Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നയും സന്ദീപും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് എങ്ങനെ തിരുവനന്തപുരം വിട്ടു; മുഖ്യമന്ത്രിയുടെ മകളുടെ ഓഫിസിൽനിന്ന് 200 മീറ്റർ ചുറ്റളവിൽ ഇവർ കഴിഞ്ഞിരുന്ന മേഖലയിൽ കേരളത്തിൽനിന്നുള്ള നിരവധി സിപിഎം പ്രവർത്തകർക്ക് വ്യാപാര സ്ഥാപനങ്ങളുമുണ്ട്; കേരള പൊലീസിന്റെയും സിപിഎമ്മിന്റെയും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയെ വിമർശിച്ച് കെ. സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: സ്വർണക്കടത്ത് കേസിൽ പിടിയിലായ മുഖ്യപ്രതി സ്വപ്‌നയും സന്ദീപും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് എങ്ങനെ തിരുവനന്തപുരം വിട്ട് ബംഗളൂരു എത്തിയെന്ന് മുഖ്യമന്ത്രി വിശദമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബെംഗളൂരുവിൽ സിപിഎമ്മിനു സ്വാധീനമുള്ള പ്രദേശത്താണ് ഇവർ ഒളിവിൽ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഓഫിസിൽനിന്ന് 200 മീറ്റർ ചുറ്റളവിൽ ഇവർ കഴിഞ്ഞിരുന്ന മേഖലയിൽ കേരളത്തിൽനിന്നുള്ള നിരവധി സിപിഎം പ്രവർത്തകർക്ക് വ്യാപാര സ്ഥാപനങ്ങളും മറ്റുമുണ്ട്.

കേരള പൊലീസിന്റെയും സിപിഎമ്മിന്റെയും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ട്. അല്ലാതെ ഇവർക്ക് അതിർത്തി കടന്ന് ഇത്രദൂരം സഞ്ചരിക്കാനാവില്ല. കള്ളക്കടത്തുമായി നേരത്തെ തന്നെ സിപിഎം, ലീഗ് സഹകരണം ഉണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ എല്ലാ കേസിലും സംരക്ഷിച്ചത് പിണറായിയാണെന്നും കള്ളക്കടത്തിൽ ലീഗും സിപിഎമ്മും പരസ്പര സഹായ സഹകരണ സംഘമാണെന്നും കെ.സുരേന്ദ്രൻ കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം മുന്നോട്ട് പോകുന്തോറും കള്ളക്കടത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് കൂടുതൽ തെളിഞ്ഞുവരികയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ പേരിലാണു മാറ്റി നിർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്റെ കരിനിഴലിലാണ്. ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സഹായിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും. സരിത കേസിൽ ഉമ്മൻ ചാണ്ടിയെ വെള്ളപൂശാനായി തനിക്കു പിതൃതുല്യനാണ് ഉമ്മൻ ചാണ്ടിയെന്നു പറയിച്ചതു പോലെ സ്വർണകള്ളക്കടത്ത് കേസിൽ സംഭവിച്ചില്ലെന്നേയുള്ളു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നിൽ സിപിഎമ്മിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സ്വർണക്കടത്തുകാരിയുടെ വാദമാണ് ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരൻ. രാജ്യസുരക്ഷയെതന്നെ ബാധിക്കുന്ന കേസായിട്ടുകൂടി തരംതാണ വാദങ്ങളുയർത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഇത്തരം വാദങ്ങളിൽ നിന്ന് സർക്കാരും സിപിഎമ്മും പിന്മാറണമെന്നും വി. മുരളീധരൻ പറഞ്ഞു. കാസർകോട് ബിജെപി ജില്ലാ ഓഫിസ് ഉദ്ഘാടന പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ സംശയത്തിന്റെ നിഴലിലാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അക്കാര്യത്തിൽ കോടിയേരി ആശങ്കപ്പെടേണ്ട, അദ്ദേഹം സ്വന്തം പാർട്ടിയുടെ കാര്യം നോക്കിയാൽ മതി. മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പിന്തുണയോടെയാണു സ്വർണക്കടത്ത് നടക്കുന്നത് ലോകത്തിൽ ഇതാദ്യമാണ്. നയതന്ത്ര ചാനൽ വഴിയാണ് സ്വർണക്കടത്ത് നടന്നത്. ഇംഗ്ലിഷ് വായിച്ച് മനസ്സിലാക്കാൻ അറിയാത്തവരെ ഉപദേശകരാക്കിയാലുള്ള അനുഭവമാണ് കോടിയേരിക്ക് വീണ്ടും ഉണ്ടായതെന്നും വി.മുരളീധരൻ പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സുരക്ഷിതത്വമെടുത്ത് പന്താടുകയാണ് സിപിഎം. ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്തു വരുന്നതിലൂടെ മുഖ്യമന്ത്രിയും ചെയ്യുന്നത് ഇതു തന്നെയാണ്. കേരള പൊലീസിന്റെ സംഘം എൻഐഎയെ സഹായിക്കുകയാണു വേണ്ടതെന്ന് മനസ്സിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP