Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൽപി സ്‌കൂളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ; യുപിയിൽ 35 വിദ്യാർത്ഥികളും; അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ കോടതി തീർപ്പു കൽപ്പിച്ചതോടെ അനേകം പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ആശങ്കമാറി; പുതിയ നിയമനത്തിന് സർക്കാർ കോടികൾ മുടക്കേണ്ടി വരും

എൽപി സ്‌കൂളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ; യുപിയിൽ 35 വിദ്യാർത്ഥികളും; അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ കോടതി തീർപ്പു കൽപ്പിച്ചതോടെ അനേകം പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ആശങ്കമാറി; പുതിയ നിയമനത്തിന് സർക്കാർ കോടികൾ മുടക്കേണ്ടി വരും

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന് അനുസൃതമായി കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപക വിന്യാസം നടത്തണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ, ഇതുവരെ അത്തമൊരു കാര്യം നടന്നിട്ടില്ല. സർക്കാർ വഹിക്കേണ്ടി വരുന്ന അധിക ബാധ്യത തന്നെയാണ് ഇത്തരത്തിൽ അദ്ധ്യാപകന വിന്യാസം നടത്തുന്നതിൽ നിന്നും പിന്തിരിയാനുള്ള പ്രധാന കാരണം. എന്നാൽ, സർക്കാറിന്റെ ഈ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടിയേറ്റു. സ്‌കൂളുകളിൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിനു വിരുദ്ധമായി സർക്കാർ കൊണ്ടുവന്ന അദ്ധ്യാപക പാക്കേജ് വ്യവസ്ഥ സിംഗിൾ ജഡ്ജി റദ്ദാക്കിയതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതോടെ എൽപി സ്‌കൂളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനെന്ന അനുപാതത്തിൽ സർക്കാറിന് നിയമനം നടത്തേണ്ടി വരും.

സ്‌കൂളുകളിൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1:45 ആയി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. സർക്കാരിന്റെയുൾപ്പെടെ ഒരുകൂട്ടം അപ്പീലുകൾ തള്ളിയാണു ജസ്റ്റിസ് ആന്റണി !ഡൊമിനിക്, ജസ്റ്റിസ് ഡി.ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ ജോലി പോകുമെന്ന് ആശങ്കപ്പെട്ടിരുന്ന അനേകം പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ആശങ്കയ്ക്ക് പരിഹാരമായി.

അദ്ധ്യാപക നിയമനം, അംഗീകാരം, തസ്തിക നിർണയം തുടങ്ങിയ കാര്യങ്ങളിൽ 45 വിദ്യാർത്ഥിക്ക് ഒരധ്യാപകൻ എന്ന അനുപാതം നിലനിൽക്കില്ലെന്നു സിംഗിൾ ജഡ്ജി 2015 ഡിസംബർ 17ലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമപ്രകാരം അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം എൽപി വിഭാഗത്തിൽ 1:30, യുപിയിൽ 1:35 ആണെന്നിരിക്കേ 1:45 എന്നതു നിയമപരമല്ലെന്നും സിംഗിൾ ജഡ്ജി വ്യക്തമാക്കി. കുട്ടികളുടെ എണ്ണമെടുക്കുന്നത് ക്ലാസ് / ഡിവിഷൻ അടിസ്ഥാനത്തിലാകണമെന്നും ഒൻപത്, 10 ക്ലാസുകളിൽ സർക്കാരിനു വേണമെങ്കിൽ 1:45 അനുപാതം നിലനിർത്താമെന്നുമായിരുന്നു വിധി. സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെയുള്ള അപ്പീലുകളിൽ ഈ വിഷയം മാത്രമാണു തർക്കവിഷയമായത്.

അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന മാനേജ്‌മെന്റുകളുടെ വാദത്തെ എതിർത്ത്, സ്‌കൂൾ എന്നത് ഒറ്റ യൂണിറ്റായി കണക്കാക്കി വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസൃതമായി അദ്ധ്യാപകരെ നിർണയിക്കണമെന്നു സർക്കാർ വാദിച്ചു. എന്നാൽ, വിദ്യാഭ്യാസാവകാശ നിയമം പരിശോധിച്ചാൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ പാലിക്കണമെന്നു വ്യക്തമാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം സ്‌കൂൾ അടിസ്ഥാനത്തിലാക്കുന്നതിൽ വലിയ അപകടമുണ്ട്.

സ്‌കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന ആകെ കുട്ടികളുടെ എണ്ണം 61 മുതൽ 90 വരെയാണെങ്കിൽ മൂന്ന് അദ്ധ്യാപകരെ വച്ച് സ്‌കൂൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. അങ്ങനെ വരുന്നതു വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു നിരക്കുന്നതല്ല. മാത്രമല്ല, അത്തരം സാഹചര്യത്തിൽ മിനിമം പ്രവൃത്തിദിനങ്ങൾ/ പഠന മണിക്കൂറുകൾ ഉറപ്പാക്കാൻ തടസ്സമാകും. നിയമത്തിൽ നിഷ്‌കർഷിക്കുന്ന നിലവാരവും വ്യവസ്ഥകളും തൃപ്തികരമായി പാലിക്കാത്ത സ്‌കൂളുകൾക്ക് അംഗീകാരം നൽകരുതെന്നു നിയമത്തിൽ പറയുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നു മൂന്നു വർഷത്തിനകം അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം അധികൃതർ ഉറപ്പാക്കണമെന്ന വ്യവസ്ഥയും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കോടതി വിധിയോടെ കുട്ടികളുടെ എണ്ണം വർധിച്ച സ്‌കൂളുകളിൽ പുതിയ അദ്ധ്യാപക തസ്തികകൾ അനുവദിക്കേണ്ടിവരും. കഴിഞ്ഞ വർഷം പുനർവിന്യസിക്കപ്പെട്ട നാലായിരത്തോളം അദ്ധ്യാപകർക്ക് വീണ്ടും സ്വന്തം സ്‌കൂളുകളിലേക്കു മടങ്ങാനും കോടതിവിധി വഴിയൊരുക്കും. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:45 ആയി നിശ്ചയിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയതോടെ പുതിയ അനുപാതത്തിലുള്ള തസ്തികനിർണയത്തിന് സർക്കാർ ഉത്തരവിറക്കേണ്ടിവരും.

കേരള വിദ്യാഭ്യാസനിയമമല്ല, കേന്ദ്ര വിദ്യാഭ്യാസനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന ഹൈക്കോടതി വിധി തുടർന്നുള്ള നിയമപോരാട്ടങ്ങളിലും നിർണായകമാകും. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ പാലിക്കണമെന്ന കോടതി നിർദ്ദേശവും അദ്ധ്യാപകർക്ക് പ്രയോജനപ്പെടും. മാനേജ്‌മെന്റുകളും ഈ ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതേസമയം, പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരുന്നത് സർക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP