Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനം കോവിഡിനെ ഭയന്ന് വീട്ടിലിരിക്കുന്ന തക്കംനോക്കി പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തി ഒരുകൂട്ടർ; അധികൃതരെല്ലാം തിരക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് നടന്നത് വ്യാപകമായ മണൽ കൊള്ളയ്ക്കുള്ള നീക്കം; പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീസ്

ജനം കോവിഡിനെ ഭയന്ന് വീട്ടിലിരിക്കുന്ന തക്കംനോക്കി പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തി ഒരുകൂട്ടർ; അധികൃതരെല്ലാം തിരക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് നടന്നത് വ്യാപകമായ മണൽ കൊള്ളയ്ക്കുള്ള നീക്കം; പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ജനംകോവിഡിനെ ഭയന്ന് വീട്ടിൽകഴിയുമ്പോൾ അധികൃതരെല്ലാം തിരിക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് കോവിഡിന്റെ മറവിൽ അനധികൃത മണൽ കടത്ത്. പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീസ്. കോവിഡ് 19 ന്റെ പശ്ചാതലത്തിൽ പൊലീസും റവന്യൂ അധികൃതരുമെല്ലാം തിരക്കിലാണെന്നും ഈ സാഹചര്യത്തിൽ പരിശോധനയുണ്ടാകില്ലെന്നും മനസ്സിലാക്കിയ സംഘമാണ് അനധികൃതമായി മണൽ കടത്താൻ ശ്രമിച്ചത്. മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ പന്താരങ്ങാടി ഉങ്ങുങ്ങൽ കടവിനടുത്ത് നിന്നാണ് വ്യാപകമായി മണൽകടത്താൻ ശ്രമം നടന്നത്. കടലുണ്ടി പുഴയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി അനധികൃത മണലെടുപ്പ് നടക്കുന്നതായി കടലുണ്ടി പുഴ സംരക്ഷണ സമിതി സ്‌ക്വാഡ് അംഗങ്ങൾ വിവരം അറിയിച്ചതോടെയാണ് പൊലീസിനും ഇതു സംബന്ധിച്ചു വിവരം ലഭിച്ചത്.

പരിശോധനക്കെത്തിയ പൊലീസ് അവസാനംതിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ പന്താരങ്ങാടി ഉങ്ങുങ്ങൽ കടവിനടുത്ത് നിന്ന് അനധികൃതമണലെടുപ്പ് കണ്ടെത്തി. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരങ്ങാടി എസ്‌ഐ. നൗഷാദ് ഇബ്രാഹിം, അഡീ. എസ്‌ഐ. അസീസ്, സി.പി.ഒ. രാജേഷ് എന്നിവർ സ്ഥലത്തെത്തി. പുഴ സംരക്ഷണ സമിതി ഭാരവാഹികളായ അശ്റഫ് കളത്തിങ്ങൽപാറ, വി.പി.ചെറീദ്, എം.ഇബ്രാഹിം കുട്ടി പന്താരങ്ങാടി, വി.പി.മജീദ്, വി.വി. നജീബ്, ഗഫൂർ, സി.ടി. സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിൽ മണൽ പുഴയിലേക്ക് തള്ളി. കോവിഡ് 19 മൂലം ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ എം. സാന്റ് വരവ് തൽക്കാലികമായി നിലച്ചിരിക്കുകയാണ്. ഈ അവസരം മുതലെടുത്താണ് അനധികൃത മണൽ മാഫിയ രംഗത്തിറങ്ങിയിട്ടുള്ളത്. കടലൂണ്ടിപുഴ തിരൂരങ്ങാടി ഭാഗത്ത് കരിപറമ്പ് എടായിക്കടവ്, മൂന്നിയൂർ ഭാഗത്തെ മണലേപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അനധികൃത മണലെടുപ്പ് നടക്കുന്നതായും ആക്ഷേപമുണ്ട്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 61 കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 89 പേരെ ഇന്ന് അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 59 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1,168 ആയി. 1,566 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 425 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം കൊറോണക്കെതിരെ പ്രതിരോധവുമായി നാടെങ്ങും ജാഗ്രതപാലിക്കുന്നതിനിടെ മലപ്പുറം കാരക്കോടൻപുഴയിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ടു പേരെ മാലിന്യം കൊണ്ടുവന്ന ടാങ്കർലോറി സഹിതം കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ പിടികൂടിയത് 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെയാണ്. പെരിന്തൽമണ്ണ പൊന്ന്യാകുറിശി കുന്നുമ്മൽ ഇബ്രാഹിം ബാദുഷ എന്ന വെയിസ്റ്റ് ബാദു (27), പെരിന്തൽമണ്ണ കരിങ്കല്ലത്താണി കക്കുത്ത് തടാംപള്ളിയാളി മുഹമ്മദ് ആഷിഖ് എന്ന മുട്ട ആഷി (23) എന്നിവരെയാണ് വഴിക്കടവ് ഇൻസ്‌പെക്ടർ പി. അബ്ദുൽബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊന്ന്യാകുറിശിയിലെ തോട്ടത്തിൽ ഒളിപ്പിച്ച ടാങ്കർലോറിയും പിടിച്ചെടുത്തു.

18ന് പുലർച്ചെയാണ് വഴിക്കടവ് മുണ്ട സർക്കാർ ആശുപത്രിക്ക് സമീപം കവളപ്പൊയ്ക പാലത്തിനടുത്ത് കക്കൂസ് മാലിന്യം കാരക്കോടൻ പുഴയിലേക്കു തള്ളിയത്. പുഴയിൽ വെള്ളം കുറഞ്ഞതോടെ കുടിവെള്ളത്തിനായി വെള്ളംതടയണകെട്ടി തടഞ്ഞ സ്ഥലത്താണ് കക്കൂസ് മാലിന്യം തള്ളിയത്. ജനങ്ങൾ ജലസേചനത്തിനും കുളിക്കാനും അലക്കാനും ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വെള്ളത്തിന്റെ നിറം മാറുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് മാലിന്യം തള്ളിയതായി അറിഞ്ഞത്. സമീപവാസിയായ പുത്തൻപറമ്പിൽ സ്റ്റാൻലി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സമീപ സ്ഥലങ്ങളിലെ സി.സി ടി.വി കാമറകളിൽ ചുവന്ന നിറത്തിലുള്ള ടാങ്കർ ലോറിയുടെ അവ്യക്തമായ ദൃശ്യം മാത്രമാണ് ലഭിച്ചത്. വഴിക്കടവല് മുതൽ രാമനാട്ടുകര വരെയും വടപുറം മുതൽ പെരിന്തൽമണ്ണവരെയുമുള്ള 150തോളം സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെ പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള ടാങ്കർ ലോറിയിൽ നിന്നാണ് മാലിന്യം തള്ളിയതെന്നു മനസിലായി. തുടർന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മാലിന്യം തള്ളിയ കേസുകളിൽ പിടിയിലായവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നാരോക്കാവ് ഒന്നാംപടി സ്വദേശി പൂഴിക്കുത്ത് ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ പാലേമാട് ടൗണിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജിലെ കക്കൂസ് മാലിന്യമാണ് ടാങ്കറിൽ കൊണ്ടുവന്ന് പുഴയിൽ തള്ളിയത്. തെളിവെടുപ്പിൽ മാലിന്യം എടുത്ത സ്ഥലും പുഴയിൽ തള്ളിയ ഭാഗവും പ്രതികൾ പൊലീസിന് കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP