Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട് എംഎൽഎ: കൂടുതൽ ചർച്ച നടത്തിയ ശേഷം നടപടി എടുത്താൽ മതിയെന്ന് അധികൃതരും; ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ട് പൊളിക്കുന്നതിനെച്ചൊല്ലി സംഘർഷം; വനഭൂമികളെ ബന്ധിപ്പിച്ച് നിർമ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചു

പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട് എംഎൽഎ: കൂടുതൽ ചർച്ച നടത്തിയ ശേഷം നടപടി എടുത്താൽ മതിയെന്ന് അധികൃതരും; ഭൂതത്താൻകെട്ടിൽ അനധികൃത ബണ്ട് പൊളിക്കുന്നതിനെച്ചൊല്ലി സംഘർഷം; വനഭൂമികളെ ബന്ധിപ്പിച്ച് നിർമ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികൾ തൽക്കാലത്തേക്ക് നിർത്തിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാർവാലി കനാലിന് കുറുകെ വനഭൂമികളെ ബന്ധിപ്പിച്ച് നിർമ്മിച്ച അനധികൃത ബണ്ട് പൊളിക്കുന്നതിനെച്ചൊല്ലി സംഘർഷം. ജനപ്രതിനിധി കളെയും സി പി എം നേതാകളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബണ്ട് പൊളിച്ചു നീക്കണമെന്ന് കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് പെരിയാർ വാലി അധികൃതർ ഇന്ന് രാവിലെ ബണ്ട് പൊളിച്ചു നീക്കാനെത്തിയത്. ഇന്നലെ സ്ഥലം സന്ദർശിച്ച ശേഷമാണ് ജില്ലകളക്ടർ എസ്.സുഹാസ് ബണ്ട് പൊളിച്ചു നീക്കാൻ പെരിയാർവാലി അധികൃതരോട് നിർദ്ദേശിച്ചത്. ഇതു പ്രകാരം ഇന്ന് രാവിലെ പെരിയാർവാലി എ.ഇ ജേക്കബ് പി.ജെ യുടെ നേതൃത്വത്തിൽ രാവിലെ 8.30 ന് ജീവനക്കാർ എത്തി. ബണ്ട് പൊളിക്കുന്നതിന് നീക്കം ആരംഭിച്ചിരുന്നു. താമസിയാതെ സ്ഥലത്ത് എത്തിയ സിപിഎം നേതാക്കളായ ബിജു പി.നായർ, സാബു വർഗീസ്, ലോക്കൽ സെക്രട്ടറി ഇ.പി രഘു ,വാർഡ് മെമ്പർ സിനിയാക്കോബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

10.30. ഓടെ തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് സ്ഥലത്ത് എത്തി .ഈ സമയം കോതമംഗലം സിഐ യൂനസ്, പിറവം സിഐ ലൈജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇരുപത്തിയഞ്ചോളം വരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സ്ഥിതിഗതികൾ സംഘർഷഭരിതമായ തിനെ തുടർന്ന് തഹസിൽദാർ കലക്ടറുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ തന്നെ സിപിഎം നേതാക്കൾ കളക്ടറുമായി ഫോണിൽ ചർച്ച നടത്തി. എംഎൽഎ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം ആവശ്യമായ നടപടി സ്വീകരണമെന്നും അതുവരെ പൊളിക്കുന്ന കാര്യത്തിൽ സാവകാശം വേണമെന്നും സാബു വർഗീസ് ആവശ്യപ്പെട്ടു.

ഇതിനിടെ മണ്ണു നീക്കുന്നതിനായി ജെ സി ബി സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പൊലീസ് അകമ്പടിയോടെ പെരിയാർ വാലി അധികൃതർ നിർമ്മാണം ആരംഭിക്കാൻ നീക്കം നടത്തവേ ജനപ്രതിനിധികളും സി പി എം നേതാക്കളും ജെസിബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി വട്ടം കൂടി. കുറച്ച് പേർ വാഹനത്തിന് മുന്നിൽ കുത്തിയിരിരുന്നു. തുടർന്നാണ് പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയത്. പ്രതിഷേധക്കാരെ പ്രദേശത്തു നിന്നും നീക്കിയതിന് പിന്നാലെ ബണ്ട് പൊളിക്കൽ നിർത്തിവയ്ക്കാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. ഉദ്യേഗസ്ഥരും പൊലീസ് സംഘവും സി പി എം പ്രവർത്തകരും പ്രദേശത്ത് ക്യാമ്പു ചെയ്യുകയാണ്. കോതമംഗലം ഡി.എഫ്.ഒ എസ്.ഉണ്ണിക്കൃഷ്ണൻ, പെരിയാർവാലി എ.എക്‌സി ബേസിൽ പോൾ, തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ്, കോതമംഗലം സിഐ ടി.എ.യൂനുസ് എന്നിവരുമായി തട്ടേക്കാട് ഐ.ബി യിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പൊളിച്ചുനീക്കൽ വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശിച്ചത്.

കാച്ച്‌മെന്റ് ഏരിയയുടെ ഇരു വശവും വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വനഭൂമിയും അക്വേഷ്യ പ്ലാന്റേഷനുമാണ്. കച്ച്‌മെന്റ് ഏരിയയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വെള്ളക്കെട്ടിലൂടെ മറുകര കടക്കാൻ ചെറിയരു ബണ്ട് നിലവിലുണ്ടായിരുന്നു. വനഭൂമിക്ക് സമീപത്തായി കുടിയേറ്റ ഭൂമിയിലേക്ക് കടക്കുന്നതിനും ഈ ബണ്ട് തന്നെയായിരുന്നു ആശ്രയം എന്നാൽ വാഹനങ്ങൾ കടത്തികൊണ്ട് പോകുവാൻ ഇതുവഴി കഴിയുമായിരുന്നില്ല. ഇതിനെ മറികടക്കുവാൻ പെരിയാർ വാലി പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ 50 മീറ്റർ നീളമുള്ള ബണ്ട് അഞ്ച് മീറ്റർ വീതിയാക്കി മാറ്റി മണ്ണിട്ട് ഉയർത്തുകയായിരുന്നു.പ്ലാന്റേഷൻ വഴി കടന്ന് വരുന്ന വാഹനങ്ങൾക്ക് ബണ്ട് വഴി വനത്തിനൂള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും.

അനധികൃത നിർമ്മാണം സംബന്ധിച്ച് വാർത്ത പുറത്ത് വന്നതോടെ കളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തഹസിൽദാറിനോട് ആവശ്യപ്പെട്ടിരുന്നു. മാനുഷിക നീക്കം നിർത്തി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മാറ്റണം. മണ്ണ് നീക്കം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്കും മറ്റും മതിയായ പൊലീസ് സംരക്ഷണം ഒരുക്കണമെന്നും പറഞ്ഞിരുന്നു. കളക്ടർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചവർക്കെതിരെ കേസ് എടുക്കുവാനും കളക്ടർ നിർദ്ദേശിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP