Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഷൻ ഗോതമ്പും അരിയും കരിഞ്ചന്തയിൽ മറിച്ച് വിറ്റ കേസ്; ഫുഡ് കോർപ്പറേഷൻ മാനേജരടക്കം നാല് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവ്

റേഷൻ ഗോതമ്പും അരിയും കരിഞ്ചന്തയിൽ മറിച്ച് വിറ്റ കേസ്; ഫുഡ് കോർപ്പറേഷൻ മാനേജരടക്കം നാല് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തിലൂടെ സംസ്ഥാനത്തെ സാധാരണക്കാർക്ക് ലഭിക്കേണ്ട 38. 79 ലക്ഷം രൂപയുടെ 2399 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജരും സ്വകാര്യ കമ്പനിയുടമകളുമടക്കം നാലു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.

വ്യാജ രേഖകൾ ചമച്ച് കണക്കുകളുടെ വ്യാജീകരണം നടത്തി 2399 ചാക്ക് റേഷൻ അരിയും ഗോതമ്പും എഫ് സി ഐ യുടെ മൂന്നു ഗോഡൗണുകളിൽ നിന്നും കള്ളക്കടത്തു നടത്തിയ കേസിലാണ് ഉത്തരവ്. ജനുവരി 29 ന് നാലു പ്രതികളും ഹാജരാകാൻ സി ബി ഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു. കുറ്റ സ്ഥാപനത്തിൽ 2 വർഷത്തിനു മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ സി ബി ഐ കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്.

റേഷൻ ഭക്ഷ്യ ധാന്യ കള്ളക്കടത്തു കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ എഫ് സി ഐ ഡിപ്പോ മാനേജർ പി.ഗിരീശൻ, സ്വകാര്യ കമ്പനിയുടമകളായ അബൂബക്കർ പെരുമ്പാട്ടി , ആർ. ഗണേശൻ, എ.കെ. അസൈൻ എന്നിവരാണ് ഹാജരാകേണ്ടത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (സി), (ഡി) (പൊതുസേവകർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാൽപര്യവുമില്ലാതെ അഴിമതിയിലൂടെ സ്വകാര്യ വ്യക്തികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തൽ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന), 420 (വിശ്വാസ വഞ്ചന), 409 (പൊതുസേവകർ നടത്തുന്ന ട്രസ്റ്റ് ലംലനം), 468 ( ചതിക്കുന്നതിനായുള്ള വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ), 477 എ (കണക്കുകളുടെ വ്യാജീകരണം) എന്നീ വകുപ്പുകൾ വിചാരണക്കു മുന്നോടിയായി ചുമത്താനാണ് സിബിഐ കോടതി ഉത്തരവിട്ടത്.
പ്രതിക്കൂട്ടിൽ നിർത്തി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിനാണ് പ്രതികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2017 ഏപ്രിൽ ഒന്നിനും ജൂൺ 30 നുമിടയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച വൻ കള്ളക്കടത്ത് നടന്നത്. മൂന്നു എഫ് സി ഐ ഗോഡൗണുകളിൽ അരി, ഗോതമ്പ് എന്നിവയുടെ സ്റ്റോക്കിൽ വൻ കുറവുണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്നാണ് സി ബി ഐ ഗോഡൗണുകളിലും എഫ് സി ഐ മാനേജർമാരുടെ വീടുകളിലും 2017 ഒക്ടോബർ 13 ന് സംയുക്തമായി റെയ്ഡ് നടത്തിയത്. 2018ൽ പ്രതികളെ അറസ്റ്റ് ചെയ്തു. 2019 നവംബർ 7 നാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP