Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രത്താളുകളിൽ ഇടംപിടിക്കാനൊരുങ്ങി അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം; ഹരിത-പാരിസ്ഥിതിക സൗഹൃദമായിരിക്കും കലോത്സവം; ചരിത്രത്തിലാദ്യമായി കലാതാരകങ്ങൾ ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടും; കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും

ചരിത്രത്താളുകളിൽ ഇടംപിടിക്കാനൊരുങ്ങി അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം; ഹരിത-പാരിസ്ഥിതിക സൗഹൃദമായിരിക്കും കലോത്സവം; ചരിത്രത്തിലാദ്യമായി കലാതാരകങ്ങൾ ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടും; കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും

സി.ടി.വില്യം

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ തിരശീല ഉയരാൻ ഇനി രണ്ടു നാൾ. 117  പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് ഇന്ന് തൃശൂരിൽ കലോത്സവം ചെയർമാനായ സംസ്ഥാന കൃഷി മന്ത്രി അഡ്വ.വി എസ്. സുനിൽകുമാർ ഏറ്റുവാങ്ങി. കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും.

24 വേദികളിലായി 12000 കൗമാര കലാതാരകങ്ങൾ പങ്കെടുക്കുന്ന കലോത്സവം ജനുവരി 6 ന് മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 10 ന് സമാപന സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ അദ്ധ്യയന ദിവസങ്ങൾ കുറഞ്ഞുപോകാതിരിക്കാൻ ഇക്കുറി കലോത്സവം അഞ്ചു ദിവസമാക്കി കുറച്ചു.

ഒരുപാട് സവിശേഷതകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമാവുകയാണ് അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളില്ലാത്ത ഈ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികൾ വിതരണം ചെയ്യും. 80 ശതമാനം മാർക്കുവാങ്ങുന്നവർക്ക് ''എ'' നൽകും. അതിന്നുപിറകെ മറ്റു ഗ്രേഡുകളും.

പൂർണ്ണമായും ഹരിത ശ്രേണി കേന്ദ്രീകൃതമായ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലായിരിക്കും അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം അരങ്ങേറുക. ഇതിന്നായി ഒരു ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.

കലോത്സവ വേദികളും കലോത്സവം നടക്കുന്ന തൃശൂർ നഗരിയും കലോത്സവനാളുകളിൽ ഹരിത സൗഹൃദ മേഖലയായിരിക്കും. കലോത്സവ സ്ഥലികളിൽ പ്ലാസ്റ്റിക് മാലിന്യം ഒരുകാരണവശാലും ഉണ്ടാവില്ല. കലോത്സവത്തിന്റെ ബാഡ്ജ് മുതൽ ട്രോഫികൾ വരെ പ്ലാസ്റ്റിക് മുക്തമായിരിക്കും. കലോത്സവ നഗരിയിൽ എഴുതാനുപയോഗിക്കുന്ന പേനകൾ കടലാസ്സു നിർമ്മിതമാണ്. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും ഗ്ലാസ്സുകളും സ്റ്റീൽ- കളിമൺ-മുള നിർമ്മിതങ്ങളായിരിക്കും. ഭക്ഷണ ശാലയിൽ ഒരുങ്ങുന്ന സദ്യയിൽ ഉപയോഗിക്കുന്നത് കേരളത്തിലെ വിദ്യാർത്ഥികളും കർഷകരും നട്ടുനനച്ചു വിളവെടുത്ത പച്ചക്കറികളായിരിക്കും.

അതുപോലെ തന്നെ കലോത്സവ വേദികളുടെ നാമകരണത്തിലും വ്യത്യസ്തത അവകാശപ്പെടുന്നുണ്ട്. നേരത്തെ പുഴകളുടെ പേരുകളാണ് കൊടുത്തതെങ്കിൽ ഇക്കുറി മരങ്ങളുടെയും പൂക്കളുടെയും പേരുകളാണ് വേദികൾക്ക് കൊടുത്തിരിക്കുന്നത്. നീർമാതളം, നിശാഗന്ധി, നീലക്കുറിഞ്ഞി, തേൻ വരിക്ക, ചെമ്പരത്തി, നീരോൽപ്പലം, നീർമരുത്, നന്ത്യാർവട്ടം, കുടമുല്ല എന്നിങ്ങനെ കേരം വരെ പോകുന്നു വേദികളുടെ അത്ഭുതപ്പെടുത്തുന്ന പേരുകൾ. കലോത്സവ വേദിയിലെ നറുക്കെടുപ്പ് പാത്രം മുളം കുംഭങ്ങളാവും. നമ്പരുകൾ രേഖപ്പെടുത്തുന്നത് പയർ മണികളിലായിരിക്കും.

ഇത് ലോക ചരിത്രത്തിലെ, ഈ രീതിയിലുള്ള ആദ്യത്തെ സർഗ്ഗോത്സവമായിരിക്കും. അയൽ സംസ്ഥാനങ്ങൾ ഈ കലോത്സവത്തെ വരുംകാലങ്ങളിൽ അനുകരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു. ഗോവയിലെ വിദ്യാഭ്യാസ മേഖലയിലുള്ള വിദഗ്ദർ ഈ കലോത്സവത്തെ കുറിച്ച് ഗവേഷണം ആരംഭിച്ചുകഴിഞ്ഞതായി സംഘാടകർ അവകാശപ്പെടുന്നു. ഈ കലോത്സവത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്നതിന്നും തദ്വാര യുനെസ്‌കോ യുമായി ബന്ധപ്പെടുത്തി ഫണ്ട് സ്വരൂപിക്കുന്നതിന്നും സംഘാടകർ ശ്രമിച്ചുവരുന്നു.

മുൻ വർഷങ്ങളിൽ കലോത്സവങ്ങൾ അറിയപ്പെട്ടിരുന്നത് മേളകൾ എന്നാണ്. എന്നാൽ ഈ വർഷം മുതൽ സംസ്ഥാനത്തിലെ എല്ലാ മേളകളും ഉത്സവങ്ങളായാണ് അറിയപ്പെടുക. ഇതിന്നായി കലാ-കായിക-ശാസ്ത്ര രേഖകൾ പുതുക്കി പരിഷ്‌കരിക്കുകയായിരുന്നു. ഇനിമുതൽ കേരളത്തിൽ കലോത്സവം, കായികോത്സവം, ശാസ്‌ത്രോൽസവം എന്നിവ മാത്രമാണ് ഉണ്ടാവുക. മേളകൾ ഇനി ഇല്ല.

കലാ-കായിക-ശാസ്ത്ര രംഗങ്ങളിൽ അക്കാദമിക-സർഗ്ഗ ശാക്തീകരണം കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ കലാതാരങ്ങളുടെ വസ്ത്രത്തിന്നോ ആഭാരണങ്ങൾക്കോ മറ്റു ആലങ്കാരിതക്കോ പ്രത്യേക മാർക്ക് ഉണ്ടാവില്ല ഈ കലോത്സവത്തിൽ. കലയുടെ അക്കാദമിക-സർഗ്ഗ ശാക്തീകരണത്തെ മുൻ നിർത്തിയായിരിക്കും വിദഗ്ദരായ വിധികർത്താക്കൾ മാർക്കിടുക. ഈ പുതിയ രീതി കലോത്സവത്തിലെ തർക്കങ്ങളും കേസ്സുകളും കുറയ്ക്കുമെന്നും സംഘാടകർ കരുതുന്നു.

അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകത അത് ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നു എന്നതാണ്. ഇന്ത്യൻ തപ്പാൽ വകുപ്പ് ഈ കലോത്സവത്തിന്റെ ഓർമ്മക്കായ് തപ്പാൽ സ്റ്റാമ്പ് ഇറക്കുന്നുണ്ട്. മാത്രമല്ല, 'എ' ഗ്രേഡ് കിട്ടുന്ന എല്ലാ പ്രതിഭകളുടെയും അവർ പ്രതിനിധാനം ചെയ്യുന്ന കലയുമായി ബന്ധപ്പെട്ട അവരുടെ ദൃശ്യാവിഷ്‌കാരം തപ്പാൽ സ്റ്റാമ്പായി ഇറങ്ങും. പക്ഷെ ഇതിനുള്ള സാമ്പത്തിക ചെലവുകൾ അതതു് കലാ പ്രതിഭകളുടെ രക്ഷിതാക്കൾ വഹിക്കേണ്ടതാണ്.

കലോത്സവത്തിന്റെ മുഴുവൻ നാളുകളിലും കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഇൻഷുറൻസ് സുരക്ഷയുണ്ടാവും. ലോക ചരിത്രത്തിൽ ഇതും ആദ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP