Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലന്ധർ ബിഷപ്പിന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നെന്ന വെളിപ്പെടുത്തലുമായി പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരി; ഫ്രാങ്കോ മുളക്കലിനെതിരെ ഫോൺകോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും അടങ്ങുന്ന തെളിവുകൾ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരി; പീഡനം നടന്ന കുറുവിലങ്ങാട് മഠത്തിലെ 20-ാം നമ്പർ മുറിയിൽ ഫോറൻസിക് പരിശോധന നടത്തി: കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ ലൈംഗിക വിവാദം മുറുകുന്നു

ജലന്ധർ ബിഷപ്പിന്റെ ആളുകൾ ഭീഷണിപ്പെടുത്തുന്നെന്ന വെളിപ്പെടുത്തലുമായി പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരി; ഫ്രാങ്കോ മുളക്കലിനെതിരെ ഫോൺകോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും അടങ്ങുന്ന തെളിവുകൾ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരി; പീഡനം നടന്ന കുറുവിലങ്ങാട് മഠത്തിലെ 20-ാം നമ്പർ മുറിയിൽ ഫോറൻസിക് പരിശോധന നടത്തി: കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ ലൈംഗിക വിവാദം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ ലൈംഗിക വിവാദം മുറുകുന്നു. കേസ് ഒതുക്കി തീർക്കാൻ ജലന്ധർ ബിഷപ്പ് ഭീഷണിയുമായി രംഗത്തിറങ്ങിയെന്ന പരാതിയും ഉയർന്നതോടെ സഭാ നേതൃത്വം ശരിക്കും വെട്ടിലായി. ബിഷപ്പിനെതിരായ തെളിവുകൾ ഉടൻ പുറത്തുവരുമെന്ന സൂചനയും ഇതിനിടെ പുറത്തുവന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് സഭക്കുള്ളിലുള്ള ചില വൈദികർക്കും അറിവുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നു.

ലത്തീൻ സഭയെ പിടിച്ചുകുലിക്കിയ വിവാദത്തിൽ ജലന്ധർ ബിഷപ്പിന്റെ ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരായ വൈദികരിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തൽ കന്യാസ്ത്രീയുടെ സഹോദരി ഒരു ചാനലിനോട് വെളിപ്പെടുത്തി. വിധവയായ സഹോദരിയുടെ മകനെയും സഹോദരനെയും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നും സഹോദരി പറഞ്ഞു. കേസ് അവസാനിപ്പിക്കാത്തതിനാൽ തനിക്കെതിരെ കള്ളകേസ് നൽകിയെന്ന് കന്യാസ്ത്രീയുടെ സഹോദരനും ആരോപിച്ചു. സഭയ്ക്ക് പണവും സ്വാധീനവും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരി പറഞ്ഞു.

നാല് സഹോദരങ്ങളിൽ നിന്ന് രണ്ട് പേർ കന്യാസ്ത്രീകളായി മാറിയ കുടുംബമാണ് ഇവരുടേത്. പൗരോഹിത്യവും സന്യസ്തജീവിതവും സ്വീകരിച്ച അര ഡസനോളം പേർ കുടുംബത്തിലുണ്ട്. കടുത്ത വിശ്വാസികളായതിനാൽ സഭയ്ക്കുള്ളിൽ തന്നെ പ്രശ്നം തീർക്കാൻ പരമാവധി ശ്രമിച്ചു. ഇതിനിടെയാണ് ഭീഷണിയും കള്ളപ്പരാതികളും ഉണ്ടായത്. ബിഷപ്പിനെതിരായി കന്യാസ്ത്രീ സ്വീകരിച്ച നിലപാട് മാറ്റിയെടുക്കാൻ കുടുംബത്തിലെ മറ്റുള്ള സന്യസ്തർക്കും സമ്മർദമുണ്ട്. ജലന്ധർ രൂപത പി.ആർ.ഒ. ഫാദർ പീറ്റർ കാവുംപുറമാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നൽകിയത്. അഭിഭാഷകന്റെ നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്ന് വെളിപ്പെടുത്തി ഇടവക വികാരിയും രംഗത്തുവന്നു. ശബ്ദരേഖ അടക്കമുള്ള തെളിവുകൾ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു. ഫോൺകോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും കന്യാസ്ത്രീയുടെ പക്കലുണ്ട്. അതുകൊണ്ടു തന്നെയാണ് അവർ നിലപാടിൽ ഉറച്ചു നിൽക്കുന്നതെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാൽ ഇടനിലക്കാരനായി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി നൽകി, കഴിഞ്ഞ 30-ാം തിയതിക്കകം പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി. നേരത്തെ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് കന്യാസ്ത്രി വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം നടത്തിയ മൊഴിയെടുപ്പിലാണ് അവർ തന്റെ നിലപാട് അറിയിച്ചത്. മൊഴിയെടുപ്പിനു പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ മൊഴിയുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീ മഠത്തിൽ ഫോറൻസിക് സംഘവു പരിശോധന നടത്തി. കേസിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകൾ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മഠത്തിലെ 20-ാം നമ്പർ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിക്കുമോ എന്നാണ് ഫോറൻസിക് സംഘം പരിശോധിക്കുന്നത്.

ഫോറൻസിക് സംഘത്തോടൊപ്പം വൈക്കം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കേസിൽ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തലും ഇതോടൊപ്പം നടന്നു. ജലന്ധർ രൂപതയുടെ കീഴിൽ വരുന്ന കന്യാസ്ത്രീ മഠമാണ് കുറുവിലങ്ങാട്ടേത്. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യതയിലേക്ക് കടക്കുകയാണെന്ന് കത്തോലിക്കാ സഭയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഷപ്പ് ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായി കന്യാസ്ത്രീ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

ശല്യം കൂടിയപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണിൽ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടർന്നാൽ തനിക്കു സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തി. ഇതെല്ലാം സഭയിലെ പ്രതിസന്ധി അതിരൂക്ഷമാക്കുന്നതാണ്. ക്രിമിനൽനടപടിനിയമം 164-ാം വകുപ്പനുസരിച്ച് മജിസ്ട്രേട്ടിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് അപേക്ഷിച്ചിട്ടുണ്ട്.

2014 മെയ് അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം കൊടുക്കുന്ന ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കാർമികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തിൽ ആദ്യമായി താമസിക്കാൻ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തിൽ ഒരു ആദ്യകുർബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളിൽ, മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ ഇവിടെ എത്തിയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിന് കുരുക്ക് മുറുകുകയാണ്. കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയ്ക്ക്, കേരളത്തിൽ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാൽ, ബിഷപ്പ് കേരളത്തിൽ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തിൽ സന്ദർശനാനുമതി മാത്രമാണുള്ളത്. താമസിക്കാൻ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു. ഫോണിൽ അശ്ലീലം പറയുന്നത് തുടർന്നപ്പോൾ, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP