Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മത്സരം എൻഡിഎയുടെ പാണ്ഡവപക്ഷവും ഇടത്-വലത് കൗരവപക്ഷവും തമ്മിൽ; കൗരവന്മാർ 100 പേരുണ്ടായിട്ടും പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത്; തൃക്കാക്കരയിലെ എൻഡിഎ വികസന രേഖ പ്രകാശനത്തിൽ കെ.സുരേന്ദ്രൻ

മത്സരം എൻഡിഎയുടെ പാണ്ഡവപക്ഷവും ഇടത്-വലത് കൗരവപക്ഷവും തമ്മിൽ; കൗരവന്മാർ 100 പേരുണ്ടായിട്ടും പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത്; തൃക്കാക്കരയിലെ എൻഡിഎ വികസന രേഖ പ്രകാശനത്തിൽ കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിൽ എൻഡിഎയുടെ പാണ്ഡവപടയും ഇടതുപക്ഷവും യുഡിഎഫും അടങ്ങിയ കൗരവപടയും തമ്മിലാണ് മത്സരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതുപക്ഷത്തിന് ഒരു സീറ്റ് കൂടിയാൽ സെഞ്ചുറി അടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൗരവന്മാർ 100 പേരുണ്ടായിരുന്നു. എന്നാൽ പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തൃക്കാക്കരയിലെ വികസനരേഖ പ്രകാശനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോൺഗ്രസ് ഓരോ ദിവസവും തകർന്നടിയുകയാണ്. കപിൽസിബൽ പോലും കോൺഗ്രസ് കൂടാരം വിട്ടുകഴിഞ്ഞു. കേരളത്തിലും ഇനി അവർക്ക് ഒന്നും ചെയ്യാനില്ല.

തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എൻഡിഎയെ അവഗണിച്ചവർ ഇപ്പോൾ എൻഡിഎ മുന്നോട്ട് വെച്ച വിഷയം ചർച്ച ചെയ്യുകയാണ്. തൃക്കാക്കരയുടെ സമഗ്രമായ വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രധാനപ്പെട്ട വാഗ്ദാനം. അതിന് നരേന്ദ്ര മോദിയുടെ മാതൃക തന്നെ വേണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ ചീഫ്‌സെക്രട്ടറി ഗുജ്‌റാത്തിൽ പോയി മോദി മോഡൽ പഠിച്ച് കേരളത്തിൽ അവതരിപ്പിച്ചത് എൻഡിഎക്ക് തൃക്കാക്കരയിൽ ഗുണം ചെയ്യും. കേരള മോഡലിന്റെ പൊള്ളത്തരവും ഗുജ്‌റാത്ത് മോഡലിന്റെ മികവും തൃക്കാക്കരയിൽ ചർച്ചയായി. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കടംവാങ്ങേണ്ട ഗതികേടുള്ള സംസ്ഥാന സർക്കാർ തൃക്കാക്കരയ്ക്ക് വേണ്ടി എന്തു ചെയ്യാനാണ്. കൊച്ചി നഗരത്തിൽ നടന്ന എല്ലാ വികസനവും കേന്ദ്രസർക്കാർ നൽകിയതാണ്. മെട്രോയും സ്മാർട്ട് സിറ്റിയും അമൃത് പദ്ധതിയും കേന്ദ്രസർക്കാരിന്റേതാണ്. ബിപിസിഎൽ നവീകരണത്തിന് 6,750 കോടി രൂപയാണ് മോദി സർക്കാർ കൊടുത്തത്. എഫ്എസിടി അടച്ചുപൂട്ടാതെ പോയത് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ സഹായം കൊണ്ടാണ്. കൊച്ചി നഗരത്തിന് രണ്ട് മുഖങ്ങളുണ്ട്. ഒരു വികസനവുമെത്താത്ത കോളനികളാണ് അതിലൊന്ന്. വെള്ളക്കെട്ടും മാലിന്യവും ഗതാഗതകുരുക്കും പരിഹരിക്കാനാവാത്ത കൊച്ചിയാണ് മറ്റൊന്ന്. അടിസ്ഥാന വികസനം തൃക്കാക്കരയ്ക്കും കൊച്ചിക്കും എത്തിക്കാൻ എഎൻ രാധാകൃഷ്ണൻ വിജയിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദി എന്നാൽ വെറും പേരല്ല വികസനത്തിന്റെ വിശ്വാസത്തിന്റെ പര്യായമാണെന്ന് വികസനരേഖ പ്രകാശനം ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ പറഞ്ഞു. തൃക്കാക്കരയിൽ എൻഡിഎയെ വിജയപ്പിച്ചാൽ കേരളത്തിന് മോദിയുടെ വികസനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് എ ടു സെഡ് അഴിമതിയായിരുന്നുവെങ്കിൽ ഇപ്പോൾ വികസനം മാത്രമേയുള്ളൂ. തൃക്കാക്കരയിലൂടെ കേരളത്തിലും മാറ്റങ്ങളുണ്ടാവുമെന്നും അരവിന്ദ് മേനോൻ പറഞ്ഞു.

പതിറ്റാണ്ടുകളായി കൊച്ചിയിലെ വിവിധ മേഖലകളിലായി ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്ന കടവന്ത്ര സ്വദേശിനി തങ്കമണിക്ക് നൽകിയാണ് എൻഡിഎ വികസന രേഖ പ്രകാശിപ്പിച്ചത്. ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ്, തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ, ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, എൽജെപി സംസ്ഥാന അദ്ധ്യക്ഷൻ എം.മെഹബൂബ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യു, എസ്‌ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ ജനറൽസെക്രട്ടറി കെഎസ് ഷൈജു, വൈസ്പ്രസിഡന്റ് എസ്.ഷൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP