Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഋഷിരാജും ബഹ്‌റയും പേരിൽ മാത്രം ഡിജിപി; ചുമതല ഏറ്റാൽ ശമ്പളം എഡിജിപിയുടെ; റിട്ടയർ ചെയ്താലും പദവി വാഗ്ദാനം ചെയ്ത് തണുപ്പിക്കാൻ ശ്രമം: ചീഫ് സെക്രട്ടറിക്കും അതൃപ്തി

ഋഷിരാജും ബഹ്‌റയും പേരിൽ മാത്രം ഡിജിപി; ചുമതല ഏറ്റാൽ ശമ്പളം എഡിജിപിയുടെ; റിട്ടയർ ചെയ്താലും പദവി വാഗ്ദാനം ചെയ്ത് തണുപ്പിക്കാൻ ശ്രമം: ചീഫ് സെക്രട്ടറിക്കും അതൃപ്തി

തിരുവനന്തപുരം: തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യ കാര്യങ്ങൾ പോലും കുളമാക്കുന്ന വിധത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിൽ ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയുന്നു. ഡിജിപി ഇരിക്കേണ്ട വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തിക ഒഴിച്ചിട്ട് തന്നെ ഫയർഫോഴ്‌സ് മേധാവി ആക്കിയതിനെതിരെ ഡിജിപി ലോകനാഥ് ബഹ്‌റ പ്രതിഷേധം തുടരുന്നതിന് പിന്നാലെ ഋഷിരാജ് സിംഗും പ്രതിഷേധത്തിലാണ്. ജയിൽ മേധാവിയായി തന്നെ നിയമിച്ചത് പുനഃപരിശോധിക്കണമെന്നാണ് ഋഷിരാജിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്നലെ ചീഫ് സെക്രട്ടറി ജിജിതോംസണ് കത്തുനൽകി. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് തന്റെ നിയമന ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയ ഋഷിരാജ് ബറ്റാലിയനിൽ നിന്ന് ചുമതലയൊഴിഞ്ഞെങ്കിലും ജയിൽ മേധാവിയായി ചുമതലയേറ്റില്ല.

ഇപ്പോഴത്തെ നിലയിൽ തങ്ങൾക്ക് എഡിജിപി റാങ്കിലുള്ള ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ഇവർ പറയുന്നത്. ഋഷിരാജിന്റെയും ബഹ്‌റയുടെയും പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ സൃഷ്ടിച്ച ഡി.ജി.പി തസ്തികയിലാണ് ബഹ്‌റയെ നിയമിച്ചതെങ്കിലും ഡി.ജി.പി ഗ്രേഡിലുള്ള ശമ്പളം ലഭിക്കില്ലെന്നാണ് രണ്ട് ഉദ്യോഗസ്ഥരുടെയും പരാതി.

സംസ്ഥാനത്ത് തസ്തിക സൃഷ്ടിച്ച് ഡി.ജി.പി ഗ്രേഡിൽ നിയമിച്ച പി. ചന്ദ്രശേഖരൻ, വിൻസൺ എം. പോൾ, എം.എൻ. കൃഷ്ണമൂർത്തി എന്നിവർക്ക് ഡി.ജി.പിയുടെ ശമ്പളം കിട്ടിയിട്ടില്ലെന്ന് ഇരുവരുടെയും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഈ തസ്തിക കേന്ദ്രത്തിന്റെ മുൻകൂർ അനുമതി തേടാതെ സൃഷ്ടിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ അക്കൗണ്ടന്റ് ജനറലിന്റെ കൂടി അഭിപ്രായം തേടിയശേഷം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

ഡി.ജി.പിയായ തന്നെ എ.ഡി.ജി.പി ഇരുന്ന തസ്തികയിൽ നിയമിച്ച് തരംതാഴ്‌ത്തിയെന്നാണ് ലോക്‌നാഥ് ബഹ്‌റയുടെ പരാതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആഭ്യന്തര സെക്രട്ടറി നളിനി നെ?റ്റോ എന്നിവരെ കണ്ട് അവധിയിൽ പോകുമെന്നും ബഹ്‌റ അറിയിച്ചിരുന്നു. വിജിലൻസ് ഡയറക്ടറാകാൻ ബഹ്‌റ ആഭ്യന്തരമന്ത്രിയെ നേരത്തേ താത്പര്യമറിയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അഡി. ഡി.ജി.പിയായ എൻ. ശങ്കർറെഡ്ഡിക്കാണ് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയത്. ഒരു ഡി.ജി.പി, മൂന്ന് എ.ഡി.ജി.പി, അഞ്ച് ഐ.ജി, മൂന്ന് സൂപ്രണ്ട് തസ്തികകൾ കേരള കേഡറിൽ അധികമായി അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ഒക്ടോബർ 11ന് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഹറയുടെ നിയമനമെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കുന്നു. ഹരിയാനയിൽ കേന്ദ്രം അനുവദിച്ച രണ്ട് എക്‌സ് കേഡർ ഡി.ജി.പി തസ്തികകളിൽ ഡി.ജി.പി ഗ്രേഡ് ശമ്പളം ലഭിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പൊലീസ് തലപ്പത്തെ മാറ്റങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ അഭിപ്രായപ്പെട്ടത്. കേന്ദ്ര ഉത്തരവുകൾ മറികടന്നു പി. ചന്ദ്രശേഖരൻ, എം.എൻ. കൃഷ്ണമൂർത്തി, വിൻസൺ പോൾ എന്നിവരെ മുൻപു ഡിജിപിയായി സ്ഥാനക്കയറ്റം നൽകി നിയമിച്ചപ്പോൾ മാസങ്ങളോളം ഇവരുടെ ശമ്പളം എജി തടഞ്ഞതും സിംഗും ബഹ്‌റയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻപ് ഇത്തരത്തിൽ ഡിജിപി നിയമനം നടന്നപ്പോൾ ചീഫ് സെക്രട്ടറിമാരായിരുന്ന ജോസ് സിറിയക്, ഇ.കെ. ഭരത്ഭൂഷൻ എന്നിവരോടു കേന്ദ്ര സർക്കാർ വിശദീകരണം ചോദിക്കുകയും ആവർത്തിക്കരുതെന്നു പറയുകയും ചെയ്തിരുന്നു. ആവർത്തിക്കില്ലെന്നു രേഖാമൂലം അറിയിച്ചാണ് അവർ തുടർനടപടികളിൽ നിന്നു രക്ഷപ്പെട്ടത്. അതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജിജി തോംസണും സർക്കാരിനു റിപ്പോർട്ട് നൽകിയത്.

അതിനിടെ, ഇന്നലെ ചേരാനിരുന്ന ഐപിഎസ് അസോസിയേഷൻ യോഗം തിങ്കളാഴ്ചത്തേക്കു മാറ്റി. കേരളത്തിലെ മുഴുവൻ ഐപിഎസ് ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സൗകര്യം ഒരുക്കണമെന്നു ബെഹ്‌റ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തലസ്ഥാനത്തെ സമരവും വെള്ളാപ്പള്ളിയുടെ യാത്രയും മറ്റുമായി ഇവിടത്തെ ഉദ്യോഗസ്ഥർ തിരക്കിലായതിനാലാണു യോഗം മാറ്റിയതെന്ന് ഐജി: മനോജ് ഏബ്രഹാം പറഞ്ഞു. ഇപ്പോഴത്തെ ഡിജിപിമാരുടെ നിയമനത്തർക്കം, പേ കമ്മിഷനു നൽകേണ്ട നിവേദനം എന്നിവയാണ് അജൻഡ. അസോസിയേഷൻ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന കാര്യം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് എഡിജിപി: ടോമിൻ തച്ചങ്കരിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎഎസ് അസോസിയേഷൻ അത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ ഉദ്യോഗസ്ഥർ പരാതിയുമായി രംഗത്തുവന്നെങ്കിലും ഡിജിപിമാരുടെ സ്ഥലംമാറ്റ ഉത്തരവും വിജിലൻസ് ഡയറക്ടർ നിയമനവും പുനപരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ സമ്മർദത്തിനു വഴങ്ങുന്ന പ്രശ്‌നമില്ല. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ കേഡർ ചട്ടം 4 (2) പ്രകാരം രണ്ടു വർഷം വരെ വേണമെങ്കിൽ
ഡിജിപിയുടെ എക്‌സ് കേഡർ തസ്തിക സൃഷ്ടിക്കാൻ അധികാരമുണ്ട്. സംവിധാനത്തിൽ ഇതു സംസ്ഥാന സർക്കാരിന്റെ അധികാരമാണ്. ഹരിയാനയിലും ഉത്തർപ്രദേശിലുമൊക്കെ ഇതു ചെയ്തിട്ടുണ്ട്. ജയലളിത ഈ അധികാരത്തിനായി കേന്ദ്ര
സർക്കാരുമായി പോരാട്ടത്തിലാണ്. ഏതായാലും ഇറക്കിയ ഉത്തരവ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. മികച്ച ഉദ്യോഗസ്ഥനെ മാത്രമേ വിജിലൻസ് തലപ്പത്തു നിയമിക്കാൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സർവസിൽ നിന്നും വിരമിച്ചാലും ചില പദവികളിൽ നിയമിക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ തണുപ്പിക്കാനുള്ള ശ്രമവും സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിന് മുമ്പ് സർക്കാർ മാറ്റം ഉണ്ടാകുമെന്നതിനാൽ ആ വാഗ്ദാനത്തിൽ വീഴാനും ഇവർ തയ്യാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP