Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻബാങ്കിലെ നിയമനം: ആരോപണങ്ങൾ അടിസ്ഥാനരഹിതം; ഏതന്വേഷണവും നേരിടാൻ തയ്യാർ: ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻബാങ്കിലെ നിയമനം: ആരോപണങ്ങൾ അടിസ്ഥാനരഹിതം; ഏതന്വേഷണവും നേരിടാൻ തയ്യാർ: ഐ സി ബാലകൃഷ്ണൻ എം എൽ എ

ജാസിം മൊയ്തീൻ

കൽപ്പറ്റ: സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഡിസിസി സെക്രട്ടറി ആർ പി ശിവദാസ് എഴുതിയെന്ന് പറയുന്ന ഒരു കത്തിന്റെ പേരിലാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ കത്ത് താനെഴുതിയതല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. എങ്കിലും പൊതുപ്രവർത്തകനെന്ന നിലയിൽ ഇത്തരമൊരു ആരോപണം വരുമ്പോൾ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടത് എന്റെ കർത്തവ്യമാണ്. അതുകൊണ്ട് തന്നെ വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ ആരോപണവുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതിയെ വെച്ച് അന്വേഷിച്ചുവരികയുമാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന രീതിയിലും വയനാട്ടുകാർക്ക് എന്നെയറിയാം.

2001 മുതൽ 2005 വരെയുള്ള വർഷത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായിരുന്നു. അതിന് ശേഷം തവിഞ്ഞാൽ ഡിവിഷനിൽ നിന്നും വിജയിച്ച് വയനാട് ജില്ലാപഞ്ചായത്തംഗമായി. 2010-ൽ വീണ്ടും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചെങ്കിലും ആറ് മാസത്തിന് ശേഷം 2011-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ചു. മികച്ച ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. 2016-ൽ വീണ്ടും മത്സരിക്കാൻ പാർട്ടി നിയോഗിച്ചപ്പോഴും, ഒടുവിൽ 2021-ലും ബത്തേരിയിലെ നല്ലവരായ വോട്ടർമാർ വലിയഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്.

മൂന്ന് തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും, മൂന്ന് തവണ നിയമസഭാസമാജികനായ ഘട്ടത്തിലും ഇന്ത്യൻഭരണഘടന അനുസരിച്ച് ആറ് തവണ സത്യപ്രതിജ്ഞ ചെയ്തതാളാണ്. ഒരിക്കലും, സത്യപ്രതിജ്ഞ ലംഘനം നടത്തി മുന്നോട്ടുപോകാൻ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രീയ ജീവിതത്തിൽ വ്യക്തിത്വം കളങ്കമില്ലാതെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം. സാമ്പത്തികത്തിന് ആർത്തിയുണ്ടായിരുന്നെങ്കിൽ ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തിൽ എന്തെല്ലാം നേടാമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. സമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ചില മാധ്യമങ്ങൾ തന്നെ ബലിയാടാക്കുകയാണ്.

അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും, ഇതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി ജീവിക്കുകയെന്നത് പൊതുപ്രവർത്തകരെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനില്ല. ഒരിക്കലും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലുള്ള വ്യക്തിയല്ലാത്തതിനാലാണ് ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിലുള്ള എല്ലാ ആസ്തിയും പരിശോധിക്കണമെന്ന് സി പി എം ജില്ലാസെക്രട്ടറി ഒരു ചാനലിൽ പറഞ്ഞിരുന്നു. സ്വന്തം പേരിലുള്ള ആസ്ഥിയും ആർക്കും പരിശോധിക്കാമെന്നും നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് എം എൽ എ പറഞ്ഞു. ഇപ്പോൾ ഉപയോഗിക്കുന്ന വാഹനം എച്ച് ഡി എഫ് സി ബാങ്കിൽ നിന്നും വായ്പയെടുത്ത് വാങ്ങിയതാണ്.

ഇപ്പോൾ താമസിക്കുന്ന വീട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 20 ലക്ഷം രൂപ ഭവനവായ്പയെടുത്ത് വാങ്ങിയതാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അന്നത്തെ സ്പീക്കർക്ക് സമർപ്പിച്ചതാണ്. 2005-ൽ ഭാര്യയുടെ പേരിൽ ഒരു വീട് അനുവദിച്ചിരുന്നു. വാളാടുള്ള തറവാട്ടുസ്വത്തായ മൂന്ന് സെന്റ് ഭൂമിയിൽ ആ വീടുണ്ട്. വേറെ എവിടെയും സ്വന്തമായി ഭൂമിയോ ആസ്തിയോ തനിക്കില്ല. എല്ലാവർഷവും എം എൽ എമാർ അവരുടെ ആസ്തി ഗവർണർക്ക് നൽകണം. ഇത് കൃത്യമായി ഇത് സമർപ്പിക്കുന്നയാളാണ്.

തന്റെ ആസ്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി സി പി എം ഏരിയാസെക്രട്ടറി ഒപ്പിട്ട ഒരു പരാതി മീനങ്ങാടി വിജിലൻസിന് കൊടുത്തിട്ടുണ്ട്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. എന്റെയോ, സുഹൃത്തുക്കളുടെയോ, ജീവനക്കാരുടെയോ പേരിൽ അനധികൃതമായി എന്തെങ്കിലും സാമ്പാദ്യങ്ങളുണ്ടെങ്കിൽ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛനും അമ്മയും ഇപ്പോഴും പഴയരീതിയിൽ തന്നെയാണ് ജീവിക്കുന്നത്. മകൻ എം എൽ എയാണെന്ന് വെച്ച് അവർ ആർഭാടജീവിതം നയിക്കുന്നവരല്ല. ഇപ്പോഴും തൊഴിലുറപ്പ് പദ്ധതി നടക്കുന്ന സ്ഥലത്ത് പോയാൽ അവരെ രണ്ടുപേരെയും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP