴികെയുള്ള ഹെവി വാഹനങ്ങൾ വെട്ടുറോഡ് നിന്നും കാട്ടായിക്കോണം വഴിയും കാണിയാപുരത്ത് നിന്നും തീരദേശ റോഡ് വഴിയും വഴിതിരിച്ചു വിടുന്നതാണ് എന്ന് മന്ത്രി പറഞ്ഞു. കാർ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്ക് കഴക്കൂട്ടം വഴി തന്നെ പോകാമെന്നും മന്ത്രി അറിയിച്ചു.

ഫ്‌ളൈഓവർ നിർമ്മാണത്തിനായി പൈലിങ് നടത്തിയ മണ്ണ് മഴയത്ത് ഒലിച്ചിറങ്ങിയാണ് അവിടെ തൊളിക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. ഈ ചെളിയും മണ്ണും ഉടൻതന്നെ നീക്കം ചെയ്യുവാൻ കരാറുകാർക്ക് മന്ത്രി നിർദ്ദേശം നൽകി.

കഴക്കൂട്ടം ജംഗ്ഷനിൽ ഒരു താത്കാലിക ബസ് സ്റ്റാൻഡ് സ്ഥാപിക്കുവാനും മന്ത്രി കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യൂട്ടിലിറ്റി ഡക്ട്, 1.5 മീറ്റർ വീതിയിൽ ഡ്രെയിനേജ്, 7.5 മീറ്റർ വീതിയിൽ റോഡ് എന്നിവ അടങ്ങിയതാണ് സർവീസ് റോഡ്. കൂടാതെ 7 ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. മഴ മാറിയാൽ ഉടൻ തന്നെ സർവീസ് റോഡ് നിർമ്മാണം ആരംഭിക്കുന്നതാണ്. നഗരത്തിലേക്കുള്ള റോഡ് പൂർണമായും നിയന്ത്രിച്ച് രാപകൽ പണി ചെയ്തു രണ്ട് മാസത്തിനുള്ളിൽ ഡ്രെയിനേജ് സൗകര്യം അടക്കം സർവീസ് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതാണ്. അതുവരെ നാട്ടുകാരുടെയും യാത്രക്കാരുടെയും സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP