Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

ശാരീരിക മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

ശാരീരിക മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

ജംഷാദ് മലപ്പുറം

\മലപ്പുറം: കിടപ്പുരോഗിയായ മാതാവുമൊന്നിച്ച് താമസിച്ചു വരികയായിരുന്ന, ശാരീരിക, മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ആണ് പ്രതി അരീക്കോട് കാവനൂർ പനമ്പറ്റച്ചാലിൽ ടി വി ശിഹാബ് (44)നെതിരെ ശിക്ഷ വിധിച്ചത്.

2022 ഫെബ്രുവരി 19ന് പുലർച്ചെ 2.15നാണ് കേസിന്നാസ്പദമായ സംഭവം. മാനസിക അസ്വാസ്ഥ്യവും 43 ശതമാനം ശാരീരിക വെല്ലുവിളിയും നേരിടുന്ന യുവതി കിടപ്പുരോഗിയായ മാതാവുമൊന്നിച്ച് താമസിച്ചു വരികയായിരുന്ന കാവനൂർ പരിയാരക്കലിലെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി ബലാൽസംഗം ചെയ്തത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും രാവിലെ തന്നെ അതിജീവിത അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അന്നു തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ പിന്നീട് ജാമ്യം നേടിയെങ്കിലും 13കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് അനുവദിച്ച ജാമ്യം കോടതി റദ്ദ് ചെയ്യുകയായിരുന്നു. അരീക്കോട് എസ് എച്ച് ഒ ആയിരുന്ന സി വി ലൈജുമോനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ടി ഗംഗാധരൻ 18 സാക്ഷികളെ വിസതരിച്ചു. 20 രേഖകൾ ഹാജരാക്കി.

ഇന്ത്യൻ ശിക്ഷാനിയമം 376(2) പ്രകാരം ബലാൽസംഗത്തിന് പത്തു വർഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം തടവ്, വീട്ടിൽ അതിക്രമിച്ചു കയറിയതിന് മൂന്നു വർഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസം തടവ്, രാത്രി അതിക്രമിച്ചു കയറിയതിന് രണ്ടു വർഷം കഠിന തടവ് 5000 രൂപ പിഴയടച്ചില്ലെങ്കിൽ ഒരു മാസം തടവ്, മാനഹാനി വരുത്തിയതിന് ഒരു വകുപ്പിൽ ഒരു വർഷം കഠിന തടവും മറ്റൊരു വകുപ്പിൽ രണ്ടു വർഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ 15 ദിവസം തടവ്, ഭീഷണിപ്പെടുത്തിയതിന് മൂന്ന് മാസം തടവ്, 2000 രുപ പിഴ, പിഴയടക്കാത്ത പക്ഷം ഏഴു ദിവസത്തെ തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടഞ്ഞുവെച്ചതിന് 500 രൂപയും കൈകൊണ്ടടിച്ചതിന് 1000 രൂപയും പിഴയടക്കാനും പിഴയടക്കാത്ത പക്ഷം ഇരു വകുപ്പികളിലും ഏഴ് ദിവസം വീതം തടവനുഭവിക്കാനും കോടതി വിധിച്ചു. മാത്രമല്ല റൈറ്റ്‌സ് ഓഫ് പേഴ്‌സൺ വിത്ത് ഡിസബിലിറ്റീസ് ആക്ട് പ്രകാരം രണ്ടു വർഷം തടവ്, 5000 രുപ പിഴ, പിഴയടക്കാത്ത പക്ഷം 15 ദിവസം തടവ് എന്നും കോടതി ശിക്ഷ വിധിച്ചു.

തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചതിനാൽ ഫലത്തിൽ പ്രതിക്ക് പത്തു വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. റിമാന്റിൽ കിടന്ന കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യാനും കോടതി വിധിച്ചു. പ്രതി പിഴയൊടുക്കുന്ന പക്ഷം 75000 രൂപ അതിജീവിതക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. മാത്രമല്ല പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശവും നൽകി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP