Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയിൽ രക്തക്കറ കണ്ടെത്തി; ജിഷ്ണുവിനെ തല്ലിയതിന്റെ തെളിവുകളെന്ന് സൂചന; ഫോറൻസിക് പരിശോധന റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും

പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറിയിൽ രക്തക്കറ കണ്ടെത്തി; ജിഷ്ണുവിനെ തല്ലിയതിന്റെ തെളിവുകളെന്ന് സൂചന; ഫോറൻസിക് പരിശോധന റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും

തൃശൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വൈസ് പിൻസിപ്പലിന്റെ മുറിയിൽ നിന്നും രക്തക്കറ കണ്ടെത്തി. ഇന്ന് നടന്ന ഫോറൻസിക് പരിശോധനയിലാണ് ജിഷ്ണുവിന്റേതെന്ന് കരുതുന്ന രക്തകറ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ഈ മുറിയിൽ വച്ച് മർദ്ദനമേറ്റിരുന്നതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റെ തല്ലിയതിന്റെ തെളിവാണോ എന്ന് പരിശോധിക്കാൻ രക്തക്കറ പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധന റിപ്പോർട്ട് കേസ് അന്വേഷണത്തിൽ നിർണായകമായേക്കും.

വെള്ളിയാഴ്‌ച്ച കോളേജ് തുറക്കാനിരിക്കെയായിരുന്നു ഫോറൻസിക് സംഘം പരിശോധന നടത്തിയത്. പിആർഒയുടെ മുറിക്ക് പുറമെ ജിഷ്ണു മരിച്ചു കിടന്ന ഹോസ്റ്റൽ മുറിയിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കിൽ അത് നിർണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നു എന്നത് ജിഷ്ണു മർദ്ദിക്കപ്പെട്ടു എന്ന ആരോപണത്തിന് ശക്തിപകർന്നിരുന്നു.

ജിഷ്ണു കോപ്പിയടിച്ചെന്നത് മാനേജ്മെന്റ് കെട്ടിച്ചമച്ച സംഭവമാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നതാണ് മർദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. നാളെ കോളേജ് തുറക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണസംഘം ഇന്ന് കോളേജിൽ എത്തി തെളിവെടുപ്പ് നടത്തിയത്. കോളേജ് തുറന്നാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നതും തെളിവെടുപ്പ് ബുദ്ധിമുട്ടാകും എന്നതിനാലുമാണ് ഇന്ന് തെളിവെടുപ്പ് നടത്താൻ കാരണം.

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പികെ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് തിങ്കളാഴ്‌ച്ച കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്യാമ്പസിൽ സമരം ചെയ്യുകയും മാനേജ്മെന്റിനെ പരസ്യമായി വിമർശിക്കുകയും ചെയ്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു കുറ്റപത്രത്തിൽ. വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകൻ പ്രവീൺ,വിപിൻ പിആർഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികൾ. പ്രതികൾക്ക് നേരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മർദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കു നേരെ ചുമത്തിയിട്ടുണ്ട്.

ഗുരുതര ആരോപണങ്ങളാണ് അദ്ധ്യാപകർക്കെതിരെ കുറ്റപത്രത്തിലുള്ളത്. കോപ്പിയടിക്കാത്ത വിദ്യാർത്ഥിയെ ഗൂഢാലോചന നടത്തി കുറ്റക്കാരനാക്കി. വൈസ് പ്രിൻസിപ്പലും അദ്ധ്യാപകനായ പ്രവീണുമാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കോളേജിൽ ഹാജരാക്കിയ ജിഷ്ണുവിന്റെ മാപ്പപേക്ഷ വ്യാജമാണ്. ജിഷ്ണുവിനെ അന്യായമായി തടങ്കലിൽ പാർപ്പിച്ചുവെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP