Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ആശ വർക്കർമാർക്ക് പ്രതിമാസം 1000 രൂപ അധിക ഇൻസന്റീവ്; നിബന്ധനകൾ നോക്കാതെ ഹോണറേറിയവും നിശ്ചിത ഇൻസന്റീവും; ഇതുവരെ വർധിപ്പിച്ചത് അഞ്ചിരട്ടി ഹോണറേറിയം

ആശ വർക്കർമാർക്ക് പ്രതിമാസം 1000 രൂപ അധിക ഇൻസന്റീവ്; നിബന്ധനകൾ നോക്കാതെ ഹോണറേറിയവും നിശ്ചിത ഇൻസന്റീവും; ഇതുവരെ വർധിപ്പിച്ചത് അഞ്ചിരട്ടി ഹോണറേറിയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയ ഡ്യൂട്ടിയിലായതിനാൽ 2020 മാർച്ച് മുതൽ 2020 മെയ്‌ മാസം വരെ നിബന്ധനങ്ങൾ പരിശോധിക്കാതെ ഹോണറേറിയവും നിശ്ചിത ഇൻസന്റീവും നൽകാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുകൂടാതെ 2020 മാർച്ച് മുതൽ കോവിഡ് കാലയളവിൽ അധിക ഇൻസന്റീവായി പ്രതിമാസം 1000 രൂപ നൽകുന്നതാണ്. സംസ്ഥാനത്തുള്ള 26,475 ആശ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 4500 രൂപയിൽ നിന്നും 5,000 രൂപയാക്കി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഈ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് 1000 രൂപയായിരുന്നതാണ് ഇപ്പോൾ 5000 രൂപയാക്കി വർധിപ്പിച്ചത്. അതായത് ഈ സർക്കാരിന്റെ കാലത്ത് ഹോണറേറിയത്തിൽ 5 ഇരട്ടി വർധനവാണ് വരുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കോവിഡ് കാലത്ത് ആശ വർക്കർമാർ ചെയ്യുന്ന അധികം സേവനത്തിനാണ് അധികം ഇൻസന്റീവ് നൽകാൻ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഫീൽഡ്തല പ്രവർത്തനങ്ങളിൽ ആശ വർക്കർമാർ വലിയ സേവനമാണ് നൽകുന്നത്. കുടുംബാരോഗ്യം സംരക്ഷിക്കുന്നതിന് ആശ വർക്കർമാരുടെ പ്രവർത്തനങ്ങൾ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ഹോണറേറിയം കൂടാതെ ആരോഗ്യ കാര്യങ്ങൾക്കായുള്ള ഭവന സന്ദർശനങ്ങൾക്ക് 2019 മെയ് മാസം മുതൽ പ്രതിമാസം 2,000 രൂപ ഫിക്സഡ് ഇൻസന്റീവും നൽകി വരുന്നു. ഇതിന് പുറമേയാണ് കോവിഡ് കാലത്ത് 1000 രൂപ അധികം നൽകുന്നത്.

ആശ വർക്കർമാർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്. അപകട മരണത്തിന് 5 ലക്ഷം രൂപയും അപകടത്തിൽ സ്ഥിരമായ അംഗവൈകല്യത്തിന് 3 ലക്ഷം രൂപയും അപകടത്തിൽ പെടുന്നവർക്ക് റീ ഇമ്പേഴ്സ്മെന്റായി 20,000 രൂപയുമാണ് നൽകുന്നത്. സാധാരണ മരണത്തിന് ഗതാഗതത്തിനും സംസ്‌കാര ചെലവിനുമായി 50,000 രൂപയും നൽകുന്നു. ആശ വർക്കർമാർക്ക് പ്രതി വർഷമുള്ള 21 ലക്ഷത്തോളമുള്ള പ്രീമിയവും സർക്കാരാണ് അടയ്ക്കുന്നത്.

കോവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശ വർക്കർമാർ നടത്തി വന്നത്. കോവിഡ് കാലത്ത് വിദേശത്ത് നിന്നും വന്നവരുടേയും കോവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നും വന്നവരുടേയും ലിസ്റ്റ് തയ്യാറാക്കി അറിയിക്കുക, ഇത്തരം സ്ഥലങ്ങളിൽ നിന്നും വരുന്നവർ നിരീക്ഷണത്തിലുണ്ടോ എന്ന് അന്വേഷിക്കുകയും നിബന്ധനകൾ പാലിക്കാത്തവരെ ബോധവത്ക്കരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്യുകയോ, നിരീക്ഷണത്തിലുള്ളവർക്ക് ബന്ധപ്പെട്ടവരുടെ ഇടപെടലിലൂടെ സഹായം നൽകുക, 60 വയസിന് മുകളിൽ പ്രായമുള്ളവരുടേയും ജീവിതശൈലി രോഗമുള്ളവരുടേയും ലിസ്റ്റ് തയ്യാറാക്കി ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മരുന്നുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക, ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക രോഗികൾ, ഹൃദ്രോഗികൾ എന്നിവരെ ബോധവത്ക്കരിക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്യുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ മുഖേന നടത്തുന്ന ബോധവത്ക്കരണ പരിപാടികളിൽ പങ്കാളികളാകുക എന്നിവയാണ് ഈ കാലത്ത് ആശ വർക്കർമാർ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ.

കേരളത്തിൽ 2007ലാണ് ആശ പദ്ധതി ആരംഭിച്ചത്. സമൂഹത്തെ പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുകയും അത്തരം സേവനങ്ങൾ നേടിയെടുക്കാൻ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങൾ സംരക്ഷിക്കാൻ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് ആശ വർക്കർമാരുടെ പ്രധാന ഉത്തരവാദിത്തം. സാമൂഹ്യ- ആരോഗ്യ ബോധവത്ക്കരണം ഉണ്ടാക്കുക, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക. പ്രാദേശിക ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കി വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുക, പകർച്ചവ്യാധി പ്രതിരോധം, കൊതുക് നിവാരണം എന്നിവയിൽ നേതൃപരമായ പങ്ക് വഹിക്കുക, നവജാത ശിശുക്കൾ, ഗർഭിണികൾ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. നിരോധ്, ഗർഭ നിരോധന ഗുളികകൾ, ഒ.ആർ.എസ്, ക്ഷയരോഗ മരുന്ന് എന്നിവയുടെ പ്രാദേശിക വിതരണക്കാരായി പ്രവർത്തിക്കുക എന്നിവയാണ് ആശ വർക്കർമാരുടെ പൊതുവേയുള്ള ചുമതലകൾ.

കോവിഡ് പോലെയുള്ള മഹാമാരി സമയത്ത് ആശ വർക്കർമാർ നടത്തിവരുന്ന സേവനം മാതൃകയാണെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ഈ സമയത്തും ഫീൽഡ് തലത്തിൽ അവർ സേവനനിരതരാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ പുരോഗതിയിൽ ആശ വർക്കർമാരുടെ സേവനം വിലപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP