Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

"കോൺക്രീറ്റ് വീട് ഉയർത്താം, തിരിച്ചുവയ്ക്കാം, വേണമെങ്കിൽ എടുത്ത് മാറ്റിവയ്ക്കാം": വിശ്വസിക്കാൻ ബുദ്ധിമുട്ടാണേലും സം​ഗതി കാര്യമാണ്; അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികളും അണുവിട തെറ്റാതെ കൃത്യമായ ആസൂത്രണവും; ഹൗസ് ലിഫ്റ്റിംഗിലൂടെ വീടുകൾ സുരക്ഷിതമാക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :  പ്രളയത്തിന് ശേഷമാണ് കേരളത്തിലെ താഴ്ന്ന പ്രദേശത്തെ വീടുകൾ ജാക്കികൾ ഉപയോ​ഗിച്ച് ഉയർത്തുന്ന പ്രക്രിയയ്ക്ക് കൂടുതൽ ആവശ്യകതയേറി വന്നത്. വീട് വച്ചാൽ പിന്നെ ഉയർത്താൻ പറ്റുമെന്ന കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടാണേലും സം​ഗതി സത്യമായ കാര്യമാണ്. എത്ര നില ഉയർത്തണം, എങ്ങോട്ട് മാറ്റണം, എന്ന് വേണ്ട വീടിന് വേണ്ടി എന്ത് റിസ്ക്ക് എടുക്കാനും തയ്യാറായവരാണ് മലയാളികൾ. സംഭവം വേറൊന്നുമല്ല, ഇക്കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ ഉയരം കൂട്ടിയ കഥകൾ കേട്ടാൽ ആരും വിശ്വാസിക്കാൻ തയ്യാറാകാത്ത കാര്യവുമാണ്. ഇങ്ങനെയൊക്കെ പറ്റുമോ എന്നാണ് എല്ലാവരും അതിശയത്തോടെ ചോദിച്ചു പോകുന്നത്.

പുതിയതോ വർഷങ്ങൾ പഴക്കമുള്ള വീടുകളോ ആവട്ടെ ഇപ്പോൾ പുഷ്പം പോലെ ഉയർത്തി കൊടുക്കും ഇവർ. ഇതിനായി വൻ സന്നാഹം പോലെ തന്നെയാണ് ഇവരുടെ പണികളും നടക്കുന്നത്. വീടിനോടുള്ള താൽപര്യംമൂലമുള്ളതുകൊണ്ട് പലരും ഈ സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നതും. നാട്ടുകാർക്ക് ഇത് കൗതുകവും. ഹരിയാനയിൽ നിന്നുള്ള പ്രഫഷനൽ സംഘമാണ് ഒട്ടുമിക്ക ഉയർത്തലിനും പിന്നിലെന്നുള്ളത് മറ്റൊരു കാര്യമാണ്.

വീടിന് മുന്നിലെ റോഡ് ഉയർത്തിയപ്പോഴോ, താഴ്ന്ന സ്ഥലമായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്നതോ, മണ്ണിന് ഉറപ്പ് കുറവായതിനാൽ ഇരുന്നുപോയതുമായ വീടുകളാണ് ഇത്തരത്തിൽ ഉയർത്തിയവയിൽ കൂടുതലും. വെള്ളം കയറുന്നതുപോലെയുള്ള ബുദ്ധിമുട്ടുകൾ നല്ലൊരു പരിധിവരെ പരിഹരിക്കാമെന്നതും പുതിയ വീട് പണിയുന്നതിനെ അപേക്ഷിച്ച് ചെറിയ തുകയേ ചെലവ് വരൂ എന്നതുമാണ് വീട് ഉയർത്തലിന്റെ മെച്ചം വരുന്നത്. ചതുരശ്ര അടികണക്കിലാണ് വീട് ഉയർത്തലിന്റെ ചെലവ് വരുന്നത്. ഈ പ്രക്രിയയ്ക്ക് ഏകദേശം ആറ് ലക്ഷം രൂപ വരെ ചെലവു വരു. പുതിയ വീട് പണിയുന്നതിനേക്കാളും മെച്ചമാണ് ഇതെന്നത് ശ്രദ്ധേയമാണ്.

അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികളും അണുവിട തെറ്റാതെ കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിലേ സംഗതി വിജയിക്കൂ. വിദഗ്ധ സംഘമെത്തി വീടിന്റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ പരിശോധിക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യഘട്ടം. വീടുയർത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ലെന്നാണ് നി​ഗമനമെങ്കിൽ അത് വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും. എത്ര അടി പൊക്കണം, ഇതിന് എന്തെല്ലാം സജ്ജീകരണങ്ങൾ വേണം, ഓരോ ഘട്ടവും പൂർത്തിയാക്കാൻ എത്ര സമയം വേണം എന്ന കാര്യങ്ങളെല്ലാം ആദ്യമേ തീരുമാനിച്ചുറപ്പിക്കും. അതി ശേഷമേ പണികൾ തുടങ്ങൂ.

ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിയെടുക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യപടി. അതിനുശേഷം അടിത്തറ അൽപം പൊട്ടിച്ച് ജാക്ക് പിടിപ്പിച്ചു തുടങ്ങും. അടിത്തറയ്ക്കു താഴെ കോൺക്രീറ്റ് ബെൽറ്റ് ഉള്ള വീടുകളാണെങ്കിൽ ജാക്ക് പിടിപ്പിക്കാൻ എളുപ്പമാണ്. ഇതില്ലാത്ത സ്ഥലങ്ങളിൽ അടിത്തറയ്ക്കുതാഴെ ഇരുമ്പിന്റെ സി ചാനൽ പൈപ്പ് പിടിപ്പിച്ച് അതിലാണ് ജാക്ക് ഉറപ്പിക്കുക.

അവിടങ്ങളിലെ വീടുകളുടെ ചുമരുകളുടെ അടിവശം പെ‌ാളിച്ചാണു ജാക്കി സ്ഥാപിക്കുന്നത്. വീടുകളുടെ തറകൾക്കു കോൺക്രീറ്റ് ബെൽറ്റ് ഇല്ലെങ്കിലും വീട് ഉയർത്താമെന്നും ഷിബു പറയുന്നു. ബെൽറ്റ് ഇല്ലാത്ത വീടുകൾക്കു താൽക്കാലികമായി സ്റ്റീൽചാനൽ ബെൽറ്റ് ഇട്ട്, വീട് ഉയർത്തിയ ശേഷം, സ്റ്റീൽ ബെൽറ്റ് മാറ്റി പുതിയ തറയിലേക്കു വീടിനെ ഇരുത്തും.

വീട് മുഴുവൻ ജാക്കിനു മുകളിൽ ആയിക്കഴിഞ്ഞശേഷം ജാക്ക് അൽപാൽപമായി തിരിച്ച് ഉയർത്തും. 300 ജാക്ക് ഉണ്ടെങ്കിൽ 30 പണിക്കാരുണ്ടാകും. ഒരേ സമയം 30 ജാക്ക് ആയിരിക്കും ഉയർത്തുക. ഇതിനായി കെട്ടിടത്തിന്റെ ഭാരം തുല്യമായി വിന്യസിക്കുന്ന രീതിയിൽ ജാക്കുകൾ 30 സെറ്റ് ആയി തിരിക്കും. ഓരോ പണിക്കാർക്കും പത്ത് ജാക്ക് വീതം വീതിച്ചു നൽകുകയും ചെയ്യും.

ഓരോ മില്ലിമീറ്റർ വീതമാണ് കെട്ടിടം ഉയർത്തുക. ഒരടി ഉയർത്തിക്കഴിഞ്ഞാൽ അടിത്തറയ്ക്കു താഴെയുള്ള ഭാഗത്ത് മൂന്ന് അടി വീതിയിലും ആറിഞ്ച് കനത്തിലും പുതിയ ബെൽറ്റ് വാർത്ത് അതിനു മുകളിൽ പുതിയ അടിത്തറ കെട്ടും. വലുപ്പമുള്ള പ്രത്യേക കോൺക്രീറ്റ് കട്ടയാണ് ഇതിന് ഉപയോഗിക്കുക. 18 ഇഞ്ച് വീതിയിലായിരിക്കും അടിത്തറ കെട്ടുക. ഉയർത്തിയ ഒരടി പൊക്കത്തിൽ കട്ടകെട്ടി ഉറപ്പിച്ച് അതിനു മുകളിൽ ജാക്ക് വച്ചാണ് ബാക്കി ജോലികൾ ആരംഭിക്കുക.

ഓരോ ജാക്ക് വീതം എടുത്തുമാറ്റിയാണ് കട്ട കെട്ടുക. മൂന്ന് ജാക്ക് ഒരുമിച്ച് എടുത്തുമാറ്റി അവിടെ കട്ട കെട്ടിയ ശേഷം താഴ്‌ത്തി നൽകിയ ജാക്ക് എടുത്തുമാറ്റാമെന്നതാണ് ഇതിന്റെ മെച്ചം. ആവശ്യമായ അളവിൽ കെട്ടിടം ഉയർത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയിൽ തയാറാക്കിയ കോൺക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ചുവരിനടിയിൽ രണ്ട് മീറ്ററോളം നീളത്തിൽ മൂന്ന് വശവും പലക കെട്ടിത്തിരിച്ച് പ്രത്യേക പമ്പ് ഉപയോഗിച്ചാണ് കോൺക്രീറ്റ് നിറയ്ക്കുന്നത്. കെട്ടിടം ഉയർത്തിക്കഴിഞ്ഞാൽ മുറ്റവും വീടിനുൾഭാഗവും മണ്ണിട്ട് ഉയർത്തണം. അകം ഉറപ്പിച്ച് പരുക്കനിട്ട ശേഷം പുതിയ തറ നിർമ്മിക്കണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP