Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയപാത വികസനത്തിന് സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം; രേഖാമൂലം മറുപടി നൽകിയത് ബ്രിട്ടാസിന്റെ ചോദ്യത്തിന്

ദേശീയപാത വികസനത്തിന് സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം; രേഖാമൂലം മറുപടി നൽകിയത് ബ്രിട്ടാസിന്റെ ചോദ്യത്തിന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയപാത വികസനത്തിന് വേണ്ടിയുള്ള സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം. ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തുകകൾ ഈടാക്കണം എന്ന ഒരു നയം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്രകാരമൊരു നിർബന്ധിത ചട്ടം രൂപീകരിച്ചിട്ടില്ലെന്നും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുകകൾ ഈടാക്കിയിട്ടില്ല എന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് കേന്ദ്ര സർക്കാർ മറുപടിയായി നൽകിയത്.

എന്നാൽ നാഷണൽ ഹൈവേ അഥോറിറ്റി ലാൻഡ് വാല്യൂ ക്യാപ്ച്ചർ ഫിനാൻസ് എന്നൊരു നിർദ്ദേശരൂപേണയുള്ള പ്രൊപ്പോസൽ പുറത്തിറക്കിയിട്ടുണ്ടെന്നും ആയത് നിർബന്ധിത രൂപത്തിൽ അല്ല എന്നും കേന്ദ്രം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരവും നാളിതുവരെ 11 സംസ്ഥാനങ്ങൾ മാത്രമേ വിവിധ ദേശീയ പാത വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ ചെലവിന്റെ ഒരു വിഹിതമോ അല്ലെങ്കിൽ നികുതിയിലും റോയൽറ്റിയിലുമുള്ള കിഴിവുകളോ വാഗ്ദാനം ചെയ്തിട്ടുള്ളൂ എന്നും മറുപടിയിൽ നിന്നും വ്യക്തമാണ്. ഈ 11 സംസ്ഥാനങ്ങളിൽ തന്നെ കേരളത്തിന്റെ സ്ഥാനം മുൻനിരയിലാണെന്നും കാണാം.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഭൂമി ഏറ്റെടുക്കുന്ന ചെലവ് വഹിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. മറിച്ച് ഇത് സംബന്ധിച്ച് രണ്ടര ശതമാനം നികുതി ഒഴിവാക്കാമെന്നാണ് ഉത്തർപ്രദേശ് നാളിതുവരെ സമ്മതിച്ചിട്ടുള്ളത്. കൂടാതെ നിർമ്മാണ സാമഗ്രികളുടെ ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തി വരികയാണെങ്കിലും നാളിതുവരെ ഉത്തർപ്രദേശ് ഇക്കാര്യം സമ്മതിച്ചിട്ടില്ല എന്നുമുള്ള വിവരങ്ങളും ഈ മറുപടിയിൽ നിന്ന് വ്യക്തമാണ്.

ഈ സാഹചര്യത്തിൽ വേണം കേരളം നിരവധി പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം ചെലവും തിരുവനന്തപുരം ഔട്ടർ റിങ് റോഡ് നിർമ്മാണത്തിന് വേണ്ടി 50 ശതമാനം ഭൂമി ഏറ്റെടുക്കൽ ചെലവും വഹിക്കാം എന്ന് സ്വമേധയാ തീരുമാനിച്ചതിന്റെ പ്രസക്തി വിലയിരുത്തേണ്ടതെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വസ്തുതകൾ ഇതായിരിക്കെ കേരളം ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവിന്റെ വിഹിതം ഏറ്റെടുക്കാത്തതു കൊണ്ടാണ് ദേശീയപാത വികസനം വൈകുന്നതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP