Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി 26.79 കോടി രൂപയുടെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. അമ്പതിനായിരം രൂപ വരെയുള്ള ധനസഹായ വിതരണം അടുത്ത മാസം മുതലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി 26.79 കോടി രൂപയുടെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. അമ്പതിനായിരം രൂപ വരെയുള്ള ധനസഹായ വിതരണം അടുത്ത മാസം മുതലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മൂലം കഷ്ടപ്പെടുന്ന സഹകാരികൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സഹകരണ പ്രസ്ഥാനം മുന്നിട്ടിറങ്ങുകയാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയക്കെടുതി മൂലം വീട് നഷ്ടപ്പെട്ടവർക്കായി രണ്ടായിരം വീടുകളാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയത്. ഈ കോവിഡ് കാലത്ത് ക്ഷേമപെൻഷനുകൾ രണ്ട് ഘട്ടമായി വീടുകളിൽ എത്തിച്ചുനല്കിയതിന് പിന്നാലെയാണ് അർഹരായവർക്ക് സമാശ്വാസവുമായി സഹകരണമേഖല വീണ്ടും ഇടപെടുന്നത്. കേരള സഹകരണ അംഗ സമാശ്വാസ നിധി അഥവാ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും അർഹരായവർക്കുള്ള ധനസഹായ വിതരണം അടുത്ത മാസം ഒന്നാം തീയതി മുതൽ (സെപ്റ്റംബർ 1 മുതൽ) ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു്. കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ സമാശ്വാസ ഫണ്ടില് നിന്നുള്ള ആദ്യ ധനസഹായ വിതരണം നിർവഹിക്കും.

ഈ സർക്കാർ അധികാരത്തില് വന്നതിനുശേഷം സഹകരണ മേഖലയിൽ മാതൃകാപരമായ നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. വികസന-ക്ഷേമ- സേവന രംഗത്ത് നടപ്പാക്കിയ ഈ പദ്ധതികൾ ഓരോന്നും എടുത്ത് പരിശോധിക്കുകയാണെങ്കിൽ സമൂഹത്തിലെ ഏറ്റവും ദുർബലരായവരിലേക്കാണ് ഇതിന്റെ ഗുണം ചെന്നെത്തിയിട്ടുള്ളത് എന്ന് കാണാനാകും. സഹകരണ സംഘങ്ങളിലെ ദുർബല അംഗങ്ങളെ സഹായിക്കുന്നതിനായി തയ്യാറാക്കിയ ഈ പദ്ധതി അതുകൊണ്ടുതന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്ന ഒന്നാണ്. കേരള സഹകരണ അംഗ സമാശ്വാസ നിധി നിയമം 2013 ലും ചട്ടം 2014 ലും പ്രാബല്യത്തിൽ വന്നെങ്കിലും പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌കീം തയ്യാറാക്കിയത് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2018 ജൂൺ മാസമാണ്. സഹകരണസംഘങ്ങളിൽ അംഗമായ വ്യക്തികൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. മൂന്ന് ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള അപേക്ഷകർക്കോ ആശ്രിതർക്കോ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയില്ലെന്ന് മന്ത്രി അറിയിച്ചു. അർഹരായവർക്ക് പരമാവധി അമ്പതിനായിരം രൂപ വരെയാണ് സഹായം ലഭ്യമാക്കുന്നത്.

Stories you may Like

മാരക രോഗ ബാധിതരായവർക്കാണ് ഈ സഹായം ലഭിക്കുക. (അർബുദം, വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർ, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവർ, എച്ച്.ഐ.വി ബാധിതർ, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, കരൾ സംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ചവർ തുടങ്ങിയവർക്കാണ് സഹായധനം നൽകുക.) ഇതിന് പുറമെസഹകരണ സംഘ അംഗങ്ങളിൽ വാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ/ശയ്യാവലംബരായവർ എന്നിവർക്കും ധനസഹായം ലഭിക്കും.അപകടത്തിൽപ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ/മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർ എന്നിവർക്കും സഹായം നൽകും.മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾക്കും സഹായം ലഭ്യമാക്കും.പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ട സഹകാരികളെയും സഹായിക്കും. ഇങ്ങനെ അർഹരായിട്ടുള്ളവർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് മെമ്പർ റിലീഫ് ഫണ്ടിന്റെ ഉദ്ദേശ ലക്ഷ്യം

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ അതാത് ആഡിറ്റ് വർഷത്തെ അറ്റലാഭത്തിന്റെ 10% ൽ അധികരിക്കാത്ത തുകയോ, പരമാവധി 1,00,000 (ഒരു ലക്ഷം) രൂപയോ ഇതിനായി വിനിയോഗിക്കും. ഇതിന് പുറമേ വിവിധ ഗ്രാന്റുകൾ,വിവിധ സംഭാവനകൾ,സർക്കാർ വിഹിതം എന്നിവ ഫണ്ടിൽ ഉൾപ്പെട്ടിരിക്കും.ഇപ്രകാരം സ്വരൂപിച്ച 26.79 കോടി രൂപയാണ് നിലവിൽ ഈ സഹായപദ്ധതിക്കായി ഉപയോഗിക്കുക. ഈ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കുന്നതിനുള്ള ചുമതല സഹകരണവകുപ്പ് മന്ത്രിയും, സഹകരണ വകുപ്പിലെ സർക്കാർ സെക്രട്ടറിയും, സഹകരണസംഘം രജിസ്ട്രാറും ഉൾപ്പെടുന്ന ഒരു കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും ആനുകൂല്യം ലഭിക്കുന്നതിനായി നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൻ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം സഹകരണസംഘം രജിസ്ട്രാറുടെwww.cooperation.kerala.gov.inഎന്ന വെബ്‌സൈറ്റിലും സഹകരണവകുപ്പ് ഓഫീസുകളിലും ലഭ്യമാകുന്നതാണ്. ഇതിനൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്.

1)അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
2) ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3) അംഗീകൃത മെഡിക്കൽ ആഫീസറിൽ നിന്നും ലഭിച്ച മെഡിക്കൽ റിപ്പോർട്ടും, ട്രീറ്റ്‌മെന്റ് സർട്ടിഫിക്കറ്റും അനുബന്ധരേഖകളും.
4) അവകാശിയാണെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയാണ് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടത്.

ധനസഹായം അനുവദിക്കുന്നതിലേയ്ക്കായി അപേക്ഷകൻ ബന്ധപ്പെട്ട രേഖകൾ അതാത് സംഘത്തിലാണ് സമർപ്പിക്കേണ്ടത്. സംഘത്തിന് ലഭിക്കുന്ന അപേക്ഷകൾ, സംഘം ഭരണസമിതി വിശദമായി പരിശോധിച്ചശേഷം അപേക്ഷയിലെ വിഷയങ്ങളിന്മേലും, രേഖകളിന്മേലുമുള്ള നിജസ്ഥിതി ബോധ്യപ്പെട്ട് എടുത്ത ഭരണസമിതി തീരുമാനവും, അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, രോഗ വിവരം, എന്നിവ പരാമർശിച്ചുകൊണ്ട് സംഘത്തിന്റെ മുഖ്യകാര്യദർശിയുടെ സാക്ഷ്യപത്രവും സഹിതം അതാത് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ന് പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിൽ അസിസ്റ്റന്റ് രജിസ്ട്രാർ/വാല്യൂവേഷൻ ആഫീസർ സമർപ്പിക്കേണ്ടതാണ്. സംഘത്തിൽ നിന്നും അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ന് ലഭിക്കുന്ന അപേക്ഷ ബന്ധപ്പെട്ട താലൂക്കുകളിലെ യൂണിറ്റ് ഇൻസ്‌പെക്ടർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി 7 ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ന് സമർപ്പിക്കേണ്ടതും, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) 7 ദിവസത്തിനകം ജില്ല ജോയിന്റ് രജിസ്ട്രാർ (ജനറൽ) ന് സമർപ്പിക്കേണ്ടതും, ജില്ല ജോയിന്റ് രജിസ്ട്രാർ (ജനറൽ) മാർ സഹകരണസംഘം രജിസ്ട്രാർക്ക് ഉപരിപത്രം സഹിതം നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ സമർപ്പിക്കേണ്ടതുമാണ്. അപ്രകാരം ലഭിക്കുന്ന അപേക്ഷ രജിസ്ട്രാർ ആഫീസിൽ പരിശോധന നടത്തി ഉന്നതതല കമ്മിറ്റി മുമ്പാകെ സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷ ഉന്നതതല കമ്മിറ്റി പരിശോധിച്ച് തീരുമാനം കൈക്കൊണ്ട് അനുവദിച്ച ധനസഹായ തുകയുടെ ചെക്കും ഉത്തരവും ബന്ധപ്പെട്ട സംഘങ്ങൾക്ക് അയച്ചുകൊടുക്കുന്നതാണ്. ഈ ഉത്തരവിന്റെ പകർപ്പ് അപേക്ഷകനും ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാർക്ക് ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) മുഖാന്തിരവും നൽകുന്നതാണ്.

ഈ സ്‌കീം പ്രകാരം നൽകുന്ന പരമാവധി ധനസഹായം 50,000 (അൻപതിനായിരം രൂപ മാത്രം) രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ചെക്ക് ലഭിക്കുന്ന മുറയ്ക്ക് സംഘം അപേക്ഷകന് ധനസഹായത്തുക നൽകേണ്ടതും, ധനസഹായം അനുവദിച്ച തുകയുടെ വിശദാംശം അടുത്തതായി കൂടുന്ന പൊതുയോഗത്തിന്റെ അറിവിലേയ്ക്കായി സമർപ്പിക്കേണ്ടതുമാണെന്നും നിർദ്ദേശിക്കുകയാണ്. ഈ സ്‌കീമിൽ നിന്നും ധനസഹായം നൽകുന്നത് ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കുമെന്ന് കൂടി സൂചിപ്പിക്കുകയാണ്. സ്‌കീമിൽ നിന്നും ധനസഹായം ലഭിക്കുന്നത് ഒരു അംഗത്തിന്റെ അവകാശമായല്ല മറിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധത എന്ന നിലയിലാണ്. ഒരിക്കൽ ആനുകൂല്യം ലഭിച്ച കുടുംബത്തിൽപ്പെട്ടവർക്ക് പിന്നീട് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.

ഇത് ഒരു തുടർ പദ്ധതിയായതിനാൽ അർഹരായവർക്ക് എപ്പോൾ വേണമെങ്കിലും സംഘത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്നാൽ, ഈ മാസം സമർപ്പിക്കുന്ന അപേക്ഷകളാകും ആദ്യഘട്ട ധനസഹായവിതരണത്തിൽ ഉൾപ്പെടുത്തുക. വ്യാജ വാഗ്ദാനങ്ങളിലോ പ്രചാരണങ്ങളിലോ സഹകാരികൾവഞ്ചിതരാകരുത്. സഹകരണ അംഗ സമാശ്വാസ നിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ മേൽപറഞ്ഞ കർശന വ്യവസ്ഥകളോടെ സുതാര്യമായാണ് വിതരണം ചെയ്യുക. പരമാവധി അമ്പതിനായിരം രൂപ വരെയുള്ള ഈ സഹായധനം തിരികെ അടയ്‌ക്കേണ്ടതില്ല. ആനുകൂല്യം വാങ്ങിത്തരാമെന്ന വൃക്തികളുടേയോ സംഘടനകളുടേയോ വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ സഹകാരികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ശ്രദ്ധിക്കണം. ഈ പദ്ധതിയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ വെച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്ന വാട്‌സ് ആപ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം കുപ്രചാരണങ്ങൾക്കെതിരെയും സഹകാരികൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP