Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തിയത വിവാദം തീരുന്നില്ല; ഇരവിപേരൂർ സിപിഎമ്മിൽ പൊട്ടിത്തെറി; അടുപ്പക്കാരെ സംരക്ഷിക്കാൻ അനന്തഗോപൻ നേരിട്ട് രംഗത്ത്

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തിയത വിവാദം തീരുന്നില്ല; ഇരവിപേരൂർ സിപിഎമ്മിൽ പൊട്ടിത്തെറി; അടുപ്പക്കാരെ സംരക്ഷിക്കാൻ അനന്തഗോപൻ നേരിട്ട് രംഗത്ത്

എസ് രാജീവ്‌

തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തുന്നതിനിടെ ഉന്നത സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. സി പി എം സംസ്ഥാന സമിതി അംഗവും ഷോപ്പ് ആൻഡ് ഇന്റസ്ട്രീസ് ചെയർമാനുമായ കെ അനന്ത ഗോപന്റെ സഹോദര പുത്രനും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ രാജീവ് അടക്കമുള്ള നേതാക്കളുടെ പേരിലുയർന്ന ആരോപണങ്ങളെ ചൊല്ലിയാണ് ഇരവിപേരൂർ ഏരിയാകമ്മിറ്റിയിൽ കലഹം രൂക്ഷമായിരിക്കുന്നത്.

വാറ്റ്ചാരായ നിർമ്മാണത്തിനുള്ള ശർക്കര അടക്കമുള്ള സാധന സാമിഗ്രികളുമായി ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായ രാജീവ് ഉൾപ്പടെയുള്ള അഞ്ചംഗ സംഘത്തെ വിട്ടയച്ചതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ സംബന്ധിച്ച വാർത്ത മറുനാടനാടൻ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഈ വാർത്ത സമൂഹ മാധ്യമങ്ങളിലടക്കം കത്തിപ്പടർന്നതിന് പിന്നാലെ കെ അനന്ത ഗോപന്റെ കൂടി സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ഇരവിപേരൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയർന്നത്. പതിനഞ്ചംഗ ഏരിയാ കമ്മിറ്റിയിൽ അനന്ത ഗോപന്റെയും രാജീവിന്റെയും വിശ്വസ്തരായിരുന്ന പാർട്ടി ജില്ലാ കമ്മറ്റിയംഗമായ ജി.അജയകുമാറും ഏരിയാ സെക്രട്ടറി പി സി സുരേഷും അടക്കം ഒമ്പത് പേർ ആരോപണ വിധേയർക്കെതിരെ കടുത്ത നടപടി വേണമെന്ന് ശക്തമായ നിലപാടെടുത്തു.

ഗ്രാമ പഞ്ചായത്ത് ജീപ്പിൽ ചാരായ നിർമ്മാണ സാധനങ്ങൾ കടത്തിയതും സി പി എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇരവിപേരൂർ കമ്മ്യൂണിറ്റി കിച്ചണിൽ വ്യാജവാറ്റ് നടക്കുന്നതുമായി പ്രചരിക്കുന്ന വാർത്തകൾ പൊതുജന മധ്യത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ആരോപണ വിധേയർക്കെതിരെ നടപടിയെടുത്ത് പാർട്ടിയുടെ മുഖം രക്ഷിക്കണെമെന്നും മേൽ കമ്മിറ്റിയോട് നടപടിക്ക് ശുപാർശ ചെയ്യണെമെന്നുമായിരുന്നു ഏരിയാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാൽ സ്വന്തം സഹോദര പുത്രൻ ഉൾപ്പെടുന്ന സംഘത്തിനെതിരൈ നടപടിക്ക് ശുപാർശ ചെയ്യാൻ കെ അനന്ത ഗോപൻ വിസമ്മതം പ്രകടിപ്പിച്ചതോടെ കമ്മിറ്റി വൻ വാഗ്വാദങ്ങൾക്ക് വേദിയായി മാറുകയായിരുന്നു.

അനന്ത ഗോപനും കുടുംബവും പതിറ്റാണ്ടുകളായി ഇരവിപേരൂർ ഏരിയാ കമ്മിറ്റിയിലും സഹകരണ ബാങ്ക് ഭരണത്തിലും കാട്ടുന്ന അപ്രമാദിത്യം അവസാനിപ്പിക്കണെന്ന ആവശ്യവും കമ്മിറ്റിയിൽ ഉയർന്നു. കുടുംബാധിപത്യം ഇനിയും പാർട്ടിക്കുള്ളിൽ തുടരാനാവില്ലെന്നും പാർട്ടിയുടെ സജീവ പ്രവർത്തകരെ പോലും അവഗണിച്ച് അനന്ത ഗോപന്റെ മക്കളും മരുമക്കളും അടക്കം സർക്കാർ ജോലികൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്തത് ഉൾപ്പടെയുള്ള കാര്യങ്ങളും കമ്മിറ്റിയിൽ ചർച്ചയായി. ഇതോടെ അനന്ത ഗോപനും രാജീവും അടങ്ങുന്ന സംഘം യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങളെന്ന വ്യാജേന ഗ്രാമ പഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധന സാമിഗ്രികൾ കടത്തുന്നതിനിടെ ഈസ്റ്റർ തലേന്ന് രാത്രിയിലാണ് രാജീവ് അടക്കമുള്ള അഞ്ചഗ സംഘം പിടിയിലായത്. സംഭവം വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് സംഘം പഞ്ചായത്ത് ഓഫീസിലടക്കം എത്തി കാര്യങ്ങൾ സംബന്ധിച്ച വിവര ശേഖരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് വക ജീപ്പ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജീപ്പ് ഡ്രൈവറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനിടെ സമൂഹ അടുക്കളയിലുണ്ടായ തീപിടുത്തവും പൊതുജന ചർച്ചയായി.

സംഭവങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി കൂടി നൽകിയതോടെയാണ് പ്രതിരോധത്തിന്റെ ശക്തി ചോർന്ന ഏരിയാ കമ്മിറ്റി പാർട്ടിയുടെ മുഖം രക്ഷിക്കാനായി രംഗത്തിറങ്ങിയത്. വൈസ് പ്രസിഡന്റ് എൻ രാജീവ്, സി പി എം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ , ഇരവിപേരൂർ മൂന്നാം വാർഡ് മെമ്പർ സാബു ചക്കും മൂട്ടിൽ, മാത്യു ടി തോമസ് എം എൽ എ യുടെ മുൻ ഡ്രൈവറും ഇരവിപേരൂരിലെ സി പി എം പ്രാദേശിക നേതാവുമായ ആശാലൻ , ഗ്രാമപഞ്ചായത്ത് ജീപ്പ് ഡ്രൈവർ നന്ദു എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈസ്റ്റർ തലേന്ന് രാത്രിയിൽ പെരുമ്പെട്ടി പൊലീസ് നടത്തിയ പെട്രോളിംഗിനിടെ പിടിയിലായത്.

സംഘം പിടിയിലായ ഉടൻ തന്നെ കിലോക്കണക്കിന് വരുന്ന ശർക്കരയും കടച്ചക്കയും അടക്കം വ്യാജ വാറ്റിനുള്ള സാധന സാമിഗ്രികളുമായി അഞ്ചു പേർ പിടിയിലായ വിവരം പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടെയാണ് പിടിയിലാവർ സി പി എമ്മിന്റെ ഉന്നത നേതാക്കളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നേതാക്കളെ വിട്ടയക്കാൻ മുകളിൽ നിന്നും വിളിയുമെത്തി. ഇതോടെ പിടിയിലായവരെ വിട്ടയച്ച് പൊലീസ് തടി തപ്പി. ഇതിനിടെ കല്ലൂപ്പാറയിലെ സി പി എം നേതാവും മുൻ ഹെഡ് മാസ്റ്ററും സഹകരണ ബാങ്ക് പ്രസിഡന്റും രാജീവിന്റെ സന്തത സഹചാരിയുമായ സാബു ജോസഫ് കീഴ് വായ്പൂര് പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. രണ്ട് ലിറ്റർ വാറ്റ് ചാരായവും 20 ലിറ്റർ കോടയുമാണ് കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി പൊയ്ക്കുടിയിൽ വീട്ടിൽ സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത്.

അറസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സാബു ജോസഫിന്റെ വാടക വീട്ടിൽ നിന്നും ലിറ്റർ കണക്കിന് വാറ്റ് ചാരായം ഇരവിപേരൂരിലെ ചില സി പി എം നേതാക്കൾ ചേർന്ന് കടത്തിയതായുള്ള അഭ്യൂഹങ്ങളും ഇതിനിടെ നാട്ടിൽ പടർന്നിരുന്നു. സാബു ജോസഫ് അടക്കമുള്ള വിശ്വസ്തരുടെ വാറ്റ് കേന്ദ്രങ്ങളിലേക്ക് ശർക്കര അടക്കമുള്ള വാറ്റ് സാമിഗ്രികൾ സുരക്ഷിതമായി എത്തിച്ചിരുന്നത് പഞ്ചായത്ത് വക ജീപ്പിലായിരുന്നുവെന്ന ആരോപണവും ഇതിനിടെ ഉയർന്നു. വ്യാജ വാറ്റ് നിർമ്മാണത്തിനിടെയാണ് കമ്മ്യൂണിറ്റി കിച്ചണിൽ തീ പിടിച്ചതെന്നും തീയണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് സംഘം വാറ്റ് ചാരായമടങ്ങുന്ന പ്ലാസ്റ്റിക് ബോട്ടിൽ കിച്ചണ് പരിസരത്ത് നിന്നും കണ്ടെത്തിയെന്നതുമായ അഭ്യൂഹങ്ങളും നാട്ടിൽ ഇതിനിടെ പരന്നിരുന്നു.

ഇത്തരം സംഭവങ്ങളുെടെ പശ്ചാത്തലത്തിലാണ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. സ്വന്തം മക്കൾക്കും മരുമക്കൾക്കും പാർട്ടി സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകിയ അനന്ത ഗോപന്റെ നടപടിക്കെതിരൈ മുൻ പാർട്ടി സഖാക്കളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റുകളും ഇതിനിടെ വൈറലാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP