Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങളെ കൊള്ളയടിക്കാത്ത ജനകീയ ബാങ്കാണ് കേരള ബാങ്ക്; അനാവശ്യതടസ്സവാദങ്ങൾ ഉന്നയിച്ച് കേരള ബാങ്കിനെ എതിർക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തുറന്ന കത്ത്

ജനങ്ങളെ കൊള്ളയടിക്കാത്ത ജനകീയ ബാങ്കാണ് കേരള ബാങ്ക്; അനാവശ്യതടസ്സവാദങ്ങൾ ഉന്നയിച്ച് കേരള ബാങ്കിനെ എതിർക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തുറന്ന കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിക്കാൻ അനുവദിക്കില്ല എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യുടെ പ്രസ്താവന കാര്യങ്ങൾ പൂർണമായി ഉൾക്കൊള്ളാത്തതുകൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സംസ്ഥാന സഹകരണ ബാങ്കിന് നിലവിൽ ഏറ്റവും ഉയർന്ന മൂലധന പര്യാപ്തതയുള്ളതുകൊണ്ട് ജില്ലാ ബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്നത് ഒട്ടും അനുചിതമല്ല.ഇടതുപക്ഷം എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ എതിർക്കുകയും കെഎസ്സിബി-ഡിസിബി ലയനം നടപ്പാക്കുകയും ചെയ്യുന്നു എന്ന വിമർശനത്തിലും കഴമ്പില്ല. എസ്‌ബിഐ-എസ്‌ബിറ്റി ലയനം സംസ്ഥാനത്തിന് ദോഷകരമാകുമ്പോൾ, കേരള ബാങ്ക വരുന്നതോടെ സംസ്ഥാനത്തിന്റെ ബാങ്ക് നിർവാഹക ശേഷി കൂടുകയാണ് ചെയ്യുക.ജനങ്ങളെ കൊള്ളയടിക്കാത്ത ജനകീയ ബാങ്കിനെ അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് പിറകോട്ട് വലിക്കാതെ സർക്കാർ നടപടികളെ പിന്തുണയ്ക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട ശ്രീ. രമേശ് ചെന്നിത്തല,

കേരള ബാങ്ക് രൂപീകരിക്കാൻ അനുവദിക്കില്ല എന്ന അങ്ങയുടെ പ്രസ്താവന ശ്രദ്ധയിൽപെട്ടതിനാലാണ് ഇത്തരമൊരു തുറന്ന കത്ത് എഴുതുന്നത്.ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കും എന്നത്. ഈ പത്രികയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് നിലവിലെ ഇടതു മുന്നണി സർക്കാർ. അതുകൊണ്ട് തന്നെ ജനതയുടെ അംഗീകാരം നേടിയ ഒരു വാഗ്ദാനം നടപ്പാക്കുക എന്നത് ജനഹിതമാണ്.

ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നതിനോടുള്ള അങ്ങയുടെ വിയോജിപ്പ് കാര്യങ്ങൾ പൂർണ്ണമായി ഉൾകൊള്ളാത്തത് മൂലമാണ്. സംസ്ഥാന സഹകരണ ബാങ്ക് കഴിഞ്ഞ 3 വർഷമായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. എനാൽ 200ലധികം കോടി രൂപയുടെ സഞ്ചിതനഷ്ടമുണ്ട്. ഇതിന് കാരണം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിക്ക് ഉയർന്ന നിരക്കിൽ കരുതൽ സൂക്ഷിച്ചതാണ്. മാർക്കറ്റ്‌ഫെഡ്, റബർ മാർക്കറ്റിങ് ഫെഡറേഷൻ, അഗ്രീൻകോ, റബ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ വായ്പയാണ് കാലങ്ങളായി കുടിശ്ശികയായിട്ടുള്ളത്. ഇതിനെല്ലാം 100 ശതമാനമാണ് കരുതൽ സൂക്ഷിച്ചിട്ടുള്ളത്. അതായത് സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം സാങ്കേതികമാണെന്നാണ് സൂചിപ്പിച്ചത്. മാത്രമല്ല, സംസ്ഥാന സഹകരണ ബാങ്കിനാണ് നിലവിൽ ഏറ്റവും ഉയർന്ന മൂലധന പര്യാപ്തതയുള്ളത്. ഈ സാഹചര്യത്തിൽ ജില്ലാ ബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്നത് ഒട്ടും അനുചിതമല്ല.

അങ്ങയുടെ മറ്റൊരു വിമർശനം ഇടതുപക്ഷം എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ എതിർക്കുകയും കെഎസ്സിബി-ഡിസിബി ലയനം നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ്. എസ്‌ബിഐ-എസ്‌ബിറ്റി സംയോജനത്തെ എതിർത്തതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഇപ്പോൾ അവ അനുഭവവേദ്യമായിരിക്കുകയാണ്. എസ്‌ബിറ്റിയെ എസ്‌ബിഐയിൽ ലയിപ്പിച്ചതിലൂടെ നിരവധി ബാങ്ക് ശാഖകളാണ് കേരളത്തിന് നഷ്ടമായത്. കേരളത്തിലെ ചെറുപ്പക്കാർക്ക് ലഭിക്കേണ്ട കുറെയേറെ തൊഴിലവസരങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. നിലവിലെ ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി. ബാങ്കിങ് സേവനങ്ങൾക്ക് സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ വലിയ ചാർജുകൾ ഈടാക്കുന്നു. പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ അക്കൗണ്ടുകൾ വരെ കൊള്ളയടിക്കുന്ന സ്ഥിതിയുണ്ടായത് അങ്ങേയ്ക്കും അറിവുള്ളതാണല്ലോ. മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയിൽ എസ്‌ബിറ്റിയിൽ നിന്നും ലഭിച്ചിരുന്ന പിന്തുണ എസ്‌ബിഐകയിൽ നിന്നും ലഭിക്കുന്നുമില്ല. സംസ്ഥാനത്ത് നിന്നും ശേഖരിക്കപ്പെടുന്ന വിഭവം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു.

എന്നാൽ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും തമ്മിൽ സംയോജിപ്പിക്കുമ്പോൾ കേരള ജനതയുടെ ബാങ്കിങ് ആവശ്യങ്ങൾ നിർവഹിക്കാനുള്ള ശേഷി കൂടുകയാണ് ചെയ്യുന്നത്. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ ഏകീകൃത സോഫ്റ്റ്‌വെയർ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ഏർപ്പെടുത്താൻ കഴിയുന്നു. പ്രാഥമിക ബാങ്കുകളിലൂടെ ആധുനിക ബാങ്കിങ് സേവനങ്ങൾ ഗ്രാമീണ ജനതയ്ക്കും ലഭ്യമാക്കാൻ കഴിയും. നമ്മുടെ നാട്ടിൽ നിന്നും സ്വരൂപിക്കപ്പെടുന്ന വിഭവം സംസ്ഥാനത്ത് തന്നെ വിനിയോഗിക്കാനും കഴിയും. ബാങ്കിങ് സേവനങ്ങൾ ചാർജ് ഇല്ലാതെയോ, ഏറ്റവും കുറഞ്ഞ ചാർജ്ജിലോ നൽകാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ശാഖകൾ പൂട്ടുകയോ ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യുന്നില്ല. കൂടാതെ എൻആർഐ നിക്ഷേപമടക്കം സ്വീകരിച്ച് അത് നാടിന്റെ ഭാവി വികസനത്തിന് ഉപയുക്തമാകുന്ന രീതിയിൽ വിനിയോഗിക്കാനും കഴിയും. ചുരുക്കത്തിൽ എസ്‌ബിഐ-എസ്‌ബിറ്റി ലയനം സംസ്ഥാനത്തെ ദുർബലപ്പെടുത്തുമ്പോൾ കെഎസ്സിബി-ഡിസിബിലയനം സംസ്ഥാന വികസനത്തിന് അനുഗുണമായി തീരുന്നു എന്നുള്ളതാണ് ഈ രണ്ട് ലയനങ്ങളും തമ്മിലുള്ള കാതലായ വ്യത്യാസം.

കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങളിൽ ഹ്രസ്വകാല കാർഷിക വായ്പാ മേഖലയിൽ ദ്വിതല ഘടനയാണ് ഉചിതമെന്നത് ഇതിനായി നിയോഗിച്ച വിവിധ കമ്മിറ്റികളും, കമ്മീഷനുകളും ശുപാർശ ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇന്നത്തെ സംസ്ഥാന ബാങ്കിങ് സാഹചര്യത്തിൽ കേരള ബാങ്കെന്ന ആശയത്തിന് വളരെയേറെ പ്രസക്തിയുമുണ്ട്. സംസ്ഥാനത്തിന്റെ വൻകിട വികസന പദ്ധതികൾക്ക് എൻ.ആർ.ഐ നിക്ഷേപം അടക്കം സ്വീകരിച്ച് വിനിയോഗിക്കാൻ ഈ പദ്ധതി സഹായകമാകും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് തുടങ്ങീ സംസ്ഥാനങ്ങൾ ലയനത്തിലൂടെ കേരള ബാങ്ക് മാതൃക പിന്തുടരാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് അങ്ങ് അറിഞ്ഞു കാണുമല്ലോ.

മുൻകാല അനുഭവങ്ങളിലേക്ക് പോയാൽ ഗോശ്രീ പദ്ധതി, സിയാൽ, കൊച്ചിൻ മെട്രോ, കോഴിക്കോട് റോഡ് വികസന പദ്ധതി എന്നിവയ്‌ക്കെല്ലാം വായ്പ നൽകാൻ ദേശസാൽകൃത ബാങ്കുകളടക്കം അറച്ച് നിന്നപ്പോൾ നമ്മുടെ സഹകരണ ബാങ്കുകളാണ് ഈ ആവശ്യത്തിന് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്നത് സ്മരണീയമാണ്. ഇത് കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കേരള ബാങ്കിന് സാധിക്കും.

കേരള ബാങ്ക് രൂപീകരണത്തിനായി എം.എസ്. ശ്രീറാം കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ശാക്തീകരണമാണ് അടിവരയിടുന്നത്. സർക്കാർ നയവും അതുതന്നെയാണ്. അതിനാൽ ഇക്കാര്യത്തിൽ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ആകെയുണ്ടാകുന്ന കുറവ് 14 ജില്ലാ സഹകരണ ബാങ്കുകളിലെ ഡയറക്ടർ ബോർഡ് ഇല്ലാതാകുന്നു എന്നത് മാത്രമാണ്. ഏതാനും നേതാക്കൾക്ക് സ്ഥാനം നഷ്ടമാകും. ഈ ഒരു കാരണം മുൻനിർത്തി കേരള ബാങ്കിനെ എതിർക്കേണ്ടതുണ്ടോ എന്ന് വിശദമായി ഒരിക്കൽ കൂടെ വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാരിന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കേരള ജനത ആഗ്രഹിക്കുന്നത് എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും നൽകാൻ കഴിയുന്ന എന്നാൽ ജനങ്ങളെ കൊള്ളയടിക്കാത്ത ഒരു ജനകീയ ബാങ്കാണ്. ഇത് സാക്ഷാത്കരിക്കാൻ കേരള ബാങ്കിന് സാധിക്കും. ഇത്തരുണത്തിൽ അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് കേരള ബാങ്കെന്ന വലിയ ലക്ഷ്യത്തെ പിറകോട്ട് വലിക്കാതെ സർക്കാർ നടപടികളെ പിന്തുണയ്ക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

സസ്‌നേഹം

കടകംപള്ളി സുരേന്ദ്രൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP