Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് വീണ്ടും വൻ കഞ്ചാവ് വേട്ട; പത്ത് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; പിടിയിലായ യുവാക്കൾ നിരവധി മോഷണക്കേസിലെ പ്രതികളെന്ന് പൊലീസ്

കോഴിക്കോട് വീണ്ടും വൻ കഞ്ചാവ് വേട്ട; പത്ത് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; പിടിയിലായ യുവാക്കൾ നിരവധി മോഷണക്കേസിലെ പ്രതികളെന്ന് പൊലീസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: നഗരത്തിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കോഴിക്കോട് 10 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ പുതുക്കിടി വീട്ടിൽ നിസാമുദ്ധീൻ(29) നെ 7 കിലോ കഞ്ചാവുമായി മാവൂർ പൊലീസും മലപ്പുറം വാഴക്കാട് മുണ്ടുമുഴി മുണ്ടമോൾ വീട്ടിൽ അനസ്(28) നെ 3 കിലോ കഞ്ചാവുമായി കോഴിക്കോട് ടൗൺ പൊലീസും അറസ്റ്റ് ചെയ്തു.

മുൻപ് മോഷണം, മാല പൊട്ടിക്കൽ, ഭവനഭേദനം തുടങ്ങിയ കേസുകളിൽ പ്രതികളായ നിസാമുദ്ധീനും അനസും ഇവരുടെ ചില സുഹൃത്തുക്കളും ചേർന്ന് അമിതാദായത്തിനായി നിയമവിരുദ്ധമായി കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ ശ്രീ.പ്രിഥ്വിരാജന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ശ്രീ.മഹേഷ് കുമാർ കാളിരാജ് അവർകളുടെ നിർദേശ പ്രകാരം ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ശ്രീ.എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിലെയും നോർത്ത് അസി. കമ്മീഷണർ ശ്രീ. പൃഥ്വിരാജന്റെയും നേതൃത്വത്തിലുള്ള നോർത്ത് ക്രൈം സ്‌ക്വാഡിലെയും അംഗങ്ങളുൾപ്പെട്ട ഒരു സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്‌പെഷ്യൽ സ്‌ക്വാഡ് ഇവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. സ്‌പെഷ്യൽ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ ആന്ധ്രയിൽ നിന്നുമാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്നും വാടക്കെടുത്ത ലക്ഷ്വറി വാഹനങ്ങളുപയോഗിച്ചും ട്രെയിൻ മാർഗവുമാണ് ഇവർ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്നു മനസ്സിലാക്കിയ സ്‌പെഷ്യൽ സ്‌ക്വാഡ് റെയിൽവേ സ്റ്റേഷനുകൾ, ദീർഘദൂര സ്വകാര്യ ബസ് സർവീസുകൾ, ചെക് പോസ്റ്റുകൾ എന്നിവ കേന്ദ്രീകരിച്ചും ലക്ഷ്വറി വാഹനങ്ങൾ വാടകക്ക് നൽകുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തിൽ നിസാമുദ്ധീൻ ഒരു മഹീന്ദ്ര സൈലോ എക്സ്.യു.വി വാഹനം വാടകക്ക് എടുത്തതായി വിവരം ലഭിച്ചിരുന്നു.

സാധാരണ ഫോൺ കോളുകൾ ഉപയോഗിക്കുന്നതിനു പകരം ഇന്റർനെറ്റ് ഉപയോഗിച്ചുള്ള ഫോൺ കോളുകൾ ആണ് തങ്ങളുടെ കസ്റ്റമേഴ്സുമായി ആശയവിനിമയത്തിനായി ഇവർ ഉപയോഗിക്കുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്തിനെ തുടർന്ന് ഇവരിൽ നിന്നും കഞ്ചാവ് വാങ്ങിക്കുന്നവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പെരുവയൽ ഊർക്കടവ് സ്വദേശികളായ ചിലരും കോഴിക്കോട് വലിയങ്ങാടി സൗത്ത് ബീച്ച് ഭാഗത്തുള്ള ചിലരും ഇവർക്ക് കഞ്ചാവിനായി മുൻകൂട്ടി ഓർഡർ നൽകിയതായി വ്യക്തമായിരുന്നു. ഇവരുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിസാമുദ്ധീനും അനസും കഞ്ചാവുമായി കേരളത്തിലെത്തിയതായി സ്‌പെഷ്യൽ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ മനസ്സിലാക്കിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറുകയും ഇവർ കഞ്ചാവ് വിൽപ്പനക്കായി കൊണ്ടുവരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും ചെയ്തു.

പൊലീസിന്റെ കുറ്റമറ്റ പട്രോളിങ്ങിനിടയിൽ മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഊർക്കടവിൽ നിന്നും ലക്ഷ്വറി വാഹനത്തിൽ വിൽപ്പനക്കായി കൊണ്ട് വന്ന 7 കിലോ കഞ്ചാവുമായി നിസാമുദ്ധീനെ മാവൂർ എസ്‌ഐ ശ്രീ.മുരളിയുടെ നേതൃത്വത്തിൽ മാവൂർ പൊലീസും വിൽപ്പനക്കായി കൊണ്ടുവന്ന 3 കിലോ കഞ്ചാവുമായി അനസിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ് ഫോമിലേക്കുള്ള റോഡിനു സമീപത്തു നിന്നും കോഴിക്കോട് ടൗൺ എസ്‌ഐ ശ്രീ.ഗോപകുമാറിന്റെ നേതൃത്വത്തിൽ ടൗൺ പൊലീസുമാണ് പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ നിസാമുദ്ധീന്റെ പേരിൽ കേരളത്തിലും കർണാടകയിലുമായി മോഷണം, പിടിച്ചുപറി, ഭവനഭേദനം എന്നിവക്ക് നിരവധി കേസുകൾ നിലവിലുണ്ട്. നിസാമുദ്ധീനെ ചോദ്യം ചെയ്തതിൽ നിന്നും മലപ്പുറം ടൗണിലെ ഒരു ലൂയിസ് ഫിലിപ്പ് ഷോറൂമിൽ നിന്നും കൂട്ടാളികളോടൊപ്പം 5 ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങൾ മോഷ്ടിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. മഹേഷ്‌കുമാർ കാളിരാജിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ശ്രീ.എ.ജെ ബാബുവിന്റെയും നോർത്ത് അസി. കമ്മീഷണർ ശ്രീ.പൃഥ്വിരാജന്റെയും നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, സജി, അഖിലേഷ്, ജോമോൻ, നവീൻ, ഷാലു, പ്രപിൻ, നിജിലേഷ്, ജിനേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തെ തുടർന്ന് കോഴിക്കോട് ടൗൺ എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും മാവൂർ എസ്‌ഐ ശ്രീ.മുരളി യുടെ നേതൃത്വത്തിലുള്ള മാവൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP