Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്വർണക്കടത്തുകേസിലെ പ്രതികൾ രാജ്യത്തെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന വാർത്ത നൽകിയത് ധാർമികതയുടെ ഭാ​ഗമായി; പാർട്ടിയുടെ നിലപാടും ഇതുതന്നെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും രാജാജി മാത്യു തോമസ്; കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യം

സ്വർണക്കടത്തുകേസിലെ പ്രതികൾ രാജ്യത്തെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന വാർത്ത നൽകിയത് ധാർമികതയുടെ ഭാ​ഗമായി; പാർട്ടിയുടെ നിലപാടും ഇതുതന്നെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും രാജാജി മാത്യു തോമസ്; കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികൾ രാജ്യത്തെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന വാർത്ത വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് ഭാഗമായാണെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്. വാർത്ത നൽകിയത് ധാർമികതയുടെ ഭാ​ഗമായാണെന്നും അദ്ദേഹം ഡൂൾ ന്യൂസിനോട് പറഞ്ഞു. ജനയുഗത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.രംഗനാഥൻ നൽകിയ വാർത്ത കൃത്യമാണെന്നും ഇത്തരമൊരു വാർത്ത കൊടുക്കാതിരുന്നാൽ അത് മാധ്യമധർമമാവില്ലെന്നും രാജാജി മാത്യു തോമസ് പറഞ്ഞതായി ഡൂൾന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സ്വപ്‌ന സുരേഷും ശിവശങ്കറും തുടർച്ചയായി ബെംഗളുരുവിലുള്ള ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് സന്ദർശനം നടത്തിയതായും ഇവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെടുത്ത് വിദേശരാജ്യങ്ങൾക്കു വിറ്റതായി എൻ.ഐ.എ കണ്ടെത്തിയെന്നുമായിരുന്നു ജനയുഗം പ്രസിദ്ധീകരിച്ച വാർത്ത. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ബഹിരാകാശവിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ അന്വേഷണം നടക്കുന്നതായി വാർത്തയിൽ പറയുന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്പ്രിങ്ക്‌ളർ വിഷയത്തിൽ നേരത്തേതന്നെ ശിവശങ്കറിനെതിരെ സിപിഐയും ജനയുഗവും നിലപാടെടുത്തിട്ടുണ്ട്. ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിർത്തുന്നതിനെതിരെ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രി രാജി വെക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നില്ല, എന്നാൽ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് പറയാനുള്ളത്’, അദ്ദേഹം പറഞ്ഞു.

വാർത്ത കൊടുത്തതിന് ശേഷം സിപിഐയുടെ ഭാഗത്തുനിന്നും ഇതുവരെയും എതിർപ്പ് ഉണ്ടായിട്ടില്ലെന്നും അതിനാൽ വിഷയത്തിൽ പാർട്ടിയുടെ നിലപാടും ഇതുതന്നെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും രാജാജി മാത്യു തോമസ് പറയുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസ് സംബന്ധമായി വന്ന വാർത്തകളുമായി ജനയുഗത്തിന്റെ വാർത്തയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ഇത് വസ്തുനിഷ്ഠമായി പരിശോധിച്ചതിന് ശേഷമാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’എഡിറ്റർ എന്ന നിലയിൽ വാർത്ത പരിശോധിച്ചിരുന്നു, വാർത്ത തയ്യാറാക്കിയ കെ.രംഗനാഥനിൽ വിശ്വാസവുമുണ്ട്, പത്രത്തിൽ കൊടുക്കുന്ന എല്ലാ വാർത്തയും സിപിഐയുമായി ചർച്ച നടത്തി കൊടുക്കാൻ കഴിയില്ലല്ലോ, പക്ഷേ സിപിഐയുടെയും നിലപാട് ഇതുതന്നെയാണെന്ന് മനസ്സിലാക്കുന്നു’, അദ്ദേഹം ആവർത്തിച്ചു.

ജനയു​ഗം വാർത്ത ഇങ്ങനെ

തിരുവനന്തപുരം സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങളും ചോർത്തിയെടുത്ത് വിദേശരാജ്യങ്ങൾക്കു വിറ്റതായി സംശയം. സസ്പെൻഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തിയത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എൻഐഎ കണ്ടെത്തിയെന്ന് അറിയുന്നു.

ഇന്ത്യയുടെ സൂപ്പർ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ എൻഐഎയ്ക്ക് കെെമാറി. ഇതേത്തുടർന്ന് എൻഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി ഇവിടെ എത്തിയിട്ടുണ്ട്. ഒരു എസ്‌പിയടക്കം രണ്ടംഗ എൻഐഎ സംഘം സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫെെസൽ, റബിൻസ്-റജിൻസ് സഹോദരന്മാർ, അലവി എന്നിവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞ കുറേ ദിവസമായി ഇവിടെ തമ്പടിച്ചിട്ടുണ്ട്. ബംഗളൂരുവിലെ നിരന്തര സന്ദർശനങ്ങൾക്കിടെ ഇരുവരും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ സ്പേസ് പാർക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആർഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്പേസ്‌പാർക്ക് കൺസൾട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തിൽ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദർശനങ്ങൾക്കിടെ ബഹിരാകാശ രഹസ്യങ്ങൾ ചോർന്നുവെന്നാണ് എൻഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്കും തെളിവുകൾ ലഭിച്ചതെന്നറിയുന്നു.

വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകൾ ചോർന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എൻഐഎ അന്വേഷണസംഘം ദുബെെയിൽ എത്തിയിട്ടുള്ളത്. ഐഎസ്ആർഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎൽ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആർഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സെെനിക അറ്റാഷേമാരും ചർച്ചകൾ നടത്തിയതിന്റെ തെളിവുകളും ദുബെെയിലെത്തിയ എൻഐഎ സംഘം കൊണ്ടുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP