Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശരണരുടെ വിശപകറ്റാൻ ഭക്ഷണ പാക്കറ്റുകളുമായി ഹോട്ടലുടമകൾ; വിതരണം ചെയ്യുന്നത് ബിരിയാണി, നെയ്ച്ചോർ, കുഴിമന്തി തുടങ്ങി ഹോട്ടലുകളിലുള്ള അതേ ഭക്ഷണം

അശരണരുടെ വിശപകറ്റാൻ ഭക്ഷണ പാക്കറ്റുകളുമായി ഹോട്ടലുടമകൾ; വിതരണം ചെയ്യുന്നത് ബിരിയാണി, നെയ്ച്ചോർ, കുഴിമന്തി തുടങ്ങി ഹോട്ടലുകളിലുള്ള അതേ ഭക്ഷണം

സ്വന്തം ലേഖകൻ

കൊണ്ടോട്ടി: തെരുവിൽ കഴിയുന്നവരുടെ വിശപകറ്റാൻ കോഴിക്കോട്ടെ ഹോട്ടൽ ഉടമകൾ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്നു. കൊണ്ടോട്ടി മേഖലയിലെ നൂറോളം ഹോട്ടൽ ഉടമകളാണ് തെരുവിൽ കഴിയുന്നവർക്ക് വേണ്ടിയുള്ള ഈ കാരുണ്യ പദ്ധതിയിൽ പങ്കാളികളാകുന്നത്. ബിരിയാണി, നെയ്ച്ചോർ, കുഴിമന്തി തുടങ്ങി ഹോട്ടലുകളിലുള്ള അതേ ഭക്ഷണം തന്നെയാണ് സൗജന്യമായി വിതരണംചെയ്യുന്നത്.

കോഴിക്കോട്ടെയും പ്രാന്തപ്രദേശങ്ങളിലെയും തെരുവിൽ കഴിയുന്നവർക്കാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്. ഹോട്ടലുകളിൽനിന്ന് ശേഖരിക്കുന്ന ഭക്ഷണം റഹിം തറയിട്ടാൽ എന്ന മനുഷ്യസ്‌നേഹിയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെത്തിച്ച് വിതരണംചെയ്യുന്നത്. കോഴിവണ്ടിയിൽ ഡ്രൈവറായ റഹിം നാലുവർഷമായി പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. സ്‌കൂളുകളിൽനിന്നും മറ്റും ശേഖരിച്ചാണ് ദിവസവും ഭക്ഷണം കൊടുക്കുന്നത്.

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഐക്കരപ്പടി മുതൽ വള്ളുവമ്പ്രം വരെയുള്ള മേഖലയിലുള്ള നൂറിലേറെ ഹോട്ടലുകൾ പദ്ധതിയിൽ പങ്കാളികളാണ്. ഒരോ ദിവസവും റഹിം ആവശ്യപ്പെടുന്നത്രയും ഭക്ഷണം പായ്ക്കറ്റുകളിലാക്കി നൽകുകയാണ് ചെയ്യുന്നത്. ചൊവ്വാഴ്ച 40 പേർക്കാണ് ഭക്ഷണം നൽകിയത്.

ഹോട്ടൽ ഉടമകളുടെ കാരുണ്യസ്പർശം തെരുവിൽ ഒതുങ്ങുന്നില്ല. പാവപ്പെട്ടവർക്ക് ഭക്ഷണക്കിറ്റ് വീടുകളിലെത്തിക്കുന്നതിനും ഇവർ ഒരുക്കമാണ്. ആദ്യഘട്ടത്തിൽ 30 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് നൽകാനാണ് തീരുമാനം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്കും ഭക്ഷണം നൽകാൻ സംഘടന ഒരുക്കമാണ്. നിലവിൽ ആശുപത്രിയിൽ ഉച്ചയ്ക്ക് ഡിവൈഎഫ്ഐ. പൊതിച്ചോറ് വിതരണംചെയ്യുന്നുണ്ട്. ആശുപത്രി അധികൃതർ നിർദേശിക്കുന്ന പാവപ്പെട്ടവർക്ക് മറ്റു സമയങ്ങളിൽ ഭക്ഷണം നൽകും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP