Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹത്രാസ് പീഡനം: വിവിധ സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം സംഘടിപ്പിക്കും; സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ലീഗ്

ഹത്രാസ് പീഡനം: വിവിധ സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം സംഘടിപ്പിക്കും; സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ലീഗ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഹത്രാസ് പീഡനംത്തിൽ പ്രതിഷേധിച്ചും സംഭവത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണമെന്നാവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി 100 കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് ദേശീയ പ്രക്ഷോഭ ദിനം സംഘടിപ്പിക്കും. മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇാേസം 10, 11,12 തീയതികളിൽ വിവിധ സംസ്ഥാനങ്ങളിലായി 100 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രക്ഷോഭ ദിനം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഫ. കെ.എം ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി എന്നിവർ അറിയിച്ചു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാറിന്റെയും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാന സർക്കാറുകളുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ മതേതര ശക്തികളുടെ നേതൃത്വത്തിൽ രാജ്യം ദർശിക്കുന്ന ശക്തമായ സമര പോരാട്ടങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് ശുഭകരമായ സൂചനകൾ നൽകുന്നു എന്നും മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നിൽ രാജ്യത്തെ നാണം കെടുത്തി. ലോകം മുഴുവൻ ആ പെൺകുട്ടിക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുമ്പോൾ പ്രതികളെ സംരക്ഷിക്കാൻ പരസ്യമായ നീക്കമാണ് യു.പിയിലെ യോഗി സർക്കാർ നടത്തുന്നത്. പെൺകുട്ടിയുടെ മൃതശരീരം ബലം പ്രയോഗിച്ച് കത്തിച്ചത് ആധുനിക സമൂഹത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത വിധമാണ്. ബേഠിബച്ചാവോ എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിൽ വന്നവരിൽ നിന്നാണ് രാജ്യത്തെ പെൺകുട്ടികൾക്ക് രക്ഷ വേണ്ടത്. നിയമവാഴ്ചയും പ്രതിപക്ഷവുമില്ലാത്ത യോഗി രാജ് ആണ് യു.പിയിൽ നടപ്പാക്കുന്നത്.

ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ നേരിൽ കാണാനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് തടയാൻ ശ്രമിച്ചത് പച്ചയായ ഏകാധിപത്യമാണ്. ശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവിൽ യു.പി സർക്കാറിന് മുട്ട് മടക്കേണ്ടി വന്നത് ജനകീയ പ്രതിരോധത്തിനു മുന്നിൽ ഏകാധിപത്യത്തിനു പിടിച്ചു നിൽക്കാനാവില്ല എന്നതിന്റെ തെളിവാണ്. രാജ്യത്തിന്റെ കണ്ണുനീരായി മാറിയ പെൺകുട്ടിക്ക് നീതി ലഭിക്കണം. യു.പി സർക്കാർ നിയന്ത്രിക്കുന്ന ഒരു ഏജൻസിയുടെയും അന്വേഷണം നിഷ്പക്ഷമാകില്ല എന്നത് ഇതുവരെയുള്ള സംഭവ വികാസങ്ങളിൽ നിന്ന് വ്യക്തമാണ്. പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതു പോലെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം.

പെൺകുട്ടിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങക്കു നേതൃത്വം കൊടുത്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ യു.പി സർക്കാർ ഒരുങ്ങുന്നതായ വാർത്ത ഞെട്ടിക്കുന്നതാണ്. പൗരത്വ നിയമവിരുദ്ധ സമരത്തെ കൈകാര്യം ചെയ്ത സമാന രീതിയിൽ ഹത്രാസിലെ പെൺകുട്ടിക്കു വേണ്ടിയുള്ള സമരങ്ങളെയും കൈകാര്യം ചെയ്യാൻ മുതിരുന്നത് ചെറുത്തു തോൽപ്പിക്കണം. യു.പി യിൽ വർധിച്ചു വരുന്ന ദലിത് മുസ്ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരായ സമരങ്ങളോടൊപ്പം മുസ്്‌ലിംലീഗ് ശക്തമായി നിലയുറപ്പിക്കും.

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് ശക്തിപ്പെടുന്ന കർഷക പോരാട്ടങ്ങളെ മുസ്്‌ലിംലീഗ് ശക്തമായി പിന്തുണക്കും. കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കുന്നതാണ് ഈ നിയമങ്ങൾ. കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില എന്നത് സമ്പൂർണമായും ഇല്ലാതാവും. കർഷകരുടെ കൂട്ട ആത്മഹത്യ ആയിരിക്കും ഫലം. കോർപ്പറേറ്റുകളുടെ പ്രതിസന്ധി പരിഹരിക്കാൻ കോടിക്കണക്കിനു കർഷകരെ കുരുതി കൊടുക്കുന്ന നിയമത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കർഷക സമരം രാജ്യമാകെ പടരുകയാണ്. ആ സമരങ്ങളെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യ ശക്തികൾ ഏറ്റെടുക്കണം.
ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ യുടെ പരാജയം ഉറപ്പാക്കുക എന്നതാണ് മതേതര കക്ഷികളുടെ പ്രഥമ ലക്ഷ്യം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മതേതര സർക്കാറിനുവേണ്ടി വോട്ടു കൊടുത്ത ബീഹാർ ജനതയെ ഒറ്റുകൊടുത്തുകൊണ്ടാണ് നിതീഷ് കുമാർ എൻ.ഡി.എ യിൽ ചേർന്നത്. സദ്ഭരണം എന്ന മുദ്രാവാക്യം മുഴക്കി കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകൾ വിജയിച്ച നിതീഷിന്റെ ദുർഭരണത്തിനെതിരെ ജനകീയ വികാരം ശക്തമാണ്. ബീഹാറിൽ ആർ.ജെ.ഡി യുടെയും കോൺഗ്രസിന്റയും നേതൃത്വത്തിൽ പ്രതിപക്ഷ മഹാസഖ്യം രൂപീകരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കാനായത് മതേതര ചേരിക്ക് മുൻതൂക്കം നൽകുന്നു. ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ വിഭജിക്കുന്നത് തടയുന്നതിനാവശ്യമായ സമീപനം ബീഹാർ തെരഞ്ഞെടുപ്പിൽ മുസ്്‌ലിംലീഗ് സ്വീകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോവിഡ് വ്യാപനത്തിനിടയിലും കേന്ദ്ര സർക്കാർ തുടരുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ നിയമപരവും രാഷ്ട്രീയവുമായ പ്രതിഷേധമുയർത്തും. ഡൽഹി വംശഹത്യ അന്വേഷണത്തിന്റെ മറവിൽ ഡൽഹി പൊലീസിന്റെ വേട്ടയാടൽ തുടരുന്നത് അനുവദിക്കാനാവില്ല. പൊലീസ് വേട്ടയുടെ ഇരകൾക്ക് നിയമ പിന്തുണ ഉറപ്പാക്കും.ഇതിനായി ദേശീയ മുസ്്‌ലിംയൂത്ത് ലീഗിന്റെ പ്രതിനിധി സംഘം ഡൽഹിയിലെത്തും.ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രഫ. കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്വഗതം ആശംസിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി സംഘടനാ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എംപി, സെക്രട്ടറിമാരായ സിറാജ് സുലൈമാൻ സേട്ട്, ഖുർറം അനീസ് ഉമർ, നഈം അക്തർ, മുഹമ്മദ് അതീബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ, ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, വനിതാ ലീഗ് ദേശീയ പ്രസിഡന്റ് നൂർബിന റഷീദ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, അഡ്വ. വി.കെ ഫൈസൽ ബാബു പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP