Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

മുല്ലപ്പെരിയാറിൽ ഭൂകമ്പം ഉണ്ടായാൽ പോലും ഡാം തകരില്ല; ജനങ്ങളോട് നുണ പറയാതെ സർക്കാർ സത്യം പറയണം; ജലസേചന ആവശ്യത്തിനായി കൊടുക്കുന്ന വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിക്ക് പണം വാങ്ങാൻ ആണ് സർക്കാർ മുൻകൈ എടുക്കേണ്ടത്; തമിഴ്‌നാടിന്റെ ഏജന്റ് എന്ന് പേരു കിട്ടിയിട്ടും നിലപാട് മാറ്റാത്തതിന്റെ കാരണം വിശദീകരിച്ച് ജസ്റ്റീസ് കെടി തോമസ്

മുല്ലപ്പെരിയാറിൽ ഭൂകമ്പം ഉണ്ടായാൽ പോലും ഡാം തകരില്ല; ജനങ്ങളോട് നുണ പറയാതെ സർക്കാർ സത്യം പറയണം; ജലസേചന ആവശ്യത്തിനായി കൊടുക്കുന്ന വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിക്ക് പണം വാങ്ങാൻ ആണ് സർക്കാർ മുൻകൈ എടുക്കേണ്ടത്; തമിഴ്‌നാടിന്റെ ഏജന്റ് എന്ന് പേരു കിട്ടിയിട്ടും നിലപാട് മാറ്റാത്തതിന്റെ കാരണം വിശദീകരിച്ച് ജസ്റ്റീസ് കെടി തോമസ്

കോട്ടയം: മഴയുടെ തോത് കൂടിയതോടെ മുല്ലപ്പെരിയാർ നിവാസികൾ ആശങ്കയിലാണ്. ഡാമിലേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നത് സുരക്ഷാ പ്രശ്‌നമാണെന്ന് കേരളം ആവർത്തിക്കുന്നു. എന്നാൽ തമിഴ്‌നാട് ഇതൊന്നും കേൾക്കുന്നുമില്ല. 142 അടിയിൽ നിന്ന് ജലനിരപ്പ് 152 ആക്കുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. സുപ്രീംകോടതിയും തമിഴ്‌നാടിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് കെ ടി തോമിസന്റെ ഈ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നത്. 142 അടി ഉയരത്തിൽ വെള്ളമെത്തിയിട്ടും പൊട്ടാതെ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്നു പ്രചരിപ്പിച്ച് മന്ത്രിമാരും മറ്റും ജനങ്ങളിൽ ആശങ്ക പരത്തുന്നത് ശരിയല്ലെന്ന് മുല്ലപ്പെരിയാർ ഉന്നതാധികാരസമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് തന്നെയാണ് ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നത്. 'സുവർണം2015' സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പെരിയാർ മുൻ ഉന്നതാധികാര സമിതി മുൻ അംഗം കൂടിയായിരുന്നു ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമർപ്പിച്ച 5000 പേജുള്ള റിപ്പോർട്ട് പഠിച്ചാൽ പൂർണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു. ജലനിരപ്പ് ഉയർന്നാൽ മുല്ലപ്പെരിയാർ ഡാം തകരുമെന്ന് നേരത്തെ തനിക്കും ആശങ്ക ഉണ്ടായിരുന്നെന്നും കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചപ്പോൾ അതു മാറിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിലുള്ള ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ല. ഈ കാര്യങ്ങൾ മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താൻ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മൂന്നു ഘട്ടങ്ങളിലായി അണക്കെട്ടു ബലപ്പെടുത്തിയിട്ടുണ്ട്. ഒരു മീറ്ററിൽ 12 ടൺ എന്ന രീതിയിൽ 373 മീറ്ററിൽ ഡാമിനു ചുറ്റും കോൺക്രീറ്റ് ക്യാപ്പിങ് നടത്തിയിട്ടുണ്ട്. 103 സ്റ്റീൽ പില്ലറുകളുടെ സഹായത്തോടെ കേബിൾ ആങ്കറിങ്ങും നടത്തിയിട്ടുണ്ട്. ഡാമിന്റെ പുറംഭാഗത്തു 10 മീറ്റർ കോൺക്രീറ്റിങ്ങും നടത്തി. ഇതോടെ പുതിയ ഡാമിനു തുല്യമായിരിക്കുകയാണ് മുല്ലപ്പെരിയാർ ഡാമെന്നും അദ്ദേഹം പറഞ്ഞു. 'ഡാം സുരക്ഷിതമെന്ന സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തിയതിലും തമിഴ്‌നാടിന്റെ കാശുവാങ്ങിയെന്നു വരെ ചിലർ പ്രചരിപ്പിച്ചതിലും ഖേദമില്ല. 136 അടി വെള്ളം സംഭരിച്ചിരുന്ന മുല്ലപ്പെരിയാറിൽ ഇപ്പോൾ 142 അടി ഉയരത്തിൽ വെള്ളമെത്തിയിട്ടും ഡാമിന് ഒരു പ്രശ്‌നവുമുണ്ടാകാത്തത് ഡാം ബലപ്പെട്ടതുകൊണ്ടാണെന്നും ഇനി പൊട്ടില്ലെന്നും ജസ്റ്റീസ് കെടി തോമസ് പറയുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ നിലപാട് എന്തുകൊണ്ട് കേരളത്തിന് എതിരായി എന്ന് വിശദീകരിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്.

136 അടിക്കു മുകളിൽ സംഭരിക്കുന്ന വെള്ളത്തിന് പണമോ വൈദ്യുതിയോ തമിഴ്‌നാട്ടിൽ നിന്നു വാങ്ങണമെന്ന് ഉന്നതാധികാരസമിതി റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീംകോടതിയിൽ മിണ്ടിയിട്ടില്ല. ജലസേചനാവശ്യത്തിന് തമിഴ്‌നാടിന് വെള്ളം നൽകാമെന്നാണ് ഉടമ്പടിയിൽ ഉള്ളത്. ഇത് ലംഘിച്ച് തമിഴ്‌നാട് വർഷങ്ങളായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു യൂണിറ്റിന് അഞ്ചുരൂപയ്ക്കാണ് വിൽക്കുന്നത്. വെള്ളത്തിന് പകരം വൈദ്യുതിയോ വൈദ്യുതി വിറ്റ് തമിഴ്‌നാട് ഉണ്ടാക്കുന്ന പണമോ വാങ്ങാൻ സംസ്ഥാന സർക്കാർ തന്റേടം കാട്ടണം. പണം തരാതെ വൈദ്യുതി ഉത്പാദിപ്പിച്ചു വിൽക്കുന്ന തമിഴ്‌നാടിനെതിരെ ഉന്നതാധികാരസമിതി റിപ്പോർട്ടിൽ ഞാൻ വിയോജനക്കുറിപ്പ് എഴുതിയിരുന്നു. കേരളം നിയമിച്ച അഭിഭാഷകർ ആരും സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പിലെ വിവരങ്ങൾ വച്ച് വാദിച്ചില്ല' ജസ്റ്റിസ് തോമസ് പറഞ്ഞു.

1979 മുതൽ 84 വരെ മൂന്നു ഘട്ടമായി മുല്ലപ്പെരിയാർ ഡാം പുതിയ ഡാമിന് തുല്യമായി തമിഴ്‌നാട് ബലപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏതു ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശക്തിയും ഇപ്പോൾ മുല്ലപ്പെരിയാറിനുണ്ടെന്ന് തെളിവുകൾ നിരത്തി ദേശീയ ജലകമ്മിഷൻ ചെയർമാൻ ഡോ. കെ.സി. തോമസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഒന്നു വായിച്ചു നോക്കാൻ താത്പര്യം കാട്ടാതെ ഡാമിപ്പോൾ പൊട്ടുമെന്ന തെറ്റായ പ്രചാരണമാണ് മന്ത്രിമാർ നടത്തിയത്. സുപ്രീംകോടതിയിലെ പതിമ്മൂന്ന് ജഡ്ജിമാരിൽ ഒരാളെപ്പോലും ഇതു ബോദ്ധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ല. കേസ് വാദിക്കാൻ പ്രമുഖ അഭിഭാഷകരെ വച്ച വകയിൽ ഇതുവരെ എട്ടു കോടിയോളം രൂപ സംസ്ഥാന സർക്കാരിന് ചെലവായതായും തോമസ് അറിയിച്ചു. ഇതുമാത്രമാണ് കേരളം ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.

ഡാം സുരക്ഷിതമല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. ഏഴു കോടിയിലേറെ രൂപ മുടക്കി പ്രമുഖരായ അഭിഭാഷകരെ കോടതിയിൽ അണിനിരത്തിയെങ്കിലും കേരളത്തിന്റെ നിലപാട് പൂർണമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് തോമസ് വിശദീകരിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്ന തമിഴ്‌നാടിനോട് ആവശ്യപ്പെട്ടാൽ ഇവിടെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കും. എന്നാൽ അതു വാങ്ങാൻ കേരളം തയാറല്ല. വൈദ്യുതി വാങ്ങിയാൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് പറയുന്നത് നമ്മൾ അംഗീകരിക്കുന്നുവെന്ന വ്യാഖ്യാനം വരുമെന്നതിനാലാണ് സർക്കാർ അതൊഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP