Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നാദാപുരം പീഡന കേസിന്  രാഷ്ട്രീയനിറം നൽകി കത്തിച്ചു നിർത്താൻ ചിലർ ശ്രമിക്കുന്നു; പീഡനത്തിനിരയായ കുട്ടിക്ക് നീതി കിട്ടാൻ നിയമസഹായ നടപടി സ്വീകരിക്കുമെന്ന് കാന്തപുരം

നാദാപുരം പീഡന കേസിന്  രാഷ്ട്രീയനിറം നൽകി കത്തിച്ചു നിർത്താൻ ചിലർ ശ്രമിക്കുന്നു; പീഡനത്തിനിരയായ കുട്ടിക്ക് നീതി കിട്ടാൻ നിയമസഹായ നടപടി സ്വീകരിക്കുമെന്ന് കാന്തപുരം

കോഴിക്കോട്: നാദാപുരം പാറക്കടവ് സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ രംഗത്തെത്തി. നാദാപുരം പീഡന കേസിന് രാഷ്ട്രീയനിറം നൽകി സംഭവത്തെ കത്തിച്ചു നിർത്താൻ ചിലർ ശ്രമിക്കുന്നതായും കാന്തപുരം ആരോപിച്ചു. ഇത്തരക്കാരെ സമൂഹം തിരിച്ചറിയണം. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണം. പീഡനത്തിനിരയായ കുട്ടിക്ക് നീതി കിട്ടാനുള്ള എല്ലാവിധ നിയമസഹായ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊഹക്കഥകൾ പറഞ്ഞ് സ്‌കൂളിനെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നതായും കാന്തപുരം വ്യക്തമാക്കി.

പീഡന സംഭവത്തിൽ കുട്ടിയെയും മാതാവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രസംഗിച്ച എ പി വിഭാഗം നേതാവ് പേരോട് അബ്ദുർ റഹ്മാൻ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഇ കെ വിഭാഗം സുന്നികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരം ഈ വിഷയത്തിൽ പ്രതികരിച്ചത്. നേരത്തെ മലപ്പുറത്ത് നടന്ന ചടങ്ങിൽ കാന്തപുരം മാദ്ധ്യമങ്ങളെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. വാർത്തകളെ മാദ്ധ്യമപ്രവർത്തകർ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നാണ് കാന്തപുരം അഭിപ്രായപ്പെട്ടത്.

Stories you may Like

പറഞ്ഞതിന്റെ അർഥം മനസ്സിലാക്കിയാകണം വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ടത്. കാര്യങ്ങൾ മനസ്സിലാക്കി എഴുതുന്നവരാണ് മിക്ക പത്രക്കാരും. ചില മാദ്ധ്യമങ്ങൾ വാർത്തകളെ കാണുന്നത് ചെമ്പോത്തിന്റെ കണ്ണു കൊണ്ടാണ്. അത്തരം പത്രങ്ങളെ കുറിച്ച് നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം കഴിഞ്ഞ് പോയ സംഭവമാണെന്നും ഇനി അത്തരമൊന്ന് സംഭവിക്കാതിരിക്കാൻ നോക്കണമന്നുമാണ് പറഞ്ഞത്. ഭാവിയിൽ രാജ്യത്ത് വർഗീയത ഇല്ലാതെ സൗഹാർദം പുലരാൻ എന്ത് ചെയ്യാനാകുമെന്നാണ് തങ്ങൾ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ 85 ശതമാനവും മുസ്‌ലിംകളല്ലാത്തവരാണ്. അവരുടെ കൈകളിലാണ് അധികാരമുള്ളത്. ഭരണഘടന അനുസരിച്ച് അവരെ അംഗീകരിക്കുകയാണ് വേണ്ടത്. നേരെ മറിച്ച് മുസ്‌ലിംകൾ 85 ശതമാനമായാൽ പോലും മറ്റ് മതസ്ഥരുമായി യുദ്ധം ചെയ്യാനല്ല; സൗഹാർദത്തോടെ കഴിയണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്നവരാണ് തങ്ങൾ. ആര് ഭരിച്ചാലും ഇന്ത്യൻ ഭരണ ഘടനയും നിയമവും അനുസരിച്ച് ജീവിക്കും.

എല്ലാ മതങ്ങളുമായും സൗഹാർദത്തിൽ ജിവിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എല്ലാ മതക്കാർക്കും പ്രവർത്തിക്കാനും അവരുടെ മതം പ്രചരിപ്പിക്കാനും ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. ഭരണത്തിൽ ദോഷം ചെയ്യുന്ന നയങ്ങളുണ്ടെങ്കിൽ നിയമത്തിന്റെ അകത്ത് നിന്ന്‌കൊണ്ട് ചോദ്യം ചെയ്യപ്പെടുമെന്നും അങ്ങിനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ അടിച്ചമർത്തി ഏതെങ്കിലും കക്ഷികളുടെ കൂടെ ചേർക്കാമെന്നോ അടർത്തിയെടുക്കാമെന്നോ ആരും കരുതേണ്ടെന്നും കാന്തപുരം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP