Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽജി പൗലോസിനെ വെട്ടിയതിന് പിന്നിൽ ബിസിനസ് കുടിപ്പക; മുൻ ജനറൽ മാനേജരും കുടുംബ സുഹൃത്തും പ്രതികളെന്ന് പൊലീസ്; വെട്ടേറ്റ വനിതാ നേതാവിന്റെ ഇടപെടലുകളും അന്വേഷിക്കും

സെൽജി പൗലോസിനെ വെട്ടിയതിന് പിന്നിൽ ബിസിനസ് കുടിപ്പക; മുൻ ജനറൽ മാനേജരും കുടുംബ സുഹൃത്തും പ്രതികളെന്ന് പൊലീസ്; വെട്ടേറ്റ വനിതാ നേതാവിന്റെ ഇടപെടലുകളും അന്വേഷിക്കും

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരള വനിത കോൺഗ്രസ് എം ജില്ലാ പ്രസിഡന്റുമായ സിൽജി പൗലോസിനെ കാർ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചതു പിന്നിൽ ബിസിനസ് കുടിപ്പകയെന്ന് പൊലീസും. സംഭവത്തിൽ കുടുംബസുഹൃത്ത് കീഴൂർ പാറേപറമ്പിൽ ഷാജി ജോസഫ് (44), സിൽജിയുടെ സ്ഥാപനത്തിന്റെ ജനറൽ മാനേജരായിരുന്ന മാണികാവ് സ്വദേശിനി റെനി (38), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിങ്ങനെ മൂന്നുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ പ്രതികളെ ആരേയും പൊലീസ് പിടികൂടിയിട്ടില്ല.

കേരളത്തിന്റെ വിവിധ ജില്ലകളിൽ അമേരിക്കൻ ഇലക്‌ട്രോളൈസിസ് എന്ന സ്ഥാപനം നടത്തിവരികയാണ് സിൽജി. സ്ഥാപനത്തിന്റെ ജനറൽ മാനേജരായിരുന്ന റെനി സ്ഥാപനത്തിൽനിന്ന് മാറുകയും ഷാജിയുമായി ചേർന്ന് മറ്റൊരു സ്ഥാപനം നടത്തിവരികയുമായിരുന്നു. ഇതിന്റെ തുടർച്ചയായി സെൽജിയും ഈ ഗ്രൂപ്പുമായി തെറ്റി. ഇതാണ് ആക്രമണത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഷാജി പലതവണ സിൽജിയെ മൊബൈലിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നതായും കടുത്തുരുത്തി സ്‌റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നിലവിലുള്ളതായും സിൽജിയുടെ ഭർത്താവ് കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി കെ.എം. പൗലോസും വ്യക്തമാക്കി.

ചെറിയ കാലയളവിൽ ഇവരുടെ ബിസിനസ്സ് ഒട്ടേറെ ശാഖകളായി വളർന്നതും ഈ ബിസിനസ്സിന്റെ നിയമപരമായ സാധുതകളും അന്വേഷിക്കണമെന്ന് ചിലർ കുറച്ചു കാലം മുതലേ ആവശ്യപ്പെട്ടിരുന്നു. അതും അന്വേഷണ സംഘം പരിഗണിച്ചേക്കും. അതിലൂടെ മാത്രമേ സിൽജോയുടെ ആക്രമണത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കാൻ കഴിയൂ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതുകൊണ്ട് ഇവരുടെ ബിസിനസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കും.

അതിനിടെ സംഭവത്തിനു രണ്ടു മണിക്കൂറിനു ശേഷം സിൽജിയെ പ്രവേശിപ്പിച്ചിരുന്ന മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ഷാജി എത്തിയിരുന്നു. സിൽജിയുടെ ആരോഗ്യ സ്ഥിതി തിരക്കിയാണ് എത്തിയത്. കടുത്തുരുത്തി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ജനപ്രതിനിധികളും അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നു. മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ ഇയാൾ മുങ്ങി. ഷാജിക്കൊപ്പമെത്തിയ അയൽവാസിയെ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. പിന്നീട് ഷാജി ഒളിവിൽ പോയെന്നാണ് പൊലീസിന്റ നിഗമനം. റെനിയെ കുറിച്ചും വിവരമില്ല.

പാലാ ഡിവൈഎസ്‌പി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കീഴൂർ റോഡിൽ ഉദയഗിരിക്കു സമീപത്താണ് സിൽജിക്ക് വെട്ടേറ്റത്. തലയ്ക്കും കൈകൾക്കും ഗുരുതരമായി വെട്ടേറ്റ സിൽജി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

കീഴൂരുള്ള തറവാട്ടുവീട്ടിൽ പോയി കടുത്തുരുത്തിയിലെ വീട്ടിലേക്ക് കാർ ഓടിച്ചുപോകുമ്പോൾ പിന്നാലെ വാഹനത്തിലെത്തിയ ഷാജി കാർ വിലങ്ങുകയും സീറ്റിൽനിന്നു തന്നെ വലിച്ചിറക്കി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നാണ് സിൽജി പൊലീസിനു നൽകിയ മൊഴി. ചോരയിൽ കുളിച്ചുകിടന്ന സിൽജിയെ ഉപേക്ഷിച്ച് ഷാജി മടങ്ങിയതോടെ സിൽജിതന്നെ ഭർത്താവ് പൗലോസിനെ ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് അദ്ദേഹം എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

രാത്രി എട്ടോടെ കീഴൂർ ഉദയഗിരിക്കു സമീപത്താണ് സംഭവം. സിൽജി ഓടിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയാണ് ആക്രമണമുണ്ടായത്. കീഴൂർ സ്വദേശി ഷാജിയാണ് വടിവാളുപയോഗിച്ചു വെട്ടിയതെന്നു സിൽജി പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. കീഴൂരുള്ള തറവാട്ടുവീട്ടിൽ നിന്നു കടുത്തുരുത്തിയിലെ വീട്ടിലേക്കു കാർ ഓടിച്ചുവരുമ്പോഴാണ് ആക്രമണമുണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ ഷാജി മുന്നിൽ കയറ്റി കുറുകെ നിർത്തുകയും തലങ്ങും വിലങ്ങും വെട്ടുകയും ചെയ്‌തെന്നാണു സിൽജി പൊലീസിന് മൊഴി നൽകിയത്.

അമിത രോമവളർച്ച തടയുന്ന മരുന്നിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ നിരന്തരം പരസ്യം ചെയ്യുന്ന അമേരിക്കൻ ഇലക്ട്രോലൈസിസ് എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയാണ് സിൽജി. കടുത്തുരുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രോലൈസിസിന് കോഴിക്കോട്, കോട്ടയം, കൊച്ചി, തൃശൂർ, തിരുവനന്തപുരം, തൊടുപുഴ, മലപ്പുറം, കൊട്ടാരക്കര, അങ്കമാലി, പാലാ, ആലപ്പുഴ, കണ്ണൂർ, കൽപ്പറ്റ, കൊല്ലം എന്നിവിടങ്ങളിൽ ബ്രാഞ്ചുണ്ട്. കൂടുതൽ സ്ഥലത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയായിരുന്നു അവർ. അതിനിടെയാണ് ആക്രണം.

അമേരിക്കയിൽ നിന്ന് ഇലക്ട്രോലൈസിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയശേഷമാണ് മാനേജിങ് ഡയറക്ടറായി സിൽജി ക്ലിനിക് ആരംഭിച്ചത്. അമിത രോമവളർച്ചയുടെ കാരണങ്ങൾ മനസിലാക്കിയശേഷമാണ് ചികിത്സ നടത്തുന്നതെന്ന് അവർ സ്ഥിരമായി നൽകുന്ന പത്ര പരസ്യത്തിൽ പറയുന്നുണ്ട്. വിദേശരാജ്യങ്ങളിലെ കോസ്‌മെറ്റിക് ടെക്‌നോളജി ഇന്ത്യൻ ചർമത്തിനു ചേരുന്ന വിധത്തിൽ പ്രയോജനപ്പെടുത്തുന്നുവെന്നതാണ് സ്ഥാപനത്തിന്റെ വിജയരഹസ്യമെന്നും വിവിധ മാദ്ധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP