Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം: കരാട്ടേ ഫാറൂഖിന് മേൽ കോടതി കുറ്റം ചുമത്തി

സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം: കരാട്ടേ ഫാറൂഖിന് മേൽ കോടതി കുറ്റം ചുമത്തി

പി നാഗരാജ്‌

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിനുള്ളിൽ മൊബൈൽ ഫോണുപയോഗിച്ച കേസിൽ പ്രതികളായ കരാട്ടേ ഫാറൂഖിനും രമേശിനും മേൽ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്.

1894 ലെ പ്രിസണേഴ്‌സ് നിയമത്തിലെ വകുപ്പ് 42, കേരള ജയിൽ ചട്ടങ്ങളിലെ ചട്ടം 288 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്.

2008 ജൂൺ 15ന് പകൽ 11.30 മണിക്കാണ് ഫോണുപയോഗം ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്. എൽ റ്റി റ്റി ഇ കബീർ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന വള്ളക്കടവ് സ്വദേശി കരാട്ടേ ഫാറൂഖ് സഹ തടവുകാരനായ പേരൂർക്കട സ്വദേശി രമേശിന് ഫോൺ കൈമാറുന്നത് പരിശോധനയിൽ കണ്ടു പിടിച്ച് ഫോൺ ബന്തവസ്സിലെടുക്കുകയായിരുന്നു.

എൽ റ്റി റ്റി ഇ കബീറിനെ പൊലീസ് അകമ്പടിയിൽ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരവേ അട്ടക്കുളങ്ങര ജയിലിന് മുൻവശം വെച്ച് കബീറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുകയാണ് ഫാറൂഖ്. മുൻ സെൻട്രൽ ജയിൽ സൂപ്രണ്ട് ബി.പ്രദീപിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ജെ.സന്തോഷ് കുമാറാണ് കേസ് എടുത്തത്.

തുടർന്ന് കൃത്യ സ്ഥല മഹസ്സർ തയ്യാറാക്കുകയും മൊബൈൽ ഫോണും സിംകാർഡുകളും റിക്കവറി മഹസ്സർ പ്രകാരം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സബ്ബ് ഇൻസ്‌പെക്ടർ ടി.കെ.രവീന്ദ്രനാഥനാണ് അന്വേഷണം പൂർത്തിയാക്കി 2013 ജൂൺ 26 ന് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP