Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലരും ശ്രമിച്ചിട്ടുണ്ട് പണ്ടും ഒന്നനക്കാൻ; അന്നും ആദ്യം ഒരുതരി കൂട്ടാക്കിയിട്ടില്ല; കോട്ടയത്തുകാരുടെ തലയെടുപ്പെല്ലാം ഉൾക്കൊള്ളുന്ന നിർമ്മിതിയുടെ ചരിത്രത്തിനും ഉണ്ട് ഏറെ പ്രത്യേകതകൾ; വിവാദങ്ങളുടെ കളിത്തോഴനായ നാഗമ്പടം പാലത്തിന്റെ നാൾവഴികൾ ഇങ്ങനെ

പലരും ശ്രമിച്ചിട്ടുണ്ട് പണ്ടും ഒന്നനക്കാൻ; അന്നും ആദ്യം ഒരുതരി കൂട്ടാക്കിയിട്ടില്ല; കോട്ടയത്തുകാരുടെ തലയെടുപ്പെല്ലാം ഉൾക്കൊള്ളുന്ന നിർമ്മിതിയുടെ ചരിത്രത്തിനും ഉണ്ട് ഏറെ പ്രത്യേകതകൾ; വിവാദങ്ങളുടെ കളിത്തോഴനായ നാഗമ്പടം പാലത്തിന്റെ നാൾവഴികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: നാഗമ്പടം പാലത്തിന്റെ മുന്നിൽ തലകുനിച്ച് സാങ്കേതിക വിദ്യയും. നാഗമ്പടം മേൽപ്പാലം സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് നാട്ടിൽ പാലമാണ് താരം. ആറുപതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളാണ് ഇന്ന് പരാജയപ്പെട്ടത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് പാലം പൊളിക്കുന്നതിൽ നിന്ന് റയിൽവേ പിന്മാറിയത്. രാവിലെ പതിനൊന്ന് മണിക്ക് പാലം പൊളിക്കാൻ ആദ്യം ശ്രമം നടത്തി. എന്നാൽ പാലത്തിൽ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിച്ചതോടെ പാലം പൊളിഞ്ഞില്ല. തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് പാലം പൊളിക്കാനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.

പാലത്തിന്റെ ശക്തി മൂലമാണു സ്‌ഫോടനം നടത്തിയിട്ടും പൊട്ടാതിരുന്നത്. ആദ്യ സ്‌ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്‌ഫോടനം പരാജയപ്പെട്ടു. പാലത്തിന്റെ കോൺക്രീറ്റ് ബീമുകളുടെ ശക്തിയാണ് സ്‌ഫോടനത്തിൽ പോലും തകരാതെ പാലത്തിനെ കാത്തത്. ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും സ്‌ഫോടക വസ്തുക്കൾ നിറച്ച് പാലം പൊളിക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയി. തുടർന്ന് അഞ്ചു മണിയോടെ നടത്തിയ രണ്ടാം സ്‌ഫോടനത്തിലും പാലം തകരാതിരുന്നതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.

വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ 'ഇംപ്ലോസീവ്' മാർഗമാണ് നാഗമ്പടത്തും പരീക്ഷിച്ചത്. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാർ ഏറ്റെടുത്തിരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ സുപരിചിതമായ ഈ നിയന്ത്രിത സ്‌ഫോടനം കേരളത്തിൽ ആദ്യമായി പരീക്ഷിക്കുന്നത്. രണ്ടാം ശ്രമത്തിലും പാലം തകരാതിരുന്നതോടെ സംഭവം നേരിട്ടു കാണാനെത്തിയ നൂറുകണക്കിനു ആളുകൾ നിരാശരായാണ് മടങ്ങിയത്.

വിവാദങ്ങളുടെ തോഴൻ
നാഗമ്പടം പാലം എന്ന ആശയം മുതൽ തന്നെ വിവാദങ്ങളും കൂട്ടിനുണ്ടായിരുന്നു. തൊള്ളായിരത്തി അമ്പതുകളുടെ അവസാന കാലത്താണ് മേൽപ്പാലം എന്ന ആശയം ശക്തമാകുന്നത്. കോട്ടയം നഗരത്തിന്റെ വളർച്ച ആരംഭിക്കുന്ന കാലമായിരുന്നു അത്. ലെവൽക്രോസ് നഗരനിരത്തിൽ സൃഷ്ടിച്ചത് നീണ്ട ഗതാഗതക്കുരുക്ക്. മേൽപാലം എന്ന ആശയം കടലാസിൽ ഉണ്ടായിരുന്നെങ്കിലും പണി ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു.

അന്ന് കോട്ടയം നഗരസഭ അധ്യക്ഷൻ എ.വി.ജോർജ് റെയിൽവേ മന്ത്രിക്കയച്ച കത്തിൽ നിന്നാണ് പുതിയ പാലത്തിന്റ പിറവി. കത്ത് കിട്ടേണ്ട താമസം റെയിൽവേയുടെ മധുര ഡിവിഷനിൽ നിന്ന് പണിയായുധങ്ങളുമായി വണ്ടിയും ജീവനക്കാരും റെഡി. സാധാരണ നിർമ്മിതികളിൽ നിന്നും ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് നാഗമ്പടം പഴയ പാലത്തിന്റെ ചരിത്രം. ആദ്യം പണിയുന്നത് പാലത്തിന്റെ അപ്രോച്ച് റോഡായിരുന്നു. രണ്ടു വശത്തും കരിങ്കല്ലുകൾ ഉയർത്തിക്കെട്ടി രണ്ടാഴ്ചകൊണ്ട് അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കി.

തുടർന്ന് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു പാലത്തിന്റെ നിർമ്മാണം. രണ്ടു സൂപ്പർവൈസർമാരും ഒരു എൻജിനീയറും ഉൾപ്പെടെ 32 പേർ പാലത്തിന്റെ ശിൽപികളായി. ആവശ്യത്തിന് ഉയരം ക്രമീകരിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പാലത്തിന്റെ നിർമ്മാണം. അന്നു താങ്ങുവച്ച ഇരുമ്പു ബീമുകൾ ഇപ്പോഴും ഇവിടെയുണ്ട്. നിർമ്മാണം പൂർത്തിയായതോടെ മുകൾ തട്ടിൽ ആർച്ച് ബീമുകൾ സ്ഥാപിച്ചു പാലത്തിന്റെ തലയിൽ ഒരു കിരീടവും നൽകി. അങ്ങനെ 1959ൽ നാഗമ്പടം റെയിൽവേ മേൽപാലം കോട്ടയത്ത് തലയുയർത്തി.

ഇളകാൻ കൂട്ടാക്കാത്ത പാരമ്പര്യം
നാഗമ്പടം പാലത്തിന്റേത് അങ്ങനെയിങ്ങനെ ഇളകാൻ കൂട്ടാക്കാത്ത പാരമ്പര്യം. മീറ്റർ ഗേജ് ബ്രോഡ്ഗേജാക്കി മാറ്റിയതോടെയാണ് പാലത്തിന്റെ തലയെടുപ്പിലും മാറ്റം വേണമെന്ന അവസ്ഥയായി. നവീകരണത്തിന്റെ ഭാഗമായി പാലത്തിന് ഉയരം കൂട്ടണം എന്ന് റെയിൽവേ തീരുമാനിച്ചു. പാലത്തിന്റെ ഉയരം കൂട്ടാനെത്തിയ റെയിൽവേ മെക്കാനിക്കൽ വിഭാഗം എൻജിനീയർ ചെറിയാൻ തോമസ് കോട്ടയംകാരനായിരുന്നു. വലിയ മെക്കാനിക്കൽ ജാക്കി കൊണ്ട് പാലം ഉയർത്തി ബീമുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. പക്ഷേ, ഇരുന്ന സ്ഥലത്ത് നിന്ന് ഒരു തരി പോലും അനങ്ങാൻ കൂട്ടാക്കാതെ കൊല്ലത്തു നിന്നു കൊണ്ടു വന്ന ജാക്കിയെ പാലം തോൽപ്പിച്ചു.

പിന്നീട് മധുരയിൽ നിന്ന് ജാക്കി പിടിപ്പിച്ച തീവണ്ടിയെത്തിയാണ് പാലത്തിന്റെ മുഖം മാറ്റിയത്. പാളത്തിൽ നിർത്തിയ തീവണ്ടിയിൽനിന്ന് ജാക്കിവച്ച് പാലം ഉയർത്തി നിർത്തി വലിയ ബീമുകൾകൊണ്ടി ഉറപ്പിച്ചു. ക്രമേണ കോട്ടയത്തിന്റെ ഐക്കണായി പാലം മാറുകയായിരുന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന മമ്മൂട്ടി ചിത്രത്തിൽ കോട്ടയത്തിന്റെ പ്രവേശന കവാടമായി തലയുയർത്തി നാഗമ്പടത്തെ പാലം തിരശ്ശീലയിൽ തെളിഞ്ഞു. പിന്നീട് കലണ്ടർ, ഡ്രാമ തുടങ്ങി പല ചിത്രങ്ങളിലും 'ക്യാമിയോ' റോളിൽ പാലം തിളങ്ങി.

കോട്ടയത്തിന്റെ വളർച്ച തകർത്തത് പാലത്തിന്റെ പ്രൗഢിയെ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് നാഗമ്പടം മേൽപാലത്തിന്റെ പ്രതാപം മങ്ങിത്തുടങ്ങുന്നത്. കോട്ടയം വളർന്നതിനൊപ്പം വളരാനാവാതെ പാലം തിങ്ങി ഞെരങ്ങിത്തുടങ്ങി. 2010 ആയതോടെ വാഹനങ്ങളുടെ നീണ്ട നിര പാലത്തിനിരുവശവും പാമ്പുപോലെ ഇഴഞ്ഞു. പാലം പതുക്കെ കോട്ടയത്തിനൊരു ബാധ്യതയായി മാറുകയായിരുന്നു. പക്ഷേ അപ്പോഴും അരനുറ്റാണ്ടു പിന്നിട്ട പാലത്തിന് യാതൊരു ചലനവും സൃഷ്ടിക്കാൻ കാലത്തിന് കഴിഞ്ഞിരുന്നില്ല.

പുതിയ പാലത്തിനായുള്ള ആവശ്യം ശക്തമായതോടെ 2014ൽ പുതിയ പാലത്തിനുള്ള അനുമതിയായി. പിന്നീട് നാലുവരിയാക്കാനും സമരങ്ങൾ നടന്നു. നാഗമ്പടം മേൽപാലത്തിന്റെ ഉൾപ്പെടെ കേരളത്തിലെ നാലു മേൽപാലങ്ങൾക്ക് അടിയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ഇരുവശങ്ങളിലും വേണ്ടത്ര വീതിയില്ലെന്നും ഇതുമൂലം അപകടങ്ങൾക്കു കാരണമാണെന്നും കാണിച്ച് സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശ പ്രകാരം ഈ പാലത്തിനടിയിലൂടെ ട്രെയിനുകൾക്കു വേഗ നിയന്ത്രണം 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്നു.

പാലം ഉടൻ പൊളിച്ചുനീക്കാമെന്നും റെയിൽവേ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2015 മുതൽ 2018 വരെ നീണ്ട നിർമ്മാണത്തിനൊടുവിൽ പഴയമേൽപാലത്തെ ചരിത്രത്തിലൊതുക്കി പുതിയ കോൺക്രീറ്റ് പാലം ഉയർന്നു. പുതിയ പാലം തുറന്നതോടെ പഴയ പാലം പൊളിക്കാൻ നടപടി തുടങ്ങി. 2018 ഡിസംബർ 3ന് പാലത്തിൽനിന്നും ആദ്യകല്ല് അടർത്തിമാറ്റി പൊളിച്ചടുക്കലിന് തുടക്കമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP