Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈന്യത്തിലെ ജോലി തട്ടിപ്പ് കേസ്: മൂന്നാം പ്രതിക്ക് സോപാധിക മുൻകൂർ ജാമ്യം; പ്രതി ജോലിക്ക് ശ്രമിച്ചത് വ്യാജ പ്ലസ് ടു മാർക്ക് ലിസ്റ്റ് ഹാജരാക്കി

സൈന്യത്തിലെ ജോലി തട്ടിപ്പ്  കേസ്:  മൂന്നാം പ്രതിക്ക് സോപാധിക മുൻകൂർ ജാമ്യം; പ്രതി ജോലിക്ക് ശ്രമിച്ചത് വ്യാജ പ്ലസ് ടു മാർക്ക് ലിസ്റ്റ് ഹാജരാക്കി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: വ്യാജ ഹയർ സെക്കന്ററി പരീക്ഷാ മാർക്ക് ലിസ്റ്റ് അസ്സൽ പോലെ ഹാജരാക്കി ഇന്ത്യൻ ആർമിയിൽ നടന്ന ജോലി തട്ടിപ്പ് കേസിൽ അസ്സൽ എസ് എസ് എൽ സി ബുക്ക് ഉടമയായ മൂന്നാം പ്രതിക്ക് സ്വാപാധിക മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി നെടുമങ്ങാട് വയലരികത്ത് വീട്ടിൽ സുകുമാരൻ മകൻ എസ്. സനൽ എന്ന ഉദ്യോഗാർത്ഥിക്കാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഡിവൈഎസ് പി മുമ്പാകെ കീഴടങ്ങണം.

അറസ്റ്റ് ചെയ്യുകയാണെങ്കിൽ ചോദ്യം ചെയ്യലിനും റിക്കവറിക്കും ശേഷം അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള വസ്തുതു ബോണ്ടിന്മേലുള്ള രണ്ട് ആൾ ജാമ്യത്തിലും വിട്ടയക്കാനും ജഡ്ജി എൽ. ജയവന്ത് ഉത്തരവിട്ടു. ജാമ്യത്തിൽ വിട്ടയച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല. ജാമ്യ കാലാവധിയിൽ സമാന കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടരുത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ വിചാരണ കോടതിയായ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകാൻ പ്രോസിക്യൂഷന് സ്വാതന്ത്രമുണ്ടായിരിക്കുമെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

തിരുമല ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസിലാണ് സംഭവം നടന്നത്. അഞ്ചാം പ്രതിയുടെ സഹായത്തോടെ മൂന്നാം പ്രതി വ്യാജ പ്ലസ് ടു മാർക്ക് ലിസ്റ്റ് തരപ്പെടുത്തി സൈന്യത്തിൽ ജോലിക്കായി ഹാജരാക്കി വ്യാജ നിർമ്മാണം, ചതിക്കലിനു വേണ്ടിയുള്ള വ്യാജ നിർമ്മാണം, വ്യാജ നിർമ്മിതരേഖ അസ്സൽ പോലെ ഹാജരാക്കൽ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് പൊലീസ് കേസ്.

താൻ നിരപരാധിയാണെന്നും ഒന്നാം പ്രതി ആർമി റിക്രൂട്ടിങ് ഏജന്റാണെന്ന് സ്വയം അവരോധിച്ച് തന്നെ സമീപിക്കുകയും ഇന്ത്യൻ ആർമിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പ്രലോഭിപ്പിച്ചതായി മൂന്നാം പ്രതി സനൽ ജാമ്യ ഹർജിയിൽ ബോധിപ്പിച്ചു. തന്റെ അസ്സൽ എസ് എസ് എൽ സി ബുക്കും അയാളുടെ ഫീസ് ആയ അമ്പതിനായിരം രൂപയും മാത്രമേ താൻ ഒന്നാം പ്രതിക്ക് നൽകിയിട്ടുള്ളുവെന്നും ബോധിപ്പിച്ചു.

അതേ സമയം വ്യാജ പ്ലസ് ടു മാർക്ക് ലിസ്റ്റ് തയ്യാറാക്കാൻ ഉപയോഗിച്ച രേഖകളും ഉപകരണങ്ങളും കണ്ടെടുക്കേണ്ടതുള്ളതിനാൽ പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ അറസ്റ്റിനു മുമ്പുള്ള മുൻകൂർ ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. ആരോപിക്കുന്ന സംഭവം നടന്നത് 2012 ലാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ വാദം ശരിയാണെങ്കിൽ കൂടി വ്യാജ രേഖ തയ്യാറാക്കലും കൃത്യത്തിലുള്ള മൂന്നാം പ്രതിയുടെ അറിവും അന്വേഷണത്തിലൂടെയും പരിശോധനയിലൂടെയും കണ്ടെത്താനാകും. മുഴുവൻ പ്രോസിക്യൂഷൻ കേസും പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അവ പ്രതിയുടെ കസ്റ്റഡി ചോദ്യം ചെയ്യൽകൂടാതെ തന്നെ പ്രോസിക്യൂഷന് കൈവശപ്പെടുത്താനാകും. മൂന്നാം പ്രതി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. പ്രതി മറ്റു കേസുകളിൽ ഉൾപ്പെട്ടതായി പൊലീസിന് കേസില്ലാത്തതിനാൽ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കൂടി വിലയിരുത്തിയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP