Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നട്ടെല്ലുള്ള ഉദ്യോഗസ്ഥനെ പേടിച്ച് സർക്കാർ! പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ ബോർഡിലേക്ക് മാറ്റിയ ജേക്കബ് തോമസിന് ചെയർമാന്റെ ചുമതല നൽകിയില്ല; വിവാദമായപ്പോൾ ഉത്തരവിലെ പിശകെന്ന് ആഭ്യന്തര വകുപ്പ്; ഫ്‌ലാറ്റുകാർ പലതവണ മുഖ്യമന്ത്രിയെ കണ്ടെന്ന് ജേക്കബ് തോമസ്

നട്ടെല്ലുള്ള ഉദ്യോഗസ്ഥനെ പേടിച്ച് സർക്കാർ! പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ ബോർഡിലേക്ക് മാറ്റിയ ജേക്കബ് തോമസിന് ചെയർമാന്റെ ചുമതല നൽകിയില്ല; വിവാദമായപ്പോൾ ഉത്തരവിലെ പിശകെന്ന് ആഭ്യന്തര വകുപ്പ്; ഫ്‌ലാറ്റുകാർ പലതവണ മുഖ്യമന്ത്രിയെ കണ്ടെന്ന് ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ ഈ സർക്കാറിന് ഭയമാണോ? നിയമം അനുശാസിക്കുന്ന വിധത്തിൽ ജനസുരക്ഷ മുൻനിർത്തി നടപടി എടുത്തതിന്റെ പേരിൽ ഫ്‌ലാറ്റ് ലോബിയുടെ കണ്ണിൽ കരടായാണ് ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സത്യസന്ധനായ ഈ ഉദ്യോഗസ്ഥനെ വീണ്ടും തരംതാഴ്‌ത്തുന്ന വിധത്തിലാണ് സർക്കാറിന്റെ തീരുമാനം. പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ ബോർഡിലേക്ക് മാറ്റിയ ജേക്കബ് തോമസിന് വകുപ്പിന്റെ സമ്പൂർണ്ണ ചുമതല നൽകാനാണ് സർക്കാറിന് ഭയം.

എഡിജിപി ഇരുന്ന തസ്തികയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ആ വകുപ്പിന്റെ സമ്പൂർണ്ണ ചുമതല നൽകാൻ ആഭ്യന്തരവകുപ്പ് വൈമനസ്യം കാണിച്ചത്. മുമ്പ് ബോർഡിന്റെ എംഡിയും ചെയർമാനുമായിരുന്ന എഡിജിപി അനിൽ കാന്തിന് പകരം നിയമനം ലഭിച്ച ജേക്കബ് തോമസിന് എംഡി സ്ഥാനം മാത്രമാണ് നൽകിയിരിക്കുന്നത്. മുമ്പ് എഡിജിപി റാങ്കിലുള്ള ഒരാൾക്ക് രണ്ട് പദവികളും നൽകിയപ്പോൾ ഡിജിപിയായ ജേക്കബ് തോമസിനെ സർക്കാർ വീണ്ടും തരംതാഴ്‌ത്തുന്ന വിധത്തിലാണ് സർക്കാർ പെരുമാറിയത് എന്നതാണ് ആരോപണം.

അതേസമയം ഇതിനെക്കുറിച്ച് പ്രതികരിക്കാതെ ജേക്കബ് തോമസ് ഇന്ന് സ്ഥാനമേറ്റു. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ശേഷം ഉത്തരവിൽ തെറ്റുപറ്റിയതാണെന്നും ജേക്കബ് തോമസിന് പൂർണ്ണ ചുമതല നൽകുമെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം പൊലീസ് കൺസ്ട്രക്ഷൻ മേധാവിയായി ചുമതല ഏറ്റ ശേഷം സർക്കാറിനെ നിശിദമായി വിമർശിക്കുകയും ചെയ്തു ജേക്കബ് തോമസ്.

തന്നോ ഫയർഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്നും ഫ്‌ലാറ്റ് ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തന്നെ സ്ഥലം മാറ്റിയതെന്ന് ജേക്കബ് തോമസ് ആരോപിച്ചു. നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് തന്നെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ചാനലുകളോട് പറഞ്ഞു. സംസ്ഥാനത്ത് സുരക്ഷാ മാനദണ്ഡങ്ങൽ ലംഘിച്ച 77 കെട്ടിടങ്ങൾ നിലവിലുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അതിന് മുമ്പ് സ്ഥാനചലനം സംഭവിച്ചതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിച്ചില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

തന്നെ മാറ്റാൻ ഫ്‌ലാറ്റ് ലോബിയുടെ സമ്മർദ്ദമുണ്ടായെന്ന് വ്യക്തമാക്കുകയും ചെയ്തു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഫ്‌ലാറ്റ് ലോബിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത ഫ്‌ളാറ്റുകാരുടെ യോഗം പലതവണ നടന്നെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇത് എന്തിന്റെ ലക്ഷണമാണെന്ന് അറിയില്ലെന്നും താനുമായി ബന്ധപ്പെട്ടല്ല ഇത്തരം യോഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ഫയർഫോഴ്‌സ് മേധാവി സ്ഥാനത്ത് ആകെ രണ്ടര മാസമേ ഇരുന്നുള്ളൂ. ഈ കാലത്താണ് സംസ്ഥാനത്തുടനീളം 77 വൻകിട കെട്ടിടങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായത്. കൊച്ചിയിലാണ് അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ ഏറെയുള്ളത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് താൻ മുൻഗണന നൽകിയത്. പരാതി കിട്ടിയപ്പോഴാണ് താൻ ഈ വിഷയത്തിൻ നടപടി സ്വീകരിക്കാൻ തുനിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു. ഇതിനായി ഒരു ടെക്‌നിക്കൽ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് 77 കെട്ടിടങ്ങളെ കണ്ടെത്തിയത്. എന്നാൽ ഈ രണ്ടരമാസ കാലയളവിനുള്ളിൽ നിരവധി യോഗങ്ങൾ നടത്തിയതും തന്റെ സ്ഥാനമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ഈ കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സ്ഥാനചലനമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സ്ഥലം മാറ്റത്തെ തുടർന്ന് അവധിയിലായിരുന്ന ഡിജിപി ജേക്കബ് തോമസ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയായി ചുമതലയേറ്റു. രാവിലെ 11 മണിയോടെ ഓഫിസിലെത്തിയ ഡിജിപി നിലവിലെ എംഡി അനിൽ കാന്തിൽ നിന്നു ചുമതലയേറ്റെടുക്കുകയായിരുന്നു. നേരത്ത് ജേക്കബ് തോമസിന് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സമ്പൂർണ്ണ ചുമതല നൽകിയിരുന്നില്ല. ഇത് വിവാദമായതോടെ ഉത്തരവിൽ വന്ന പിശകാണെന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന് നാഷണൽ ബിൽഡിങ് കോഡ് (എൻബിസി) നിർബന്ധമാക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് ഫയർഫോഴ്‌സ് മേധാവിയായിരിക്കെ ഡോ. ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കൈമാറിയ നേരത്തെ തള്ളിയിരുന്നു. ജേക്കബ് തോമസിനെ ഫയർഫോഴ്‌സിൽ നിന്ന് നീക്കിയതോടെ റിപ്പോർട്ട് ഇനി പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇതിന് വേണ്ടി മാത്രമാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ തലവനായി ജേക്കബ് തോമസിനെ മാറ്റിയത് എന്നതാണ് തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP