Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കാസർകോഡ് യുഡിഎഫിൽ പൊട്ടിത്തെറി ! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം രൂക്ഷം; പഞ്ചായത്ത് ബജറ്റ് അവതരണ വേളയിലും ലീഗും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം തകൃതി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കാസർകോഡ് യുഡിഎഫിൽ പൊട്ടിത്തെറി ! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം രൂക്ഷം; പഞ്ചായത്ത് ബജറ്റ് അവതരണ വേളയിലും ലീഗും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം തകൃതി

രഞ്ജിത് ബാബു

കാസർകോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കാസർകോഡ് ജില്ലയിൽ യു.ഡി.എഫിൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസ്സിന് കൈമാറാൻ വിസമ്മതിച്ചു കൊണ്ട് മുസ്ലിം ലീഗ് തന്നിഷ്ടം കാണിച്ചതോടെയാണ് കോൺഗ്രസ്സിനകത്തും കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തമ്മിലും അസ്വാരസ്യം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരണ വേളയിലും മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള ഭിന്നത ശക്തമായി ഉയർന്ന് വന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരോട് ഒരു തരത്തിലുമുള്ള കൂടിയാലോചനയും നടത്താതെയാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറും വൈസ് ചെയർപേഴ്സൺ ശാന്തമ്മ ഫിലിപ്പും ഏക പക്ഷീയമായാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ആരോപിച്ച് ചർച്ചയിൽ നിന്നും കോൺഗ്രസ്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ ഇറങ്ങിപ്പോകുകയും ചെയ്തു.

ആദ്യത്തെ രണ്ട് വർഷം മുസ്ലിം ലീഗിനും തുടർന്നുള്ള രണ്ട് വർഷം കോൺഗ്രസ്സിനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി എന്ന ധാരണയിലാണ് യു.ഡി.എഫ് ആദ്യ തവണ മുസ്ലിം ലീഗിന് നൽകിയിരുന്നത്. എന്നാൽ രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കി മുസ്ലിം ലീഗ് കോൺഗ്രസ്സിന് സ്ഥാനം മാറ്റി നൽകാൻ തയ്യാറായിരുന്നില്ല അതേ ചൊല്ലി ഇരുകക്ഷികളും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ്സിനകത്തെ ഗ്രൂപ്പ് തർക്കം മൂലം മുസ്ലിം ലീഗ് തന്ത്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി തിരിച്ച് നൽകാതിരിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയിലും ഈ വിഷയം ഐ. വിഭാഗക്കാർ ഉന്നയിച്ചിരുന്നു. 

കാസർഗോഡു നിന്നും ആരംഭിച്ച ജനമഹായാത്ര ജില്ലയിൽ നിന്നും കടന്നു പോകുന്നതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി കോൺഗ്രസ്സിന് നൽകാൻ നടപടിയെടുക്കണമെന്ന് ഐ. വിഭാഗം മുല്ലപ്പള്ളിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. എന്നാൽ യാത്രക്കിടയിൽ ഇത്തരമൊരു പ്രശ്നം ഗൗരവമായി ചർച്ച ചെയ്യാൻ സമയമില്ലെന്നും പിന്നീട് ഉചിതമായി തന്നെ ഇക്കാര്യത്തിൽ ചർച്ച നടത്താമെന്നും മുല്ലപ്പള്ളി അറിയിക്കുകയായിരുന്നു. ഐ. ഗ്രൂപ്പിന് ഈ പദവി അവകാശപ്പെട്ടതുകൊണ്ട് തന്നെ എ. വിഭാഗം ഇക്കാര്യത്തിൽ നിലപാടെക്കുന്നില്ലെന്നാണ് അവരുടെ ആരോപണം. ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം എ വിഭാഗം നേതാവ് ഹക്കിം കുന്നേലിനായതിനാൽ അദ്ദേഹവും ഇക്കാര്യത്തിൽ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും ആരോപണമുണ്ട്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ കടുത്ത നടപടിക്ക് നീങ്ങുമെന്ന് ഐ. വിഭാഗം ആലോചിക്കുന്നുണ്ട്. കോൺഗ്രസ്സിലെ ഒരു വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ അവഹേളിക്കുന്ന അവസ്ഥ വരെ എത്തിയെന്ന ആരോപണവും മുസ്ലിം ലീഗ് ഡി.സി.സി. യെ അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ ഏകോപനമില്ലെന്ന് കോൺഗ്രസ്സ് അംഗവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹർഷദ് വോർക്കാഡിയും ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറുമായി ബജറ്റ് ചർച്ചാ വേളയിൽ വാക്കേറ്റവും നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. ഉഷയും സ്റ്റിയറിങ് കമ്മിറ്റി വിളിച്ചു ചേർക്കാത്തതിൽ ശക്തമായി പ്രതികരിക്കുകയുണ്ടായി. പൊതുവേ മുസ്ലിം ലീഗും കോൺഗ്രസ്സു തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന കാസർഗോട്ട് ജില്ലാ പഞ്ചായത്ത് ബജറ്റോടെ അത് രൂക്ഷമായിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP