Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിയമഭേദഗതിക്ക് നീക്കം; മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്വന്തം നിലക്ക് പ്രവേശനം നടത്തുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും സ്വകാര്യ കൽപിത സർവകലാശാലകൾക്കും പിടിവീഴും; മെഡിക്കൽ ബിരുദ, ബിരുദാനന്തര പ്രവേശനം പൂർണമായി സർക്കാർ നിയന്ത്രണത്തിലേക്ക്

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് നിയമഭേദഗതിക്ക് നീക്കം; മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്വന്തം നിലക്ക് പ്രവേശനം നടത്തുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും സ്വകാര്യ കൽപിത സർവകലാശാലകൾക്കും പിടിവീഴും; മെഡിക്കൽ ബിരുദ, ബിരുദാനന്തര പ്രവേശനം പൂർണമായി സർക്കാർ നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികൾ പൂർണമായി സർക്കാർ നിയന്ത്രണത്തിലാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്വന്തംനിലക്ക് പ്രവേശനം നടത്തുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും സ്വകാര്യ കൽപിത സർവകലാശാലകൾക്കും കടിഞ്ഞാണിടാൻകൂടി ലക്ഷ്യമിടുന്നാണ് നിയമഭേദഗതി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956ൽ ഭേദഗതി വരുത്തിയാണ് ഇതുസംബന്ധിച്ച നടപടി. കരട് ഭേദഗതി ബില്ലിൽ ജനുവരി ആറുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഭേദഗതിപ്രകാരം മുഴുവൻ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതു കൗൺസലിങ് നടത്തും.

മെഡിക്കൽ ബിരുദതലത്തിലെ 15 ശതമാനവും പി.ജി തലത്തിലെ 50 ശതമാനവും അഖിലേന്ത്യ ക്വോട്ടയിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അലോട്ട്‌മെന്റ് നടത്തും. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലേത് ഉൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ സീറ്റുകളിലേക്കും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസിയാകും അലോട്ട്‌മെന്റ് നടത്തുക. ഈ വ്യവസ്ഥകൾ മെഡിക്കൽ കൗൺസിൽ ബില്ലിൽ കൂട്ടിച്ചേർക്കുന്ന രൂപത്തിലാണ് നിയമനിർമ്മാണം.

മെഡിക്കൽ പ്രവേശനത്തിന് 'നീറ്റ്' നിർബന്ധമാക്കിയതിന് പിന്നാലെയാണ് അലോട്ട്‌മെന്റ് നടപടികളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം ഭാഗികമായി നീറ്റ് നടപ്പാക്കിയെങ്കിലും മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനംകൂടി സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം മാനേജ്‌മെന്റുകൾ ഹൈക്കോടതി വിധിയിലൂടെ തടഞ്ഞിരുന്നു. എന്നാൽ, പിന്നീട് വന്ന സുപ്രീംകോടതി വിധിയിൽ കൽപിത സർവകലാശാലകളിലേത് ഉൾപ്പെടെ മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനം സർക്കാർ നിയന്ത്രണത്തിൽ നടത്തണമെന്ന് നിർദ്ദേശിച്ചു.

അപ്പോഴേക്കും കേരളത്തിൽ സ്വാശ്രയ മെഡിക്കൽ പ്രവേശനം ഏറക്കുറെ പൂർത്തിയായിരുന്നു. കഴിഞ്ഞവർഷത്തേക്കുമാത്രം സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് പ്രവേശന നടപടികൾ റദ്ദാകാതെ പോയത്. തുടർന്നാണ് മെഡിക്കൽ കൗൺസിൽ നിയമത്തിൽ ഭേദഗതി വരുത്തി കൗൺസലിങ് നടപടികളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

നിയമഭേദഗതിയോടെ കേരളത്തിൽ കൽപിത സർവകലാശാല പദവിയിൽ പ്രവർത്തിക്കുന്ന കൊച്ചി അമൃത മെഡിക്കൽ കോളജ് ഉൾപ്പെടെ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് അടുത്തവർഷം മുതൽ സർക്കാർ കൗൺസലിങ് വഴിയാകും അലോട്ട്‌മെന്റ് നടത്തുക. മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനാണ് സുപ്രീംകോടതി വിധിയിലൂടെ നീറ്റ് നിർബന്ധമാക്കിയത്. കേരളത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകൾക്ക് പുറമേ ഹോമിയോ, ആയുർവേദ, സിദ്ധ, യൂനാനി, വെറ്ററിനറി, അഗ്രികൾചർ കോഴ്‌സുകളിലേക്കും നീറ്റ് പ്രകാരം തയാറാക്കുന്ന പട്ടികയിൽനിന്ന് പ്രവേശനം നടത്താൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തിൽ പ്രവേശന പരീക്ഷ കമീഷണർക്കായിരിക്കും അലോട്ട്‌മെന്റ് ചുമതല.

സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി സീറ്റുകളിൽ സർക്കാർ സർവീസിലുള്ള ഡോക്ടർമാർക്ക് 50 ശതമാനം സംവരണം അനുവദിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന വ്യവസ്ഥയും ഭേദഗതി ബില്ലിലുണ്ട്. വിദൂരസ്ഥലങ്ങളിലോ ദുർഘട പ്രദേശങ്ങളിലോ മൂന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ച ഡോക്ടർമാർക്കാകും ഇതിന്റെ ഗുണം. പി.ജി നേടിയാൽ ഇവർ മൂന്നുവർഷംവരെ വിദൂര പ്രദേശങ്ങളിൽ ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP