Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

എൻസിപിക്ക് യുഡിഎഫിലേക്ക് വരാൻ തടസ്സമില്ല; അവരിൽ പലരും ഇടതുപക്ഷമായി യോജിച്ചുപോകാൻ പറ്റാത്തവരാണ്; ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള അധികാരമൊന്നും എനിക്കില്ല; കൂടുതൽ കക്ഷികൾ മുന്നണി വിട്ടുപോകുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും; കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിരുന്നില്ലെനും കെ മുരളീധരൻ എംപി

ജാസിം മൊയ്ദീൻ

കോഴിക്കോട്; എൻസിപിക്ക് യുഡിഎഫിലേക്ക് വരാൻ തടസ്സമൊന്നുമില്ലെന്ന് കെ മുരളീധരൻ എംപി. എൻസിപിയിൽ പലരും ഇടതുമനസ്സുമായി യോജിച്ചുപോകാൻ കഴിയാത്തവരാണ്. അവരെ എല്ലാവരെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.ജോസ് കെ മാണി യുഡിഎഫ് വിട്ടുപോയ സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നു.

രണ്ട് കൂട്ടർക്കും വിട്ടുവീഴ്ചകൾ നടത്തി ചർച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തിൽ കൂടുതൽ കക്ഷികൾ മുന്നണി വിട്ടുപോകുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. നിലവിൽ തിരഞ്ഞെടുപ്പുകൾ വിജയിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ കൂടുതൽ കക്ഷികൾ മുന്നണി വിട്ടുപോകുന്നു എന്ന പ്രചരണം തെരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കും. കേവലമൊരു ജില്ല പഞ്ചായത്തിന്റെ പേരിലാണ് ജോസ് കെ മാണി മുന്നണിക്ക് പുറത്തായത്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എടുത്തിട്ടുള്ള തീരുമാനം നൂറ് ശതമാനം ശരിയാണ്.

രണ്ട് പേർ ഒരു സ്ഥാനത്തിന് വേണ്ടി തർക്കിക്കുന്നു. നേരം പുലർന്നിട്ടും തീരുമാനമായില്ല. ആ നിലയ്ക്ക് മാന്യമായ വീതം വെപ്പാണ് രണ്ട് പേരും നടത്തിയത്. രാഷ്ട്രീയകാര്യസമിതി ഇത് അംഗീകരിച്ചു. എന്നാൽ അതിന്റെ പേരിൽ മുന്നണി വിടുന്ന കാര്യം ഒഴിവാക്കേണ്ടതായിരുന്നു. കെഎം മാണിയും ആർ ബാലകൃഷ്ണപിള്ളയും വീരേന്ദ്രകുമാറും ചേർന്നതായിരുന്നു യുഡിഎഫ്. എന്നാൽ ഇന്ന് അവരുടെയെല്ലാം പിന്മുറക്കാർ ഇടതു പക്ഷത്താണ്. ഇത്തരം ഘടകകക്ഷികൾ മുന്നണി വിട്ടുപോകുന്നത് ഇടുപക്ഷത്തിന്റെ ഭരണനേട്ടം കൊണ്ടല്ല. യുഡിഎഫ് നേതൃത്വത്തിന്റെ പിടിപ്പ് കേടുകൊണ്ടാണ്. കാലങ്ങളായി മുന്നണി വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാനും പോകാനിരിക്കുന്നവരെ പിടിച്ചുനിർത്താനും യു.ഡി.എഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു. അതുണ്ടായില്ല.

അങ്ങനെ സംഭവിച്ചാൽ മാത്രമേ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ മുന്നണിക്ക് സാധിക്കൂ. കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതൽ പാർട്ടികളെയും കക്ഷികളെയും മുന്നണയിൽ ചേർക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ കാലത്ത് കേരള കോൺഗ്രസിൽ രണ്ട് പിളർപ്പുണ്ടായി. ആദ്യത്തെ പിളർപ്പ് നടന്നപ്പോൾ അച്യുതമേനോൻ മുഖ്യമന്ത്രിയും കരുണാകരൻ ആഭ്യന്തരമന്ത്രിയുമായിരുന്നു.

അന്ന് കെ.എം ജോർജും കെ.എം മാണിയുമായി പിരിഞ്ഞപ്പോൾ രണ്ട് പേരും മുന്നണിയിലുണ്ടായിരുന്നു. രണ്ട് പേരും മന്ത്രിമാരുമായിരുന്നു. അതിന് ശേഷം കെ.എം മാണിയും ടി.എം ജേക്കബ്ബുമായി പിരിഞ്ഞപ്പോഴും രണ്ട് പേരും മുന്നണിയിലുണ്ടായിരുന്നു. ജോസഫും മാണിയും ഒരേ മുന്നണിയിലെ ഘടകകക്ഷി മന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ട്.


അന്ന് കൊഴിഞ്ഞുപോക്ക് തടയാൻ കരുണാകരന് കഴിഞ്ഞു. ഇന്ന് അതിന് കഴിയുന്നില്ല എന്ന തോന്നൽ സാധാരണ ജനത്തിനുണ്ട്. ജോസ് കെ മാണിയുമായി ഞാൻ സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയിട്ടില്ല. അതിനുള്ള സവിശേഷ അധികാരം എനിക്കില്ല. എന്നിരുന്നാലും മുന്നണി വിട്ടുപോയവരെല്ലാം തിരികെയത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമം എല്ലാവരും ചേർന്ന് നടത്തണം. എൻസിപിക്ക് യുഡിഎഫിലേക്ക് വരുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ തടസ്സമില്ല. എൻസിപിയിലുള്ള പലർക്കും ഇടതുപക്ഷവുമായി യോജിച്ചപോകുന്ന മനസ്സല്ല ഉള്ളത് എന്ന് എനിക്കറിയാം. അവരെയെല്ലാം യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണ്. അധികാരത്തിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ മടിയില്ലാത്തവരാണ് എൽഡിഎഫ്. ഇന്നലെ വരെ മാണിസാറെ കുറിച്ച് പറഞ്ഞതൊക്കെ ഇന്ന് അവർ വിഴുങ്ങി. ഞാൻകൂടി അംഗമായിരുന്ന സഭയിലാണ് മാണിസാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ ഇടതുപക്ഷം വൃത്തികേടുകൾ കാണിച്ചതെന്ന് ഓർക്കണമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP