Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിഷേധിക്കപ്പെടുന്നത് ശാന്തമായ ആരാധനാ സ്വാതന്ത്ര്യം മുതൽ മാന്യമായ ശവസംസ്‌കാരത്തിനുള്ള അവസരം വരെ; നടക്കുന്നത് സത്യവിശ്വാസികളെ ദേവാലയങ്ങളിൽ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമങ്ങൾ എന്നും യാക്കോബായ സഭ; പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ച് 24-ന് എറണാകുളത്ത് ഉപവസിക്കുക ശ്രേഷ്ഠ ബാവായും മെത്രാപ്പൊലീത്തമാരും

നിഷേധിക്കപ്പെടുന്നത് ശാന്തമായ ആരാധനാ സ്വാതന്ത്ര്യം മുതൽ മാന്യമായ ശവസംസ്‌കാരത്തിനുള്ള അവസരം വരെ; നടക്കുന്നത് സത്യവിശ്വാസികളെ ദേവാലയങ്ങളിൽ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമങ്ങൾ എന്നും യാക്കോബായ സഭ; പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ച് 24-ന് എറണാകുളത്ത് ഉപവസിക്കുക ശ്രേഷ്ഠ ബാവായും മെത്രാപ്പൊലീത്തമാരും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങളും സെമിത്തേരികളും സുപ്രീം കോടതി വിധിയുടെ മറവിൽ പിടിച്ചെടുത്ത് വിശ്വാസികളെ പള്ളികളിൽ നിന്ന് പുറത്താക്കിയും, സെമിത്തേരികളിൽ മൃതശരീരം സംസ്‌ക്കരിക്കുവാൻ പോലും അനുവദിക്കാതെയും ഉള്ള മെത്രാൻ കക്ഷി വിഭാഗത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കും മനുഷ്യത്വ രഹിതമായ നടപടികൾക്കും എതിരെ പ്രതിഷധം ശക്തമാക്കുമെന്ന് യാക്കോബായ സഭ. പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് എറണാകുളത്ത് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും വൈദീകരും സഭാ ഭാരവാഹികളും സഭാസമിതി അംഗങ്ങളും ഭക്തസംഘടനാ പ്രവർത്തകരും ഈ മാസം 24 ന് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ ഉപവാസ പ്രാർത്ഥന യജ്ഞം നടത്തും.

20 ലക്ഷത്തോളം വരുന്ന യാക്കോബായ സഭാ വിശ്വാസികൾക്ക് നീതി ലഭിക്കുന്നതിനും, ആരാധനാ സ്വാതന്ത്യവും വിശ്വാസവും സംരക്ഷിക്കപ്പെടുന്നതിനും, മാന്യമായി ശവസംസ്‌ക്കാരം നടത്തുന്നതിനും, തങ്ങളുടെ ആരാധനാലയങ്ങൾ നിലനിർത്തി കിട്ടുന്നതിനും വേണ്ടി സഭാവിശ്വാസികളുടെ ഭീമഹർജി രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള ഗവർണർ, കേരള മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് സമർപ്പിക്കുവാനും പുത്തൻകുരിൽ ചേർന്ന സഭാവർക്കിങ് കമ്മിറ്റിയിൽ തീരുമാനമായി. സെപ്റ്റംബർ 15 മുതൽ 23 വരെ ഇടവകകൾ കേന്ദ്രീകരിച്ച് വിശ്വാസികളുടെ ഒപ്പ് ശേഖരണം നടത്തും.

ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ലംഘിച്ചുകൊണ്ട്, മാന്യമായ ശവസംസ്‌ക്കാരവും, നീതിയും യാക്കോബായ വിശ്വാസികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ സെമിത്തേരിയിൽ, സ്വന്തം കുടുംബകല്ലറയിൽ സംസ്‌ക്കരിച്ച ഒരു യാക്കോബായ വിശ്വാസിയുടെ മൃതദേഹം ആഴ്ചകൾക്ക്ശേഷം പുറത്തെടുക്കണമെന്ന മനുഷ്യത്വരഹിതമായ ആവശ്യവുമായി ഓർത്തഡോക്സ് സഭയിലെ ഒരു വൈദീകൻ കോടതിയെ സമീപിച്ചിരിക്കുന്ന ഭീകരമായ അവസ്ഥയിലൂടെയാണ് യാക്കോബായ സഭ ഇന്നു കടന്നുപോകുന്നത്.

1934-ഭരണഘടനയുടെ കൈയെഴുത്ത് പ്രതിയിലും, ആദ്യമായി പ്രസ്സിൽ അച്ചടിച്ച പ്രതിയിലും ഇടവക അംഗത്വം ലഭിക്കുന്നതിന് കുമ്പസാരം നിർബന്ധമല്ല എന്നുള്ള യാഥാർത്ഥ്യം നിലനിൽക്കെ യാക്കോബായ വിശ്വാസികളെ നിർബന്ധിച്ച് ഓർത്തഡോക്സ് വൈദീകന്റെ മുമ്പാകെ കുമ്പസാരിപ്പിക്കുന്നതിന് നിബന്ധന എഴുതി ചേർക്കുകയും, സത്യ സുറിയാനി സഭയ്ക്ക് പൈതൃകമായി ലഭിച്ചതും, അന്ത്യോഖ്യാ വിശ്വാസത്തിൽ ആരാധന നടത്തുവാൻ പൂർവ്വപിതാക്കന്മാർ നിർമ്മിച്ചതുമായ ദേവാലയങ്ങളിൽ നിന്നും സത്യവിശ്വാസികളെ പുറത്താക്കുന്നതിനുള്ള ഗൂഡശ്രമങ്ങൾ നടന്നുവരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. യോഗം വിലയിരുത്തി.

യാക്കോബായ സുറിയാനി സഭയ്ക്ക് നീതി ലഭിക്കുന്നതുവരെ വിവിധ പ്രക്ഷോഭ പരിപാടികളുമായി സഭ മുന്നോട്ട് പോകുമെന്ന് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെഎസ്‌സി ന്യൂസ് പുറത്തുവിട്ട പത്രക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP