Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തടവറ കടന്നു വീണ്ടും രുചിപ്പെരുമ; ജയിൽ ചപ്പാത്തി ഹിറ്റായ ശേഷം കോഴി ബിരിയാണി പരീക്ഷിക്കാൻ ജയിൽ വകുപ്പ്; 60 രൂപയുടെ കോഴി ബിരിയാണി ആദ്യദിനം തന്നെ സൂപ്പർ ഹിറ്റായി; ജയിൽവരുമാനം വർദ്ധിപ്പിക്കാൻ നടപടിയെന്ന് ഋഷിരാജ് സിങ്

തടവറ കടന്നു വീണ്ടും രുചിപ്പെരുമ; ജയിൽ ചപ്പാത്തി ഹിറ്റായ ശേഷം കോഴി ബിരിയാണി പരീക്ഷിക്കാൻ ജയിൽ വകുപ്പ്; 60 രൂപയുടെ കോഴി ബിരിയാണി ആദ്യദിനം തന്നെ സൂപ്പർ ഹിറ്റായി; ജയിൽവരുമാനം വർദ്ധിപ്പിക്കാൻ നടപടിയെന്ന് ഋഷിരാജ് സിങ്

കൊല്ലം: തടവറകൾ എന്നു പറഞ്ഞാൽ ഇരുൾ നിറഞ്ഞ ഇടങ്ങളാണെന്ന സങ്കൽപ്പം പണ്ടേ മറഞ്ഞിരുന്നു. ജയിലിൽ നിന്നും ചപ്പാത്തിയും കോഴിക്കറിയും അടക്കമുള്ള ഭക്ഷണങ്ങൾ പുറത്തിറക്കിയത് വലിയ ഹിറ്റായിരുന്നു. പിന്നാലെ ജയിലിൽ നിന്നും കോഴി ബിരിയാണി ഉണ്ടാക്കി ജയിൽവകുപ്പ് അധികൃതർ രംഗത്തെത്തി. ബിരിയാണി ആദ്യദിവസം തന്നെ സൂപ്പർഹിറ്റാകുകയും ചെയ്തു. ചപ്പാത്തിയും കോഴിക്കറിയും വിളമ്പി മാതൃകയായ കൊല്ലം ജില്ലാ ജയിലിൽ നിന്നാണ് ഇന്നലെ കോഴി ബിരിയാണി വിപണിയിലെത്തിയത്.

ഉച്ചയ്ക്ക് വിപണിയിലെത്തിയ 100 പൊതി ബിരിയാണി പത്തു മിനിട്ടിനുള്ളിൽ വിറ്റുപോയി. കൊതിപ്പിക്കുന്ന മണവും രുചിയുമുള്ള ജയിൽ ബിരിയാണിക്ക് 60 രൂപയാണ് വില. നഗരത്തിലെ ഹോട്ടലുകൾ കോഴി ബിരിയാണിക്ക് 120 രൂപ മുതൽ 200 രൂപ വരെ വിലയുള്ളപ്പോഴാണ് പാതിണപ്പണത്തിന് ജയിൽ വകുപ്പിൽ നിന്നും ബിരിയാണ് പുറത്തിറക്കുന്നത്. ജില്ലാ ജയിലിന് മുമ്പിലുള്ള പ്രത്യേക കൗണ്ടറിലാണ് ഇന്നലെ കോഴി ബിരിയാണി വിതരണം ആരംഭിച്ചത്. ഇന്നു വൈകിട്ടു മുതൽ ചിന്നക്കടയിലെ പ്രത്യേക വാഹനത്തിൽ നിന്നു പൊതുജനങ്ങൾക്ക് കോഴി ബിരിയാണി വാങ്ങാം. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പാചകപരിശീലനം നൽകിയ 30 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരാണു ജയിലിൽ ബിരിയാണി തയാറാക്കുന്നത്. സലാഡും അച്ചാറും ഉൾപ്പെട്ടതാണു ബിരിയാണി പാക്കറ്റ്.

ബിരിയാണി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിനു ജയിൽ ഡി.ജി.പി: ഋഷിരാജ് സിങ് നിർവഹിച്ചു. മറ്റു ജയിലുകളിൽ തടവുകാർക്ക് 10 രൂപ പ്രതിഫലം കിട്ടുമ്പോൾ കേരളത്തിലെ തടവുകാർക്ക് അർഹതയുള്ളയുള്ള ജോലിക്കു മാന്യമായ വേതനം ലഭിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിഹാർ ജയിലിൽ എല്ലാ തരത്തിലുള്ള നിർമ്മാണ യൂണിറ്റുകളുമുണ്ട്. പശുവളർത്തൽ, കോഴി വളർത്തൽ തുണിത്തരങ്ങളുടെ നിർമ്മാണം, മധുരപലഹാരം എന്നിങ്ങനെ വൃത്യസ്ത യൂണിറ്റുകളിലൂടെ നാൽപതുകോടി രൂപയോളം വരുമാനം ലഭിക്കുന്നു. എന്നാൽ കേരളത്തിൽ ഈയിനത്തിൽ ഏഴുകോടി രൂപ മാത്രമാണു ലഭിക്കുന്നതെന്നും ജയിലുകളിൽ ഡോക്ടർമാരുടെ സേവനമെത്തിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ജയിൽ ഡി.ജി.പി പറഞ്ഞു. അടിയന്തരമായി 600 പേരെ ലഭിച്ചാലേ ജയിലിന്റെ പ്രവർത്തനം സുഖപ്രദമായി മുന്നോട്ടുകൊണ്ടു പോകാൻ കഴിയൂ. ജില്ലാ ജയിലിൽ ആരംഭിച്ച ബിരിയാണി നിർമ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം ജയിൽ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 8000 തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. ഇവരെ നിയന്ത്രിക്കാൻ ആകെയുള്ളത് 1200ൽ താഴെ പൊലീസുകാർ. ആറ് തടവുകാർക്ക് ഒരു പൊലീസുകാരനെന്നാണ് കണക്ക്. തിഹാർ മാതൃകയിൽ കേരളത്തിലെ ജയിലുകളിൽ വരുമാനവർധനയാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ തടവുകാർക്ക് മാന്യമായ വേതനം ലഭിക്കുമെന്നും അ്ദദേഹം പരഞ്ഞു.

ഡി.ഐ.ജി: ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രിസൺസ് ഓഫീസർമാരായ അരുൺകുമാർ, കെ.എസ്. ദീപു എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജയിൽ സൂപ്രണ്ട് എ.എ ഹമീദ്, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി ഡി.ജയകൃഷ്ണൻ, ദക്ഷിണമേഖല റീജണൽ വെൽഫെയർ ഓഫീസർ കെ.ഇ. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP