Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവീൺ കുമാർ കൊലക്കേസ്: കുറ്റപത്രത്തിലെ വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മജിസ്‌ട്രേട്ടിനോട് ജില്ലാ കോടതി

പ്രവീൺ കുമാർ കൊലക്കേസ്: കുറ്റപത്രത്തിലെ വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മജിസ്‌ട്രേട്ടിനോട് ജില്ലാ കോടതി

അഡ്വ.പി.നാഗ് രാജ്‌

 തിരുവനന്തപുരം: മണൽ ലോറി പൊലീസിന് ഒറ്റിയതിന് പ്രതികാരമായി മണൽ മാഫിയ കൊലപ്പെടുത്തിയ പ്രവീൺ കുമാർ കൊലക്കേസിൽ പൊലീസ് കുറ്റപത്രത്തിലെ വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ മജിസ്‌ട്രേട്ടിനോട് ജില്ലാ കോടതി ഉത്തരവിട്ടു. വിചാരണ കോടതി ജഡ്ജിയായ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. എൻ. അജിത് കുമാറാണ് ജനുവരി 10 നകം ഹാജരാക്കാൻ ഉത്തരവിട്ടത്. കമ്മിറ്റൽ മജിസ്‌ട്രേട്ട് കോടതിയായ നെയ്യാറ്റിൻകര മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്കാണ് വിചാരണ കോടതി നിർദ്ദേശം നൽകിയത്. വിചാരണ പൂർത്തിയായ കേസിൽ അന്തിമ വാദം കേൾക്കവേയാണ് കോടതി ഉത്തരവ്.

പ്രാമാണിക രേഖയായ വൂണ്ട് സർട്ടിഫിക്കറ്റ് പൊലീസ് കുറ്റപത്രത്തിലെ ഐറ്റം നമ്പർ 17 ആയി കാണുന്നുണ്ടെങ്കിലും ജില്ലാ കോടതിക്ക് കേസ് റെക്കോർഡുകൾക്കൊപ്പം കമ്മിറ്റൽ മജിസ്‌ട്രേട്ട് കേസ് ലിസ്റ്റിൽ ഉൾപ്പെടുത്തി വിചാരണ കോടതിക്ക് കമ്മിറ്റ് ചെയ്തയക്കാത്തതിനാലാണ് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. 2015 ലാണ് അന്നത്തെ നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് ജില്ലാ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയച്ചതെങ്കിലും ഇപ്പോൾ നിലവിലുള്ള മജിസ്‌ട്രേട്ടിനോടാണ് ജില്ലാ കോടതി നിർദ്ദേശം നൽകിയത്.

സാക്ഷി വിസ്താര വിചാരണ പൂർത്തിയായതിനെ തുടർന്ന് അന്തിമവാദം കേൾക്കവേ പ്രതിഭാഗമാണ് നിർണ്ണായക രേഖയായ വൂണ്ട് സർട്ടിഫിക്കറ്റ് കോടതിയിലില്ലെന്ന വാദമുന്നയിച്ചത്. പ്രോസിക്യൂഷൻ കേസ് തെളിയിക്കേണ്ട നിർണ്ണായക പ്രാമാണിക രേഖ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി അക്കമിട്ട് തെളിവിൽ കോടതി സ്വീകരിക്കാതെ തങ്ങളെ ശിക്ഷിക്കുന്നത് സ്വാഭാവിക നീതി നിഷേധമാകുമെന്നും പ്രതികൾ വാദമുന്നയിച്ചു. തുടർന്ന് കോടതി നടത്തിയ പരിശോധനയിലാണ് രേഖ കമ്മിറ്റൽ മജിസ്‌ട്രേട്ട് അയക്കാത്തത് ജില്ലാ കോടതി കണ്ടെത്തിയത്.

മണൽകടത്ത് ലോറി സ്വന്തമായുള്ള മണൽ മാഫിയ സംഘാംഗങ്ങളും മാഫിയാ കണ്ണികളുമായ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂൾ അദ്ധ്യാപകനും ലോറിയുടമയുമാണ് വിചാരണ നേരിട്ട 2 പ്രതികൾ. തിരുവനന്തപുരം റൂറൽ വെള്ളറട സ്വദേശികളായ മിൽമ എന്ന് വിളിക്കുന്ന വിജയൻ , ലൗവ് ലിൻ എന്നിവരാണ് വിചാരണ നേരിട്ടത്. 2012 ജനുവരി 9 രാത്രി 9.15 മണിക്ക് വെള്ളറട കവലയിൽ വച്ചാണ് ദാരുണ കൊലപാതകം നടന്നത്. അദ്ധ്യാപകനായ ലൗവ് ലിൻ കൊല്ലപ്പെട്ട വെള്ളറട സ്വദേശി പ്രവീൺ കുമാറിനെ തടഞ്ഞു നിർത്തി ' നമ്മുടെ മണൽ ലോറി പൊലീസിനെ കൊണ്ട് പിടിപ്പിച്ച ഇവനെ കൊല്ലടാ '' എന്ന് ആക്രോശിക്കുകയും മർദ്ദിക്കുകയും വിജയൻ കയ്യിൽ കരുതിയിരുന്ന മാരകമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുനുമാണ് കേസ്.

സംഭവത്തിന് 3 മാസം മുമ്പ് പ്രവീൺ പൊലീസിന് മണൽ ലോറി ഒറ്റിയതിന്റെയും വിജയന്റെ മാതൃസഹോദരൻ ബിനുകുമാറിനെ കൊല്ലപ്പെട്ട പ്രവീൺ കുത്തിപ്പരിക്കേൽപ്പിച്ചതിന്റെയും പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്നാണ് വിരോധ കാരണമായി കേസിൽ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP