Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പ്രബന്ധം എഴുതണം; കുട്ടികളിലെ ഗവേഷണ താത്പര്യം വർദ്ധിപ്പിക്കാനുള്ള പ്രബന്ധ രചന എല്ലാ വിഷയങ്ങൾക്കും ബാധകം

അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പ്രബന്ധം എഴുതണം; കുട്ടികളിലെ ഗവേഷണ താത്പര്യം വർദ്ധിപ്പിക്കാനുള്ള പ്രബന്ധ രചന എല്ലാ വിഷയങ്ങൾക്കും ബാധകം

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ അടുത്ത അധ്യയന വർഷം മുതൽ പ്രബന്ധം എഴുതണം. രണ്ടുവർഷത്തെ പഠനകാലയളവിൽ പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് പ്രബന്ധ രചന നടത്തേണ്ടത്. 2020 ജൂണിൽ പ്ലസ് വണ്ണിനു ചേരുന്നവരാണ് സിലബസിന്റെ ഭാഗമായി പ്രബന്ധം (ഡസർട്ടേഷൻ) തയ്യാറാക്കേണ്ടത്. പാഠാന്വേഷണം എന്നാണ് ഇതിന് വിദ്യാഭ്യാസവകുപ്പ് പേരിട്ടിരിക്കുന്നത്. കുട്ടികളിലെ ഗവേഷണ താത്പര്യം, ജ്ഞാനാന്വേഷണം, വിവരശേഖരണം, ആശയരൂപവത്കരണം, അക്കാദമിക രചന തുടങ്ങിയ ഗുണങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാഠ്യഭാഗത്തെ അടിസ്ഥാനമാക്കി ഒരു കുട്ടി എല്ലാ വിഷയങ്ങൾക്കും പ്രബന്ധമെഴുതണം. അഭിരുചിക്കനുസരിച്ച് വ്യത്യസ്ത പ്രബന്ധവിഷയം തിരഞ്ഞെടുക്കാം. ഒന്നാം ഭാഷയായ ഇംഗ്ലീഷ്, തിരഞ്ഞെടുക്കുന്ന രണ്ടാംഭാഷ എന്നിവ കൂടാതെ ഐച്ഛികമായി തിരഞ്ഞെടുത്ത കോമ്പിനേഷനുകളിലെ നാല് വിഷയങ്ങൾ എന്നിവയിലാണ് പ്രബന്ധം തയ്യാറാക്കേണ്ടത്. പ്ലസ് വണ്ണിനുതന്നെ പ്രവർത്തനം തുടങ്ങണം. സംഗ്രഹം ആദ്യവർഷം തന്നെ സമർപ്പിക്കണം. അദ്ധ്യാപകർ ഇതിന്റെ പരിശോധനയും നടത്തണം. വിവരശേഖരണവും പ്രബന്ധം സമർപ്പിക്കലും രണ്ടാംവർഷമാണു നടത്തേണ്ടത്.

ബയോളജിക്ക് സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളുള്ളതിനാൽ ബയോ-മാത്സ് കോമ്പിനേഷനിലെ കുട്ടികൾ ഏഴെണ്ണം തയ്യാറാക്കണം. ഓരോ കുട്ടിയും പ്രത്യേകം പ്രബന്ധങ്ങളാണു തയ്യാറാക്കേണ്ടത്. പത്ത് മാർക്കണ് പ്രബന്ധത്തിന് നൽകുക. ഹയർസെക്കൻഡറിയിലെ 20 മാർക്കിന്റെ നിരന്തരമൂല്യനിർണയ ശൈലിക്കു മാറ്റംവരുത്തിയാണ് മാർ്കക് ക്രമീകരിച്ചിരിക്കുന്നത്. പ്രബന്ധത്തിന് 10 മാർക്ക് നൽകും. ക്ലാസ് പരീക്ഷകളിലെ പ്രകടനത്തിന് 10 മാർക്കും നൽകും. കലാ-കായിക പ്രവർത്തനം, അസൈന്മെന്റ്, ലാബ് വർക്ക്, സെമിനാർ, മൊത്തം പ്രകടനം എന്നിവ വിലയിരുത്തിയായിരുന്നു ഇതുവരെ 20 മാർക്ക് നൽകിയിരുന്നത്.

തയ്യാറാക്കേണ്ട വിധം
തലക്കെട്ട്, ആമുഖം, പഠനലക്ഷ്യം, വിഷയത്തെക്കുറിച്ചുള്ള അറിവ്, കർമപദ്ധതി, ഗ്രന്ഥസൂചിക എന്നിവ സംഗ്രഹത്തിൽ ഉണ്ടാവണം. പ്രബന്ധത്തിൽ തലക്കെട്ട്, ആമുഖം, വിഷയവിവരണം, സംക്ഷിപ്തം, തുടർ സാധ്യത, റഫറൻസ് എന്നിവ ഉണ്ടായിരിക്കണം. വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഗൈഡുകളാവുക. ഗൈഡിന്റെയും പ്രിൻസിപ്പലിന്റെയും ഒപ്പോടെയുള്ള സർട്ടിഫിക്കറ്റ് പ്രബന്ധത്തിൽ ഉണ്ടാവണം. കുട്ടിയുടെ സത്യവാങ്മൂലവും വെക്കണം. ഈ പ്രബന്ധം മറ്റേതെങ്കിലും സ്ഥാപനത്തിൽ അംഗീകാരത്തിനു സമർപ്പിക്കില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം.

വെല്ലുവിളികൾ
പ്രബന്ധം തയ്യാറാക്കാൻ ക്ലാസ് സമയം ഉപയോഗിക്കാനാവില്ല. ഒരു ഗൈഡിന് ചുരുങ്ങിയത് 100 പ്രബന്ധങ്ങൾക്കെങ്കിലും മേൽനോട്ടം വഹിക്കേണ്ടിവരും. ഭൂരിപക്ഷം ഹയർസെക്കൻഡറി സ്‌കൂളുകളിലും മികച്ച ലൈബ്രറിയില്ല. പ്രത്യേകമായി ലൈബ്രേറിയനെ നിയമിക്കണമെന്ന് സ്പെഷ്യൽ റൂളിൽ നിർദേശമുണ്ടെങ്കിലും നടപ്പായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP