Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാനാണോ മുരളീധരന് തിടുക്കം; അത് അനുവദിക്കില്ല; ജാഗ്രതയോടെയുള്ള നമ്മുടെ ഈ പ്രവർത്തനം കൊണ്ടാണ് ലോകത്തിന് മാതൃകയായി കേരളം നിൽക്കുന്നത്; മറുപടിയുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാനാണോ മുരളീധരന് തിടുക്കം; അത് അനുവദിക്കില്ല; ജാഗ്രതയോടെയുള്ള നമ്മുടെ ഈ പ്രവർത്തനം കൊണ്ടാണ് ലോകത്തിന് മാതൃകയായി കേരളം നിൽക്കുന്നത്; മറുപടിയുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തന ശൈലി ശരിയല്ലെന്നും കേന്ദ്രമാനദണ്ഡങ്ങൾ കേരളം പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കാൻ തങ്ങൾ സന്നദ്ധരാണ് എന്ന് തന്നെയാണ് കേരളം പറഞ്ഞതെന്നും എന്നുകരുതി പ്രളയകാലത്ത് ആളുകളെ കൊണ്ടുവന്നതുപോലെ ഈ ഘട്ടത്തിൽ ചെയ്യാൻ സാധിക്കില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഓരോരുത്തരേയും കൃത്യമായി ക്വാറന്റൈൻ ചെയ്യാൻ കഴിയുന്ന തരത്തിൽ മുന്നൊരുക്കത്തോടെയാണ് സംസ്ഥാനം കാര്യങ്ങൾ ചെയ്യുന്നത്. രണ്ടുലക്ഷം ആളുകളെ സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞാൽ രണ്ട് ലക്ഷം ആളുകളെ ഒന്നിച്ച് കൊണ്ടുവന്ന് ഇവിടെ ഇടുകയാണോ വേണ്ടത്. ഓരോരുത്തരേയും ക്വാറന്റൈൻ ചെയ്യാൻ സാധിക്കണം. മുരളീധരനെപ്പോലെയുള്ള ആളുകൾ ഉത്തരവാദിത്തതോടെ പ്രതികരിക്കേണ്ട ഒരു പ്രശ്നമാണ് ഇത്. ജാഗ്രതയോടെയുള്ള നമ്മുടെ ഈ പ്രവർത്തനം കൊണ്ടാണ് ലോകത്തിന് മാതൃകയായി കേരളം നിൽക്കുന്നത്. അങ്ങനെ നിൽക്കുന്ന കേരളത്തിന് ഇവിടേക്ക് വരുന്നവരെ സംരക്ഷിക്കണം. ഈ സംസ്ഥാനത്തെ ജനങ്ങളേയും സംരക്ഷിക്കണം. അതീവ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് സർക്കാരിന് താത്പര്യം എന്ന് പറയുമ്പോൾ അതിൽ എന്തിനാണ് വിവാദം.

വരുന്നത് ആരാണെന്ന് സംസ്ഥാനത്തിന് അറിയണം, ഒരുക്കങ്ങൾ നടത്തണം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ അതാത് സംസ്ഥാനങ്ങളും അത്തരത്തിൽ മുന്നൊരുക്കം നടത്തി ആളുകളെ ട്രെയിനിൽ കയറ്റണം. ഇവിടെ എത്തിയാൽ നമ്മൾ സ്വീകരിക്കാൻ തയ്യാറാണ്. ഒരാളേയും സ്വീകരിക്കാതെ ഇരുന്നിട്ടില്ല. തികഞ്ഞ ജാഗ്രതയോടെ സംസ്ഥാനം ചെയ്യുന്ന കാര്യത്തിൽ ഏതിലാണ് മുരളീധരന് പരാതിയുള്ളത്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്ത ട്രാക്ക് റെക്കോർഡ് കേരളത്തിനുണ്ട്. അത് പൊളിക്കാൻ ഞങ്ങൾ തയ്യാറല്ല. ഞങ്ങൾ അതീവ ജാഗ്രതയോടെ വരുന്നവരെ ക്വാറന്റൈൻ ചെയ്യും. കേന്ദ്രം ഇപ്പോൾ ട്രെയിൻ കൊണ്ടുവരുന്നു. ഡൽഹിയിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് മാത്രം അത്രയധികം ആളുകൾ എത്താനുള്ളപ്പോൾ കേരളത്തിൽ മാത്രം സ്റ്റോപ്പ് അനുവദിച്ചാൽ മതിയല്ലോ എന്ന് സംസ്ഥാനം ചോദിച്ചു. ഇത്തരത്തിൽ ഒരു ജാഗ്രത ഇല്ലാത്ത ഗുജറാത്തും മഹാരാഷ്ട്രയും മധ്യപ്രദേശും നമ്മൾ കാണുന്നുണ്ടല്ലോ.

ഇത് സ്വീകരിക്കുന്നതിന്റെയോ കൊണ്ടുവരുന്നതിന്റെയോ പ്രശ്നമല്ല. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഉത്തരവാദിത്തത്തോടെ കൊണ്ടുവന്ന് ക്വാറന്റൈൻ ചെയ്യണം. ഇത് മാത്രമാണ് പ്രശ്നം. ഇതിൽ എവിടെയാണ് തർക്കം. കേരളം ഗുജറാത്ത് ആക്കണോ മഹാരാഷ്ട ആക്കണോ ഇതിനാണോ തർക്കം. കേരളം കേരളമാണ്. കേരളത്തിന്റെ ജാഗ്രത ജനകീയ പ്രതിരോധനത്തിനകത്ത് നിന്നുകൊണ്ടാണ്. എന്തൊക്കെ വിവാദമുണ്ടാക്കിയാലും ഇതിൽ നിന്നൊന്നും പിന്നോട്ട് പോകാൻ തയ്യാറല്ല. കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP