Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ ജോലി കാരണം മന്ത്രിയായ ഭർത്താവ് വെറുതേ പഴി കേൾക്കുന്നു..! നെഹ്രു ഗ്രൂപ്പിന്റ പികെ ദാസ് ഹോസ്പിറ്റലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എകെ ബാലന്റെ ഭാര്യ ജമീല; പി കൃഷ്ണദാസിനെ ബാലൻ വഴിവിട്ട് സഹായിക്കുന്നെന്ന ആരോപണം തെറ്റാണെന്ന് ജമീല

എന്റെ ജോലി കാരണം മന്ത്രിയായ ഭർത്താവ് വെറുതേ പഴി കേൾക്കുന്നു..! നെഹ്രു ഗ്രൂപ്പിന്റ പികെ ദാസ് ഹോസ്പിറ്റലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എകെ ബാലന്റെ ഭാര്യ ജമീല; പി കൃഷ്ണദാസിനെ ബാലൻ വഴിവിട്ട് സഹായിക്കുന്നെന്ന ആരോപണം തെറ്റാണെന്ന് ജമീല

പാലക്കാട്: നെഹ്രു ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പാലക്കാട് വാണിയംകുളത്തുള്ള പി കെ ദാസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല താൽക്കാലികമായി അവധിയിൽ പ്രവേശിച്ചു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പി കൃഷ്ണ ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. ഇതോടെ കൃഷ്ണദാസിനെ രക്ഷിക്കാൻ മന്ത്രി ബാലൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഹോസ്പിറ്റലിൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നതായി ഡോക്ടർ ജമീല ബാലൻ അറിയിച്ചത്. അതേസമയം, താൻ ജോലി രാജിവച്ചിട്ടില്ലെന്ന് ജമീല വ്യക്തമാക്കി.

ഏതാനും ദിവസങ്ങളായി താൻ അവധിയിലാണെന്നും രാജിവെക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജമീല പറഞ്ഞു. തന്റെ പേര് അനാവശ്യമായാണ് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് തന്റെ ഒരു സഹായവും മാനേജ്മെന്റ് തേടിയിട്ടില്ലെന്നും അവർ പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിൽ ഒന്നാം പ്രതിയാണ് പി കൃഷ്ണദാസ്. കൃഷ്ണദാസിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ മന്ത്രി എകെ ബാലന് പങ്കുണ്ടെന്നും അതിന് കാരണം പി കെ ദാസ് ഹോസ്പിറ്റലിൽ ജമീല പ്രവർത്തിക്കുന്നതാണെന്നുമാണ് പ്രതിപക്ഷം ഉയർത്തിയ ആരോപണം.

ഹോസ്പിറ്റലിൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടായാണ് ജമീല ജോലി ചെയ്യുന്നത്. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും ജമീല ജോലിയിൽ തുടരുന്നത് സർക്കാരും മാനേജ്മെന്റും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം പ്രതിപക്ഷ നേതാക്കൾ അടക്കം ഉന്നയിക്കുകയുമുണ്ടായി. സോഷ്യൽ മീഡിയയിലും ആരോപണം ശക്തമായതോടെയാണ് വിട്ടു നിൽക്കാൻ ജമീല തീരുമാനിച്ചത്.

ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം ജമീല കൈക്കൊണ്ടിരിക്കുന്നത്. സംഭവത്തിൽ എകെ ബാലനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നേരത്തെ രംഗത്ത് വന്നിരുന്നു. ധാർമികതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജിഷ്ണുവിന്റെ കേസിൽ സ്വീകരിച്ച നടപടി തിരുത്താൻ ബാലനോട് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം നടപടികളിൽ കൃത്രിമം കാണിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു എങ്ങനെ ധൈര്യം കിട്ടിയെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാർ അലംഭാവം കാട്ടുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ തന്നെ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. ഈ മാസം 13 നാണ് ജിഷ്ണുവിന്റെ ആത്മഹത്യയിൽ അഞ്ച് പേർക്കെതികെ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP