Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2002ൽ ആരംഭിച്ച മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പൊട്ടിച്ചത് ഉടമകൾ തന്നെ; ബിനാമി പേരുകളിൽ പുതിയ തട്ടിപ്പുകളുമായി കമ്പനി ഉടമസ്ഥർ മുന്നോട്ട് പോകുന്നുവെന്ന് ഏജന്റുമാരും നിക്ഷേപകരും; കൂട്ട ഉപവാസവും മരണം വരെ നിരാഹാര സമരവുമായി പ്രക്ഷോഭം ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനം

2002ൽ ആരംഭിച്ച മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പൊട്ടിച്ചത് ഉടമകൾ തന്നെ; ബിനാമി പേരുകളിൽ പുതിയ തട്ടിപ്പുകളുമായി കമ്പനി ഉടമസ്ഥർ മുന്നോട്ട് പോകുന്നുവെന്ന് ഏജന്റുമാരും നിക്ഷേപകരും; കൂട്ട ഉപവാസവും മരണം വരെ നിരാഹാര സമരവുമായി പ്രക്ഷോഭം ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനം

കെ വി നിരഞ്ജൻ

കോഴിക്കോട്: വർഷങ്ങളോളം പ്രവർത്തിച്ച ചിട്ടി കമ്പനി അടച്ചുപൂട്ടി ഉടമയും ഡയരക്ടർമാരും മുങ്ങിയതോടെ നിക്ഷേപകരും ഏജന്റുമാരും ദുരിതത്തിൽ. കൽപ്പറ്റ കേന്ദ്രമായി 2002 ലാണ് കൽപ്പറ്റ ജനക്ഷേമ മാരുതി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ചിട്ടി കമ്പനി ആരംഭിക്കുന്നത്. കേരളത്തിലും പുറത്തുമായി 85 ഓളം ബ്രാഞ്ചുകളാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ കമ്പനി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയതോടെ നിരവധി ആളുകളിൽ നിന്നും നിക്ഷേപപരമായും ചിട്ടിപരമായും കോടിക്കണക്കിന് രൂപ വാങ്ങി കമ്പനിക്ക് നിക്ഷേപിച്ച ജീവനക്കാരും ഏജന്റുമാരും നിക്ഷേപകരമാണ് എന്ത് ചെയ്യണമെന്നറിയാതെ ദുരിതക്കയത്തിലായത്.

കമ്പനി മാനേജ്മെന്റിന്റെ പല തരത്തിലുള്ള മോഹന വാഗ്ദാനങ്ങൾ കേട്ട് ജീവനക്കാരും നിക്ഷേപകരും ഏജന്റുമാരുമായ തങ്ങൾ നിരവധി ആളുകളിൽ നിന്ന് കമ്പനിക്ക് വേണ്ടി കോടിക്കണക്കിന് രൂപയാണ് പലരിൽ നിന്നായി വാങ്ങിക്കൊടുത്തതെന്ന് മാരുതി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥൻ കെ.കെയും രമ കക്കോടിയും പറയുന്നു. കമ്പനി ഉടമയും മാനേജിങ് ഡയരക്ടറുമായ ഇ.കെ സുശീൽ കുമാർ, ഡയറക്ടർമാരായ എ.വി സുനിൽ കുമാർ, ഒ.പി പ്രദീപ് കുമാർ, എ. പുഷ്പരാജ് എന്നിവർ ആദ്യകാലത്തൊക്കെ നല്ല രീതിയിലുള്ള ഇടപെടലും പെരുമാറ്റവുമാണ് നടത്തിയത്.

അതുകൊണ്ട് തന്നെ കമ്പനിക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് വലിയ തോതിൽ പണം വാങ്ങി നൽകുകയും ചെയ്തു. ഇവരിലും കമ്പനിയിലും വിശ്വസിച്ചാണ് തൊഴിൽ രഹിതരായ തങ്ങൾ ഒരു തൊഴിൽ എന്ന നിലയ്ക്ക് പലരിൽ നിന്നും നിക്ഷേപങ്ങൾ കമ്പനിക്ക് വാങ്ങി കൊടുത്തത്. തുടർന്ന് കമ്പനി പൂട്ടിയതോടെ വഞ്ചിതരായ തങ്ങൾ പലവട്ടം കമ്പനി ഉടമയെ കണ്ട് സംസാരിച്ചപ്പോഴും ഫോണിൽ വിളിച്ച് ബന്ധപ്പെട്ടപ്പോഴും അവർ പല അവധികളും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളിപ്പോഴുള്ളതെന്നും ഇവർ വ്യക്തമാക്കി.

മാരുതി ചിട്ടിയുടെ നിക്ഷേപകരിലും ഏജന്റുമാരിലും ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. കമ്പനി അടച്ചുപൂട്ടി ഉടമയും ഡയരക്ടർമാരും മുങ്ങിയതോടെ പലരും ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. മാരുതി ചിറ്റ്സ് പൊട്ടിയെങ്കിലും അമ്മ ചിറ്റ്സ്, ലക്ഷ്മി മാധവ് ചിറ്റ്സ്, പ്രാർത്ഥന ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഉടമകൾ ബിനാമി പേരുകളിൽ നടത്തുകയാണ്. പലവിധ തട്ടിപ്പുകളും അവർ തുടരുമ്പോഴും അവർ ഇതുവരെ പിടിയിലായിട്ടില്ല.

മുഖ്യമന്ത്രി, നിയമവകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്കെല്ലാം ആക്ഷൻ കമ്മിറ്റി ഇതിനകം പരാതികൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു. എന്നാൽ കമ്പനി ഉടമകളെ കണ്ടെത്താനോ നിയമനടപടികൾ സ്വീകരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ജൂൺ പത്തിന് കാലത്ത് പത്ത് മണി മുതൽ കോഴിക്കോട് കിഡ്സൻ കോർണറിൽ പ്രതിഷേധ കൂട്ട ഉപവാസം നടത്തും.

തുടർന്ന് ജൂലായ് ആദ്യവാരം സെക്രട്ടറിയേറ്റിന് മുമ്പിൽ മാരുതി ചിട്ടി തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കുറ്റവാളികളെയും തട്ടിപ്പുകാരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരവും നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്ഥാപനത്തിന്റെ കർണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളിലെ ബ്രാഞ്ചുകളെല്ലാം അടച്ചു. ആളുകളുടെ പരാതിയിൽ ആന്ധ്ര പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലും കർണ്ണാടകയിലും നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP