Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; സാലറി ചലഞ്ച് ഏറ്റെടുക്കുന്നുവെന്ന് കടകംപള്ളി

സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; സാലറി ചലഞ്ച് ഏറ്റെടുക്കുന്നുവെന്ന് കടകംപള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്നും കടകംപള്ളി അറിയിച്ചു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് തീരുമാനം.

കോവിഡ് 19 രോഗവ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റ്മാർ മുഖേനയുള്ള കളക്ഷൻ നടപടികൾ നിർത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാർ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാർക്ക് മാർച്ച് മാസത്തേയും ലോക്ക് ഡൗൺ നിലനിൽക്കുന്ന തുടർകാലയളവിലും അതാത് മാസത്തെ പ്രവർത്തി ദിവസം കണക്കാക്കി നിലവിൽ നൽകിവരുന്ന വേതനം ഉറപ്പ് വരുത്തണമെന്ന് സഹകരണ വകുപ്പ് സർക്കുലർ പുറത്തിറക്കി. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ള താൽകാലിക ജീവനക്കാർക്ക് പ്രസ്തുത തുക ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങൾ ബാങ്കുകളിൽ കളക്ഷൻ ഏജന്റുമാരായി ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ വേതനം, കമ്മീഷൻ നൽകുന്നതിനുള്ള നടപടികൾ അതാത് സംഘം ഭരണ സമിതികൾ സ്വീകരിക്കേണ്ടതാണെന്നും ഇപ്രകാരം വേതനവും കമ്മീഷനും കണക്കാക്കുമ്പോൾ ആകെ തുക 10,000 രൂപയിൽ താഴെയാണെങ്കിൽ പരമാവധി 10,000 രൂപ ഈ വിഭാഗം ജീവനക്കാർക്ക് പ്രതിമാസ വേതനം ഉറപ്പ് വരുത്തും. കളക്ഷൻ ഏജന്റുമാർക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തിട്ടുള്ള സ്ഥാപനങ്ങൾ ആനുകൂല്യം മുടക്കം വരാതെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഓഫീസും

കോവിഡ് - 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സർക്കാരിനു കരുത്തു പകരുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം സംഭാവന നൽകും.

ലോക് ഡൗൺ മൂലം നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ കോവിഡ് 19 എന്ന മഹാമാരിയെ വികസിത രാജ്യങ്ങളേക്കാളും മുന്നൊരുക്കത്തോടെ നേരിടുന്നതിനും, ലോക് ഡൗണിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആഹാരം ഉൾപ്പെടെ സഹായം എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാകാൻ ഓരോരുത്തരും തങ്ങളുടെ കടമ നിറവേറ്റണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത് ഈ പോരാട്ടത്തിൽ ഒറ്റക്കെട്ടായി അണിചേരണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP