Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ മയക്കുമരുന്ന് കേസ്: ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്; അന്താരാഷ്ട്ര ബന്ധത്തെ കുറിച്ചും അന്വേഷണം

കണ്ണൂർ മയക്കുമരുന്ന് കേസ്: ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്; അന്താരാഷ്ട്ര ബന്ധത്തെ കുറിച്ചും അന്വേഷണം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിൽ ഒരുകോടിയിലേറെ വിലയുള്ള മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായ ദമ്പതികൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കാപ്പാട് സി.പി സ്റ്റോറിലെ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്ന അഫ്സൽ(38) ഭാര്യ ബൾക്കിസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ളൂര് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രണ്ടുപേരെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ബൾക്കിസിന് ടൂറിസ്റ്റ് ബസിൽ തുണിത്തരങ്ങളുടെ ബോക്സിൽ എം.ഡി. എം. എയും ബ്രൗൺഷുഗറും കറുപ്പുമെത്തിച്ചു നൽകിയത് അഫ്സലിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ നിസാമാണെന്നു വ്യക്തമായിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് നിസാം ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയത്. മയക്കുമരുന്ന് ബാൾക്കീസിൽ നിന്നും വാങ്ങുന്നവരും ഗൂഗിൾ പേവഴിയാണ് നിസാമിന് പണം കൈമാറിയത്.

ബൾക്കീസിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇയാളുമായി പലതവണ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നിസാമിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലിസ് പരിശോധിച്ചുവരികയാണ്. ബൾക്കീസിന്റെ അടുത്ത ബന്ധുകൂടിയാണ് നിസാം. പൊലിസ് തന്റെ ഫോൺ ചോർത്താതിരിക്കാനായി ഇയാൾ പത്തിലേറെ നമ്പറുകൾ മാറി മാറി ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കാനായി വിജനമായ പ്രദേശങ്ങളാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. ആളൊഴിഞ്ഞ മൈതാനങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും മയക്കുമരുന്ന് പൊതി ഉപേക്ഷിച്ചതിനു ശേഷം നിസാമിന് ഗൂഗിൾ മാപ്പ് അയച്ചുകൊടുക്കും.

ഇടപാടുകാർക്ക് നിസാമാണ് പിന്നീടിതിന്റെ് സ്‌ക്രീൻ ഷോട്ടു അയച്ചുകൊടുത്തിരുന്നത്. ആവശ്യക്കാർ ഗൂഗിൾ പേവഴി പണം നൽകിയാൽ മാത്രമേ മയക്കുമരുന്നുള്ള സ്ഥലത്തിന്റെ വിവരം കൈമാറിയിരുന്നുള്ളൂ. ഓരോ ഇടപാടുകൾ നടക്കുമ്പോഴും അതിന്റെ കമ്മീഷൻ ഇനത്തിൽ വലിയൊരു സംഖ്യ ബൾക്കീസിന് ലഭിച്ചിരുന്നു. കണ്ണൂർ നഗരത്തിൽ നിസാം നേരത്തെ നടത്തിയിരുന്ന കടയുടെ അഡ്രസിലാണ് പാർസലുകൾ വന്നിരുന്നത്.

എന്നാൽ ബംഗ്ളൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിന്റെ തലവൻ കണ്ണൂർസിറ്റി സ്വദേശി ജാസിമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ഇയാൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലിസ് പറയുന്നത്. നൈജീരിയൻ സ്വദേശികൾ ഉൽപാദിപ്പിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി. എം. എ മൊത്തമായി വാങ്ങി ചില്ലറ വിൽപനയ്ക്കായി കൈമാറുന്നതാണ് ഇയാളുടെ രീതി. നിസാം, ജാസിം എന്നിവർ രഹസ്യകേന്ദ്രത്തിൽ ഒളിവിലാണിപ്പോൾ. ഇവരെ പിടികൂടിയാൽ മാത്രമേ മയക്കുമരുന്ന് റാക്കറ്റിന്റെ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഭാര്യ ബൾക്കീസ് തന്റെ ബന്ധുവും സുഹൃത്തുമായ നിസാമുമായി ചേർന്ന് ഏജന്റായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് താൻ അറിഞ്ഞപ്പോൾ വിലക്കിയിരുന്നുവെന്നാണ് ബൾക്കിസിന്റെ അഫ്സൽ മൊഴി നൽകിയത്. ബംഗ്ളൂരിൽ ടീഷോപ്പ് നടത്തിയിരുന്ന അഫ്സൽ കോവിഡ് കാലത്ത് കച്ചവടം നടത്താൻ കഴിയാത്ത സാഹചര്യമായതിനാൽ നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഏറെയുള്ള ഇയാൾ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലഹരിവിൽപ്പനയുടെ വഴിയിൽ കൂട്ടുനിൽക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

മുലകുടി മാറാത്തെ കൈക്കുഞ്ഞുൾപ്പെടെ രണ്ടു ചെറിയ കുട്ടികളാണ് ഇവർക്കുള്ളത്. ചില തീവ്രവാദസംഘടനകൾ അന്താരാഷ്ട്രതലത്തിൽ മയക്കുമരുന്ന് മൊത്തകച്ചവടക്കാരായി മാറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് കണ്ണൂരിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് ഇത്തരം വേരുകളുണ്ടോയെന്ന കാര്യം രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചുവരികയാണ്.വിദേശബന്ധങ്ങളുണ്ടെന്ന സൂചന ലഭിച്ചാൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനും സാധ്യതയുണ്ട്.അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റ് കേരളത്തിൽ പിടിമുറുക്കിയതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടു നൽകിയിരുന്നു.

കണ്ണൂരടക്കമുള്ള വടക്കൻ കേരളത്തിലേക്ക് സിന്തറ്റിക്ക് മയക്കുമരുന്നുകളെത്തുന്നതിന് പിന്നിൽ വൻ ശക്തികൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ വിവരങ്ങൾക്കായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. എന്നാൽ പിടിയിലായവർ ഏജന്റുമാർ മാത്രമാണെന്നും വമ്പൻസ്രാവുകൾ പുറത്താണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP