Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലേസർ പ്രൊജക്ടർ സംവിധാനവും സിൽവർ സ്‌ക്രീനും; ഒപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനവും 4 കെ യും; റീ ഓപ്പണിങ്ങ് മമ്മൂട്ടി ചിത്രം പ്രീസ്റ്റിലൂടെ; അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നവീകരിച്ച് കോഴിക്കോട്ടെ കൈരളി- ശ്രീ തീയേറ്ററുകൾ

ലേസർ പ്രൊജക്ടർ സംവിധാനവും സിൽവർ സ്‌ക്രീനും; ഒപ്പം ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനവും 4 കെ യും; റീ ഓപ്പണിങ്ങ് മമ്മൂട്ടി ചിത്രം പ്രീസ്റ്റിലൂടെ; അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നവീകരിച്ച് കോഴിക്കോട്ടെ കൈരളി- ശ്രീ തീയേറ്ററുകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഏറ്റവും അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കോഴിക്കോട്ട് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൈരളി- ശ്രീ തീയേറ്ററുകളുടെ നവീകരണം പൂർത്തിയായി. വൻ ബജറ്റിൽ മികച്ച സാങ്കേതിക തികവിൽ ഒരുക്കിയിരിക്കുന്ന സിനിമകൾ ഇനി അവ ആവശ്യപ്പെടുന്ന സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുമെന്ന് തിയേറ്റർ മാനേജർ മോഹൻ പറഞ്ഞു.

തീയേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്. മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ തിയേറ്ററിൽ പ്രദർശനം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപകമാകുന്ന സാഹചര്യം പ്രതിസന്ധിയാകുന്നുണ്ടെങ്കിലും ഫെബ്രുവരി ആദ്യവാരമോ രണ്ടാം വാരമോ തിയേറ്ററുകൾ പ്രേക്ഷകർക്കായി തുറന്നുകൊടുക്കുമെന്നും തിയ്യതി പ്രഖ്യാപിക്കേണ്ടത് ചെയർമാനാണെന്നും മാനേജർ വ്യക്തമാക്കി. നിലവിൽ ഫെബ്രുവരി നാലിനാണ് മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലേസർ പ്രൊജക്ടർ സംവിധാനമാണ് കൈരളി തിയേറ്ററിന്റെ പ്രത്യേകത. കോഴിക്കോട് ജില്ലയിൽ രണ്ട് തിയേറ്ററുകളിൽ മാത്രമാണ് ഇത്തരമൊരു സംവിധാനമുള്ളത്. മികച്ച നിലവാരത്തിലുള്ള സിൽവർ സ്‌ക്രീൻ മറ്റൊരു പ്രത്യേകതയാണ്. സാധാരണ സ്‌ക്രീനിനേക്കാൾ കൂടുതൽ പ്രകാശത്തെ ചിതറിക്കാൻ കഴിയുന്നതാണ് സിൽവർ സ്‌ക്രീൻ. ദൃശ്യങ്ങൾ കൂടുതൽ മികവോടെ ഇതിൽ ആസ്വദിക്കാൻ സാധിക്കും. ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തിലാണ് തിയേറ്ററുകൾ ഒരുക്കിയത്. 4 കെ സംവിധാനമാണ് ശ്രീ തിയേറ്ററിൽ ഒരുക്കിയത്. തിയേറ്ററിൽ പുതിയ ടൈലുകൾ പാകിയിട്ടുണ്ട്. തിയേറ്റർ പരിസരത്ത് ഇന്റർലോക്ക് പതിക്കുകയും കൂടുതൽ വിശാലമായ പാർക്കിങ് സംവിധാനവും തിയേറ്ററിനുള്ളിൽ മനോഹരമായ ലൈറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിയേറ്ററിന്റെ ബോർഡ് ഉൾപ്പെടെ ഇതിനകം സാധിച്ചുകഴിഞ്ഞു. അഞ്ചര കോടിയോളം രൂപ ചെലവിട്ടാണ് കോവിഡ് കാലത്ത് തിയേറ്ററുകൾ നവീകരിച്ചത്. 701 സീറ്റുകളാണ് കൈരളി തിയേറ്ററിലുള്ളത്. ശ്രീയിൽ 311 സീറ്റുകളുണ്ട്.

നഗരത്തിൽ നിരവധി തിയേറ്ററുകൾ നേരത്തെ തന്നെ പൂട്ടിപ്പോയിട്ടുണ്ട്. ബ്ലൂഡയമണ്ട്, പുഷ്പ, സംഗം, ഡേവിസൺ തിയേറ്ററുകളെല്ലാം നേരത്തെ തന്നെ പൂട്ടിയതാണ്. കോർണേഷൻ തിയേറ്ററാവട്ടെ നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. താഴെ ഷോപ്പിങ് മാളും മുകളിൽ തിയേറ്ററുമാണ് ഇവിടെ ഒരുക്കുന്നത്. ക്രൗൺ, അപ്‌സര, രാധ, ഗംഗ തിയേറ്ററുകളാണ് കോഴിക്കോട് നഗരത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ആർ പി മാളിൽ മൾട്ടിപ്ലെക്‌സ് തിയേറ്റുറുകളുമുണ്ട്. പുതുതായി ബേബി മെമോറിയൽ ആശുപത്രിക്ക് സമീപം ആരംഭിച്ച ഗോകുലം മാളിലും മൾട്ടിപ്ലെക്‌സുകൾ ഒരുങ്ങുന്നുണ്ട്. നഗരത്തോട് ചേർന്ന് ഈസ്റ്റ് ഹില്ലിൽ റീഗൽ തിയേറ്ററും പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കിടയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ സർക്കാർ തിയേറ്ററും നവീകരിച്ച് ഒരുങ്ങുന്നത്.

കോവിഡ് കാലത്ത് അടച്ചിട്ട തിയേറ്ററുകൾ മാസങ്ങൾക്ക് ശേഷമാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് സിനിമ ആയിരുന്നു ആദ്യ റിലീസ്. തുടർന്ന് ജയസൂര്യ ചിത്രം വെള്ളം എന്ന മലയാള സിനിമ പ്രദർശനത്തിനെത്തി. ലവ്, വാങ്ക് തുടങ്ങിയ ചിത്രങ്ങളാണ് ഇന്നലെ പ്രദർശനമാരംഭിച്ചത്. സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം, മരട് 357,വർത്തമാനം, വെളുത്ത മധുരം, സണ്ണി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങൾ അടുത്ത മാസം പ്രദർശനത്തിനെത്തും. കോവിഡ് കാലത്ത് കടുത്ത നിബന്ധനകളോടെയാണ് തിയേറ്ററുകൾ പ്രവർത്തിക്കുന്നത്. കോവിഡ് ഭീതി കാരണം വലിയ തോതിൽ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുമില്ല. ഏതായാലും വൻ ബജറ്റ് ചിത്രങ്ങൾ പ്രദർശനത്തിനെത്താനിരിക്കെ കോഴിക്കോട്ടെ സിനിമാ പ്രേമികൾക്ക് സന്തോഷം പകർന്നാണ് കൈരളി- ശ്രീ തിയേറ്ററുകൾ ഒരുങ്ങിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP